കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിനുശേഷം മടങ്ങിപ്പോവുന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കും ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനും പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഇന്നലെ വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലായിരുന്നു യാത്രയയപ്പ്.
റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണ കമ്മിറ്റി പവലിയനില്‍ എത്തിയ ഇരുവരെയും മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ജയ്ജയ് ബിജെപി, ജയ്ജ് ഭാരത്മാതാ വിളികള്‍ നിറഞ്ഞുനിന്ന് അന്തരീക്ഷത്തില്‍ ആരതിയുഴിഞ്ഞാണ് സ്വീകരണ കമ്മിറ്റി പവലിയനിലേക്ക് ഇരുവരെയും സ്വീകരിച്ചത്. സി.കെ. തങ്കമാണ് ആരതിയുഴിഞ്ഞത്. പി.പി. ഇന്ദിര, ഹേമലത തമ്പാട്ടി, സേഷ്മ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ജിലേബിയും ഉണ്ണിയപ്പവും നല്‍കി. കായവറുത്തത്, നേന്ത്രപഴം, വെളിച്ചെണ്ണ,പുല്‍ത്തൈലം എന്നിവ തോപ്പന്‍ഭായി അമിത്ഷായ്‌ക്ക് നല്‍കി. തുടര്‍ന്ന് വിഐപി ലോഞ്ചിലെത്തി അല്പസമയം വിശ്രമിച്ചു.
നാലു മണിയോടെയാണ് കണ്ണൂരില്‍ നിന്നും എറണാകുളത്തേയ്‌ക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് റെയില്‍ വേസ്റ്റേഷനില്‍ എത്തിയത്. തീവണ്ടിയില്‍ കയറാനായി പുറത്തിറങ്ങിയ അമിത്ഷായ്‌ക്കും സംഘത്തിനും ബിജെപി പ്രവര്‍ത്തകരും സുരക്ഷാ സേനാംഗങ്ങളും പോലീസും ചേര്‍ന്ന് വഴിയൊരുക്കി.
തീവണ്ടിയില്‍ കയറുമ്പോള്‍ ജയ് ജയ് വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി. പ്രവര്‍ത്തര്‍ക്കു നേരെ കൈവീശി അമിത്ഷാ യാത്ര പറഞ്ഞു. തീവണ്ടി കണ്‍മുമ്പില്‍ നിന്നുമായുന്നതുവരെ പ്രവര്‍ത്തകരുടെ ജയ്ജയ് വിളികള്‍ മുഴങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്ന് രാത്രി 9.30 നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ അമിത്ഷായും ബി.എല്‍. സന്തോഷും ന്യൂദല്‍ഹിയിലേക്ക് യാത്രയായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവര്‍ വിമാനത്താവളം വരെ ഇരുവരെയും അനുഗമിച്ചു. ബിജെപി, വിവിധ മോര്‍ച്ച സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളും സ്വാഗതസംഘം ഭാരവാഹികളും യാത്രയയക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയിരുന്നു.
















