കോഴിക്കോട്: തുണിത്തരങ്ങളില്‍ നവീന രീതിയിലുള്ള ഡിസൈനുകള്‍ അവതരിപ്പിച്ച് ഖാദി ഉല്പന്നങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലൂടെ മാത്രമേ ഖാദി മേഖലയുടെ വികാസം സാദ്ധ്യമാകൂ എന്ന് കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ ക്യാബിനറ്റ് വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര പറഞ്ഞു. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി കോഴിക്കോട് സര്‍വ്വോദയ സംഘം ഖാദി ഗ്രാമോദേ്യാഗ് എമ്പോറിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. ഖാദി മേഖലയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഗ്രാമങ്ങളില്‍ ഖാദി പ്രദര്‍ശിനി നടത്തണമെന്നും അദ്ദേഹം ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ സംസ്ഥാന ഡയറക്ടര്‍ ഐ. ജവഹര്‍, കെവിഐസി എക്‌സിക്യുട്ടീവ് ആര്‍.എസ്. ദിലീപ്കുമാര്‍, കയര്‍ബോര്‍ഡ് സെക്രട്ടറി. എം. കുമാരരാജ, കോഴിക്കോട് സര്‍വ്വോദയ സംഘം സെക്രട്ടറി എം. പരമേശ്വരന്‍, ഖാദി ഗ്രാമോദേ്യാഗ് എമ്പോറിയം മാനേജര്‍ എം.കെ. ശ്യാംപ്രസാദ്, അസിസ്റ്റന്റ് മാനേജര്‍ ടി. ഷൈജു കൂടാതെ ഖാദി ഉദേ്യാഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. കോഴിക്കോട് സര്‍വ്വോദയ സംഘത്തിന്റെ വികസനത്തിനുവേണ്ടി വിശദമായ മാസ്റ്റര്‍പ്ലാന്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ബിജെപി മീഡിയാ സെല്‍ മലപ്പുറം ജില്ലാകണ്‍വീനര്‍ മഠത്തില്‍ രവി, ഐടി കണ്‍വീനര്‍ ജീവന്‍ലാല്‍ രവി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
















