നിലമ്പൂര്‍: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിതീകരിച്ച നിലമ്പൂര്‍ കരുളായി മുണ്ടക്കടവ് കോളനിയിലും പരിസരത്തും പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഇവിടെ വെച്ച് പോലീസും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ വെടിവെപ്പ് നടത്തിയിരുന്നു. കോളനിയിലെത്തിയ ഏഴംഗ സംഘം ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുകയും കോളനിവാസികള്‍ക്ക് വേണ്ടി ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടും പൂക്കോട്ടുംപാടം എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിലുള്ള സംഘവും കോളനിയിലെത്തി. ഈ സമയം നിലമ്പൂര്‍ സിഐ കെ.എം.ദേവസ്യയുടെയും കരുവാരക്കുണ്ട് എസ്ഐ ജ്യോതീന്ദ്രകുമാറിന്റെയും നേതൃത്വത്തിലുള്ള രണ്ടു തണ്ടര്‍ബോള്‍ട്ട് ടീമുകള്‍കൂടി സ്ഥലത്തെത്തി.
സംഘത്തെ പിന്തുടര്‍ന്ന പോലീസിനു നേരെ സമീപത്തെ കാട്ടില്‍ നിന്നും വെടിയുതിര്‍ത്ത് മാവോവാദികള്‍ രക്ഷപ്പെടുകയായിരുന്നു. രാത്രി പോലീസ് കോളനിയിലും സമീപത്തും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. 11 മണിയോടുകൂടി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്രയും പെരിന്തല്‍മണ്ണ ഡി വൈ എസ് പി മോഹനചന്ദ്രനും സ്ഥലത്തെത്തി. രാത്രി പുലരുവോളം വനത്തില്‍ തിരച്ചില്‍ നടന്നു.
തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന സോമനെ മാത്രമാണ് പോലീസ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരെല്ലാം അന്യ സംസ്ഥാനക്കാരാണ്. പോലീസ് രാത്രി കോളനിയിലെ വീടുകളിലും പരിശോധന നടത്തി. കൂലിവര്‍ധനവ് അടക്കമുള്ള അവകശങ്ങള്ക്ക് സമരം ചെയ്യാനുള്ള ആഹ്വാനം നല്‍കിയതായും മാവോവാദി ഇടപെടല്‍ മൂലമാണ് പാട്ടക്കരിമ്പിലെ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചതെന്നും യോഗത്തില്‍ പറഞ്ഞതായി കോളനിനിവാസികള്‍ പറയുന്നു. കമ്യൂണിറ്റി ഹാളില്‍ മാവോ അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത് രാത്രിതന്നെ പോലീസ് ഇത് നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: