നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്നോണം ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തിയാവുന്നു. ഓപ്പറേഷന് തിയറ്റര്‍ കെട്ടിടത്തിന് മുന്നില്‍ ഒരു മാസം മുമ്പ് ജനറേറ്റര്‍ സ്ഥാപിച്ചെങ്കിലും ഇതുവരെ കണക്ഷന് നല്‍കിയിട്ടില്ല. പതിനഞ്ച് ദിവസത്തിനുള്ളില്‍ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നെങ്കിലും അത് വെറും വാക്കായി.
ഇപ്പോള്‍ വൈദ്യുതി ഇടക്കിടെ തടസപ്പെടുന്നുണ്ട്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍ എന്നിവ ഇതുമൂലം മുടങ്ങുകയാണ്. നേരത്തെ 10 കെവിഎയുടെ ജനറേറ്റര്‍ പ്രതിദിനം 3000 രൂപ വാടകക്കെടുത്താണ് ഉപയോഗിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് പലതവണ ജനറേറ്റര്‍ സ്ഥാപിക്കാനൊരുങ്ങുകയും നിരന്തരം അത് മുടങ്ങുകയും ചെയ്തതോടെ സംഭവം വിവാദമായി. പഴയ ജനറേറ്റര്‍ മാറ്റി പുതിയ ജനറേറ്റര്‍ വെക്കുന്നതിന് 31.30 ലക്ഷം രൂപക്കാണ് കെല്ലിന് ടെണ്ടര്‍ നല്‍കിയിരുന്നത്. ഇതില്‍ തന്നെ 75000രൂപ കുറച്ചാണ് കെല് ജനറേറ്റര്‍ നല്‍കിയത്. നേരത്തെയുള്ള ജനറേറ്റര്‍ ഒഴിവാക്കിയെങ്കിലും പുതിയതിന് കണക്ഷന് നല്‍കിയില്ല. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഡയാലിസിന്റെ രണ്ടു യൂണിറ്റും, നാലു ശസ്ത്രക്രിയയും മുടങ്ങി. കൂടാതെ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സമയവും ജില്ലാ ആശുപത്രി ഇരുട്ടിലായിരുന്നു.
ജനറേറ്റര്‍ എന്നുമുതല്‍ പ്രവര്‍ത്തിക്കാനാകുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ക്ക് സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: