അങ്ങാടിപ്പുറം; മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ അന്തപുരരഹസ്യങ്ങളും അങ്ങാടിപ്പാട്ടാകുന്നു. ലീഗിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ്(എം) മങ്കട നിയോജക മണ്ഡലം കമ്മറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. ലീഗിന്റെ പ്രത്യേക താല്പര്യത്തില് നിര്‍മ്മിച്ച അങ്ങാടിപ്പുറം മേല്‍പ്പാലം നാട്ടുകാര്‍ക്ക് ബാധ്യതയായെന്നാണ് കേരള കോണ്‍ഗ്രസ് തുറന്നടിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് അങ്ങാടിപ്പുറത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത്. പാലംപണിയാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ യുഡിഎഫ് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അന്ന് മുന്നണി മര്യാദകളുടെ പേരില്‍ മൗനം പാലിച്ചവരാണ് ഇപ്പോള്‍ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അങ്ങാടിപ്പുറം മേല്‍പ്പാലത്തേക്കാള്‍ ആവശ്യം ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് ആയിരുന്നെന്നും ഇത് കേരള കോണ്‍ഗ്രസ് തുടക്കത്തിലെ പറഞ്ഞതാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. പാലം വന്നതുകാരണം കുരുക്ക് കുറഞ്ഞില്ലെന്ന് മാത്രമല്ല അങ്ങാടിപ്പുറത്തിന്റെ വികസനത്തെ തന്നെ പിന്നോട്ട് അടിച്ചിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
അതേസമയം, ദീര്‍ഘ വീക്ഷണമില്ലാതെ മുസ്ലീം ലീഗിലെ ചില സ്ഥാപിത താല്പര്യക്കാര് വികസനമെന്ന പേരില്‍ നടത്തിയ ഈ കാട്ടിക്കൂട്ടലിനെതിരെ സര്‍വ്വ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. അങ്ങാടിപ്പുറത്തെ ഭൂരിപക്ഷം വ്യാപാരികളും ലീഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മേല്‍പ്പാലം വന്നതു കാരണം നിരവധി വ്യാപാരികളാണ് കടക്കെണിയിലായത്. അങ്ങാടിപ്പുറത്തെ ഏറെ പ്രശസ്തമായ ഒരു ഹോട്ടല്‍ കഴിഞ്ഞ ആഴ്ച പൂട്ടിപോയതും മേല്‍പ്പാലത്തിന്റെ ബാക്കിപത്രമാണ്. ഒരുകാലത്ത് ഏറെ തിരക്ക് ഉണ്ടായിരുന്ന ഇവിടെ മേല്‍പ്പാലം വന്നതോടുകൂടി ആളുകള്‍ക്ക് എത്തിപ്പെടാനാവാതെയായി. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് മേല്‍പ്പാലത്തിന്റെ ദുരന്തഫലം പേറുന്നത്. എന്നാല്‍് ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ പുനരധിവാസം നടത്താനോ മേല്‍പ്പാലത്തിന് മുന്നിട്ടിറങ്ങിയവര്‍ ശ്രമിക്കുന്നില്ല
അങ്ങാടിപ്പുറത്ത് മേല്‍പ്പാലം വന്നാലും ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പു നല്‍കിയിരുന്നു. മങ്കടയിലും പെരിന്തല്‍മണ്ണയിലും ലീഗ് പ്രതിനിധികള്‍ തന്നെയാണ് ജയിച്ചു കയറിയതും. എന്നാല്‍ ആരും ഈ കാര്യത്തിന് വേണ്ടി ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: