പാലക്കാട്: ബംഗളൂരുവില്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചതില്‍ പാലക്കാട് നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും ധനനഷ്ടമുണ്ടായിട്ടില്ലെന്നും പ്ലാന്റ്പതിനിധികളുടെ ചെലവിലാണ് കൗണ്സിംഗങ്ങള് മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചതെന്നും ചെയര്‍പെഴ്സണ്‍ പ്രമീള ശശിധരന് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. മാലിന്യം വേര്‍തിരിച്ചു ജൈവവളമാക്കുന്നതും അല്ലാത്തതുമായ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളാണ് അവിടെ കാണാനായത്. നാലരക്കോടി രൂപ ചെലവ് വരുന്ന ഇതേ മാതൃകയിലുള്ള പ്ലാന്റ് പാലക്കാട് നഗരസഭയില്‍ സ്ഥാപിക്കുന്നതിന് എല്ലാവരുടേയും സഹായം ആവശ്യമുണ്ടെന്നും ചെയര്‍പെഴ്സണ്‍ പറഞ്ഞു.
മാലിന്യപ്ലാന്റിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അനവശ്യ ബഹളമുണ്ടാക്കിയപ്പോഴാണ് ചെയര്‍പെഴ്സണ്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ബംഗളൂരുവിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയച്ചതില്‍ തങ്ങളുടെ അംഗങ്ങളെ ആരേയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് മുസ്ലിംലീഗ് അംഗം സെയ്തലവിയാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നഗരസഭയുടെ പണം ഉപയോഗിച്ചു നടത്തിയ യാത്രയില്‍ ചില പാര്‍ട്ടിയുടെ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിക്ക് ഡിപിആര്‍ തയ്യാറാക്കിയതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ആവശ്യമുള്ളൂവെന്നും പ്രതിപക്ഷ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെയര്‍പെഴ്സണ്‍ മറുപടി നല്കി. ബംഗളൂരു യാത്ര പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് സിപിഎമ്മിന്റെ രണ്ടംഗങ്ങള്‍ സന്ദര്‍ശക സംഘത്തിലുണ്ടായതെന്നും ചെയര്‍പെഴ്സണ്‍ അറിയിച്ചു. ലീഗ് അംഗങ്ങളെ അറിയിക്കാത്തത് മന:പൂര്‍വമല്ലെന്നും ചെയര്‍പെഴ്സണ്‍ വ്യക്തമാക്കിയതോടെയാണ് രംഗം ശാന്തമായി.
മാലിന്യ നീക്കവും നാല്ക്കാലി പ്രശ്നവും തെരുവ് നായകള്‍ ഉയര്‍ത്തുന്ന ഭീഷണിയുമായിരുന്നു കൗണ്‍സില്‍ യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍. മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് നശിച്ചു കൊണ്ടിരിക്കുകയാണെന്നും പലതും അടച്ചു പൂട്ടിയതായും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ സമീപമുളള വിദേശ മദ്യഷാപ്പ് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ സെയ്തലവി ആവശ്യപ്പെട്ടു. വാര്‍ഡുകളിലേക്കനുവദിച്ച ജനറല്‍ ഫണ്ടുകള്‍ ചില വാര്‍ഡുകളിലേക്ക് മാത്രമായി വകമാറ്റുന്നത് അന്വേഷിക്കണമെന്ന് എസ്.ആര്. ബാലസുബ്രമണ്യം ആവശ്യപ്പെട്ടു. നഗരസഭയില്‍ കേടായ തെരുവു വിളക്കുകള്‍ പല വാര്‍ഡുകളിലും മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. എല്ലാ വാര്‍ഡുകളിലേക്കും ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍പെഴ്സണ്‍ ഉറപ്പു നല്കി. ബി രഞ്ജിത്ത്, സുദേഷ്, കുമാരി, മണി, എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: