ടെക്സാസ്: കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘മുതല മത്സ്യം’ മീൻ പിടുത്തക്കാരനു നൽകിയ വാലുകൊണ്ടുള്ള ചൂടൻ കരണത്തടി. സംഭവം നടക്കുന്നത് ടെക്സാസിലുള്ള ഒരു തടാകത്തിലാണ്.
പ്രദേശത്തെ പ്രശസ്തരായ മീൻ പിടുത്തക്കാരനാണ് ക്യാപ്ടൻ ബൂബ ബെഡ്രെ. ബൂബയും മറ്റ് രണ്ട് സഹപ്രവർത്തകരും തടാകത്തിൽ മീൻ പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇതിനിടയിൽ ഇവർക്ക് ഭീമാകാരനായ ഒരു മുതല മത്സ്യം ലഭിച്ചു. എല്ലാവർക്കും വളരെയധികം സന്തോഷമായിരുന്നു. മീനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ബൂബ തന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു.
മത്സ്യത്തെ എടുത്തുയർത്തി ഫോട്ടോക്ക് മുഖം കൊടുക്കുന്ന തന്റെ സഹപ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് മത്സ്യവും പ്രതികാരം ചെയ്യുമെന്ന് ബൂബയ്‌ക്ക് മനസിലായത്. മറ്റൊന്നുമല്ല മീനെ കൈകളിലേന്തി നിൽക്കുന്ന തന്റെ കൂട്ടാളികളിലൊരാളുടെ കരണത്തിന് മത്സ്യം വാലു കൊണ്ട് അടിച്ചാണ് പ്രതികാരം ചെയ്തത്. അടിയുടെ ആഘാതത്തിൽ കൂട്ടാളി വെള്ളത്തിൽ വീണു പോകുകയായിരുന്നു.
ഈ ദൃശ്യങ്ങളെല്ലാം ബൂബയുടെ മൊബൈൽ ക്യാമറയിൽ വ്യക്തതയോടെ പതിഞ്ഞിട്ടുണ്ട്. എന്തായാലും മത്സ്യത്തിന്റെ മധുര പ്രതികാരത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൻ ഹിറ്റാണ്.
















