തിരുവല്ല: ജില്ലയിലെ പ്രധാന വൈഷ്ണവ ആരാധനാലയമായ ശ്രീവല്ലഭമഹാക്ഷേത്രത്തിലെ മതില്ക്കെട്ടിനുളളില് കെട്ടിക്കിടക്കുന്ന മാലിന്യം മൂലം പരിസരം ചീഞ്ഞു നാറുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉളള ശ്രീവല്ലഭ ക്ഷേത്ര മതില്ക്കെട്ടിനുളളില് കെട്ടിക്കിടക്കുന്ന വന്‍ തോതിലുളള മാലിന്യമാണ് ഭക്തജനങ്ങള്‍ ഉള്‍പ്പടെ ഉളളവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. ക്ഷേത്രത്തിന് പിന്‍വശത്തെ സദ്യാലയത്തിന് മുമ്പിലാണ് വലിയ തോതില്‍ മിലിന്യം കെട്ടിക്കിടക്കുന്നത്. പുഴു അരിച്ച് കിടക്കുന്ന മാലിന്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം ഈ ഭാഗത്തേക്ക് കടന്നു ചെല്ലാനാവാത്ത അവസ്ഥയായിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. വിവാഹ സദ്യകള്‍ക്കും മറ്റും ശേഷം വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, ഇലകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഡിസ്പോസിബിള്‍ ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. സദ്യ ഏറ്റെടുക്കുന്ന കരാറുകാര്‍ മതില്‍ക്കെട്ടിന് ഉളളില്‍തന്നെ മാലിന്യം ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് കടുന്ന ദുര്‍ഗന്ധത്തിന് ഇടയാക്കുന്നത്.
സദ്യകള്‍ക്കും മറ്റും ശേഷം ഉണ്ടാകുന്ന മാലിന്യങ്ങള്‍ അടക്കം ചെയ്യാന്‍ പിന്‍വശത്തെ സദ്യാലയത്തിന് സമീപത്തായി ഒരുലക്ഷത്തോളം രൂപ ചെലവഴിച്ച് ദേവസ്വം ബോര്‍ഡ് സംസ്ക്കരണ പ്ലാന്റ് നിര്‍മിച്ചിരുന്നു. എന്നാല്‍ നിര്‍മാണത്തിലെ അപാകത മൂലം ഇത് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ദേവസ്വം ബോര്‍ഡ് അധികൃതരില്‍ ചിലരും കരാറുകാരനും തമ്മില്‍ നടത്തിയ ഒത്തുകളിയാണ് നിര്‍മാണത്തിന്റെ അപാകതയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നുണ്ട്. സദ്യകള്‍ക്ക് ശേഷം വരുന്ന മാലിന്യങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ക്ഷേത്രം ബുക്ക് ചെയ്യുന്നവര്‍ തന്നെ നീക്കം ചെയ്യണമെന്നതാണ് ക്ഷേത്ര ഉപദേശക സമിതിയുടെ പുതിയ തീരുമാനം. ഇത് സ്വീകാര്യമല്ലാത്തവര്‍ക്ക് ക്ഷേത്രവും സദ്യാലയവും വിട്ടുനല്‍കേണ്ടെന്ന തീരുമാനം ഈ മാസം ഒന്നുമുതല്‍ കര്‍ശനമായി നടപ്പിലാക്കിയതായും ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: