കൊച്ചി: രാജ്യാന്തര വിമാനത്താവളകമ്പനി (സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 % ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോര്‍ഡ് ശുപാര്‍ശ പൊതുയോഗത്തില്‍ അവതരിപ്പിച്ചു. ഓഹരി ഉടമകള്‍ക്ക് ഇതുവരെ ലഭിച്ചത് 178 % ലാഭവിഹിതമാണ്.
സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം 7.77 ദശലക്ഷം യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 21.20 %. വിമാനത്താവളത്തില്‍ 13.4 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ പ്ലാന്റ് ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. 15.4 മെഗാവാട്ട് ശേഷിയുള്ള നിലവിലുള്ള പ്ലാന്റുകളില്‍ നിന്നും ആഗസ്റ്റ് 31 വരെ 2.53 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. പ്രതിദിനം 1,15,000 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതോടെ നിലവിലുള്ള ഊര്‍ജോല്‍പ്പാദനം ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ 28.8 മെഗാവാട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
മന്ത്രിയും ഡയറക്ടറുമായ വി.എസ്. സുനില്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ കെ. റോയ് പോള്‍, എം.എ. യൂസഫലി, എ.കെ. രമണി, എന്‍.വി. ജോര്‍ജ്, സി.വി. ജേക്കബ്, ഇ.എം. ബാബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
















