എടപ്പാള്‍: എല്ലാതരത്തിലും മുന്നിലാണെന്ന് വാദിക്കുന്ന കേരളത്തെ രാജ്യത്തിന് മുന്നില്‍ നാണംകെടുത്തികൊണ്ട് ജില്ലയില്‍ പട്ടിണി മരണം സംഭവിച്ചിരിക്കുന്നു. എടപ്പാള്‍ വടക്കത്ത്കുന്നത്ത് ശോഭന(55) എന്ന വീട്ടമ്മയാണ് മരിച്ചത്. പതിനഞ്ച് ദിവസം പട്ടിണി കിടന്ന ഇവര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഇരുപത്തിരണ്ടുകാരിയായ മകള്‍ അവശനിലയില്‍ ആശുപത്രിയിലാണ്. ആരാലും എത്തിപ്പെടാനാവാത്ത ആദിവാസി കോളനിയിലൊന്നുമല്ല സംഭവം നടന്നിരിക്കുന്നത്. എടപ്പാള്‍ നഗരത്തിലാണ്, അതും ജില്ലയിലെ ഏക മന്ത്രിയുടെ മണ്ഡലത്തില്‍. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ജില്ലാ-സംസ്ഥാന ഭരണകൂടങ്ങള്‍ തികഞ്ഞ പരാജയമാണെന്ന് വ്യക്തമാകുകയാണിവിടെ.
ദിവസങ്ങളായി പുറത്തേക്ക് കാണാതിരുന്ന ശോഭനയേയും മകളെയും അന്വേഷിച്ച് അയക്കാര് എത്തിയപ്പോഴേക്കും ശോഭന മരണത്തിന് കീഴടങ്ങിയിരുന്നു. ദിവസങ്ങളായി ആഹാരം കഴിക്കാത്തതാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു. സമൂഹ മനസാക്ഷിയെ നാണിപ്പിക്കുന്ന പട്ടിണി മരണത്തിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യം ഉയരുകയാണ്. ജനങ്ങളുടെ സുരക്ഷക്കും ആരോഗ്യസംരക്ഷണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അത് കൃത്യമായി തദ്ദേശ സ്ഥാപനങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. എന്നാല്‍ വിവാദ പ്രസ്താവനകള്‍ നടത്താനല്ലാതെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് മറ്റൊന്നിനും കഴിയുന്നില്ല.
ആയിരകണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഒരു അമ്മയും മകളും പതിനഞ്ച് ദിവസം പട്ടിണി കിടന്നെങ്കില്‍ അതിന് ഉത്തരവാദി ഭരണാധികാരികള്‍ തന്നെയാണ്. ഗള്‍ഫ് പ്രതിസന്ധി സമയത്ത് അവിടേക്ക് ഉല്ലാസയാത്ര പോകാന്‍ ശ്രമിച്ചയാളാണ് തവനൂര്‍ എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീല്‍. അതിന്റെ നൂറിലൊരംശം ഉത്തരവാദിത്വം സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് കാണിച്ചിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന് മുന്നില്‍ കേരളത്തിന് തലകുനിക്കേണ്ടി വരില്ലായിരുന്നു. പ്രധാനമന്ത്രി കേരളത്തെ സോമാലിയുമായി താരതമ്യപ്പെടുത്തിയ സമയത്ത് അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് ഇവിടുത്തെ ഇടതുവലത് മുന്നണികള്‍. കേരളം സോമാലിയ പോലെയല്ലെന്ന് തെളിയിക്കാന്‍ പോലുമാകാതെ നിരന്തരം പട്ടിണി മരണങ്ങള് സംഭവിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കുന്നില്ല.
ശോഭനക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ അവരെ കയ്യൊഴിഞ്ഞിരുന്നു. എടപ്പാള്‍ നഗരത്തോട് ചേര്‍ന്ന് വന്‍തുക വിലമതിക്കുന്ന ഭൂസ്വത്ത് ഇവരുടെ പേരിലുണ്ടെങ്കിലും അതില്‍ ആദായമൊന്നുമില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനായിരുന്ന ആകെയുള്ള വരുമാനം. എന്നാല്‍ കുറച്ചുനാളുകളായി അതും കൈപ്പറ്റുന്നില്ല. പെന്ഷന് വീട്ടിലെത്തിച്ച് നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദ്ധാനം പാലിക്കപ്പെട്ടിരുന്നെങ്കില്‍ ഇവരുടെ പട്ടിണി കുറച്ചുനാള്‍ മുമ്പെങ്കിലും ലോകം അറിയുമായിരുന്നു. രോഗാവസ്ഥയിലുള്ളവരെ വീടുകളിലെത്തി പരിചരിക്കുന്ന സംവിധാനവും നിലവിലുണ്ട്. ആശാ വര്‍ക്കര്‍മാരെയും പ്ര്ത്യേക വാളണ്ടിയര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുമുണ്ട്. പക്ഷേ അവരും ശോഭനയുടെയും മകളുടെയും ദുരവസ്ഥ ശ്രദ്ധിച്ചില്ല.
ശോഭനയുടെ വീട് ഉള്‍പ്പെടുന്നത് വട്ടംകുളം പഞ്ചായത്തിലാണ്. ഈ പഞ്ചായത്ത് വര്‍ഷങ്ങളായി ഭരിക്കുന്നതാകട്ടെ എല്‍ഡിഎഫും. എടപ്പാള്‍, കുറ്റിപ്പുറം ഭാഗങ്ങളില്‍ സമീപകാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയും അഞ്ചോളം ആളുകള്‍ കോളറ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല.
നിലമ്പൂരിലെ ആദിവാസി കോളനികളിലും ദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട്. കാടിനുള്ളില്‍ താമസിക്കുന്ന ചോലനായ്ക്കരെ നാട്ടിലെത്തിച്ച് ചികിത്സ നല്കാന് പോലും സര്‍ക്കാരിനാവുന്നില്ല. വനത്തില്‍ മരകൂപ്പ് നടത്തുന്ന വന്‍കിട മുതലാളിമാരെയാണ് സര്‍ക്കാര്‍ ചോലനായ്ക്കരുടെ സംരക്ഷണം ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നു. സ്വന്തം വാഹനത്തില്‍ കയറ്റി ഒരു ചോലനായ്ക്കനെ നിലമ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ 3000 രൂപ സര്‍ക്കാര്‍ നല്‍കും. ആഴ്ചയില്‍ രണ്ടുംമൂന്നും യാതൊരു രോഗവുമില്ലാത്ത ആദിവാസികളെ ഇത്തരത്തില്‍ കൂപ്പ് മുതലാളിമാര്‍ ആശുപത്രിയില്‍ എത്തിക്കുന്നു. ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സര്‍ക്കാരാണ് നിലവില്‍ കേരളം ഭരിക്കുന്നത്. ആശയപരമായി എതിര്‍ക്കുന്നവരെ കൊന്നുതള്ളുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതിനിടയില്‍ പട്ടിണി മരണങ്ങള് സംഭവിക്കുന്നതില്‍ അത്ഭുതമില്ല. കേരളത്തിലെ ജനങ്ങളുടെ വിധിയെന്ന് ആശ്വസിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: