തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യം തിരിച്ചറിയുന്നതിനും പരിഹാരബോധനം നടത്തുന്നതിനുമായി അദ്ധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന അന്താരാഷ്ട്ര സെമിനാര്‍ നിര്‍ദ്ദേശിച്ചു. ബുദ്ധിപരമായ കഴിവുണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നത് സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യമാണ്. സമൂഹത്തില്‍ പല മേഖലകളിലും വലിയ സംഭാവനകള്‍ അര്‍പ്പിച്ച മഹാന്മാരില് പലരും ഇത്തരം അവസ്ഥയുള്ളവരായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ചൂണ്ടിക്കാട്ടി.
പഠനവൈകല്യം എത്രയും നേരത്തെ തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിച്ചാല്‍ സമൂഹത്തിനും, രാജ്യത്തിനും ഒട്ടേറെ നേട്ടങ്ങള്‍ നല്കാന് കഴിവുള്ളവരായി ഇക്കൂട്ടര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന് അകത്തും പുറത്തും നിന്നായി 350 പേര് പങ്കെടുത്ത രണ്ട് ദിവസത്തെ സെമിനാറിലെ പ്രൗഢമായ പ്രബന്ധങ്ങള്‍ ശ്രദ്ധേയമാണെന്ന് സെമിനാറിന് നേതൃത്വം നല്കിയ ലൈഫ് ലോംഗ് ലേണിംഗ് വകുപ്പ് മേധാവി ഡോ.ഇ.എ.മനോജ് എം.ജി സര്‍വകലാശാലാ ബിഹേവിയറല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ.മുഹമ്മദ് മുസ്തഫ എന്നിവര്‍ അറിയിച്ചു. കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസോര്‍ഡേഴ്സ്, കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സിലേഴ്സ് അസോസിയേഷന്, സ്പാസ്റ്റിക് സൊസൈറ്റി ഓഫ് തമിഴ്നാട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: