പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യായീകരണവുമായി വനംവകുപ്പ് ഉദ്യേഗസ്ഥര്‍ രംഗത്ത്. ആനസവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കുട്ടികളുടെ പാര്‍ക്കിനെ അവഗണിക്കുന്നതുമടക്കമുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പദ്ധതി അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ അനകളുടെ അരോഗ്യസ്ഥിതി പരിഗണിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആന സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ആനത്താവളത്തിലെ ലക്ഷ്മിയെന്ന കുട്ടിയാന ചരിഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണം. പരിശോധനയില്‍ ആനകള്‍ക്ക് ഹെര്‍പ്പിസ് വൈറസ് ബാധയുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആനകള്‍ക്ക് ആന്റിവൈറസ് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ വിശ്രമം ആവശ്യമായതിനാലാണ് ആന സവാരിയുടെ എണ്ണം വെട്ടിക്കുറച്ചത്. ഇപ്പോള്‍ ദിവസം ഒരു ആനയെ മാത്രമാണ് സവാരിക്കായി ഉപയോഗിക്കുന്നത്. രാവിലെ 9 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ 5വരെയും മാത്രമാണ് സവാരിക്ക് അവസരം. ദിവസവും 10 സവാരിയായി നിജപ്പെടുത്തിയിട്ടുമുണ്ട്. ആനത്താവളത്തിലെ കുട്ടികളുടെ പാര്‍ക്ക് അവഗണിക്കുന്നതായ പരാതിയും വ്യാപകമായിരുന്നു. ഇവയില്‍ പലതും തുരുമ്പെടുത്ത് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഉപയോഗിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പകരമായി 5 ലക്ഷം രൂപാ ചിലവില്‍ പുതിയ എട്ടു റൈഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മൃഗശാലയിലെ കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള തരത്തില്‍ ഫൈബര്‍ റൈഡുകളാണ് പുതുതായി എത്തുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അധികം വൈകാതെ പുതിയ റൈഡുകള്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു പുറമെ ഇപ്പോഴുള്ള ആന മ്യൂസിയത്തിന്റെ നവീകരണത്തിനായി 47 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മ്യൂസിയം കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം പുനരുദ്ധരിക്കും. വീഡിയോ പ്രദര്‍ശനത്തിനുള്ള പ്രൊജക്ടര്‍ പല തവണ തകരാറിലായതിനെ തുടര്‍ന്ന് നാളുകളായി പ്രദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനു പരിഹാരമായി പുതിയ പ്രൊജക്ടര്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. മദപ്പാടിലാകുന്ന ആനകളെ മാറ്റി തളയ്ക്കാന്‍ 15 ലക്ഷം രൂപാ ചിലവില്‍ പ്രത്യേകം ആനത്തറി നിര്‍മ്മിക്കും. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ആനപിണ്ടത്തില്‍ നിന്നും പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനുള്ള യന്ത്രസാമഗ്രികള്‍ അറ്റകൂറ്റപ്പണികള്‍ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സാംസ്ക്കാരിക വകുപ്പിന്റെ ചുമതലയില്‍ ജില്ലാ പൈതൃക മ്യൂസിയത്തിനായി ഇക്കോ ടൂറിസം സെന്ററിലെ 3 കെട്ടിടങ്ങള്‍ വിട്ടുനല്‍കിയിരുന്നു. ഇതിന്റെ പുനരുദ്ധാരണ ജോലികളും പുരോഗമിക്കുന്നു. അടുത്ത ഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: