കോഴിക്കോട്: കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ അതിഥിയായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയത് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍. സസ്യാഹാരിയായ പ്രധാനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അ റിഞ്ഞാണ് ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ ഭക്ഷണമൊരുക്കിയത്. ശനിയാഴ്ച വൈകീട്ട് എത്തിയ പ്രധാനമന്ത്രിക്ക് ആദ്യം നല്‍കിയത് ചുക്കുകാപ്പിയായിരുന്നു. ലഘുപലഹാരങ്ങളായ ഇലയട, പൊക്കവട, വെജിറ്റബിള്‍ ഫ്രൈഡ്‌സ് എന്നിവയും ഒപ്പം നല്‍കി. തുടര്‍ന്നാണ് പ്രധാനമന്ത്രി സാമൂതിരി സ്‌കൂളിലെ സ്മൃതിസംഗമത്തിനായി പുറപ്പെട്ടത്.
സ്മൃതി സംഗമം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തുമ്പോള്‍ രാത്രി ഒന്‍പത് മണിയായി. തുടര്‍ന്ന് അത്താഴം വിളമ്പി. ആദ്യം മഷ്‌റൂം സൂപ്പ് നല്‍കി. പൊറോട്ട, നൈസ് പത്തിരി, വെള്ളപ്പം എന്നിവ നല്‍കി. വെജിറ്റബിള്‍ സ്റ്റ്യൂ, ദാല്‍മക്ക്‌നി എന്നിവയായിരുന്നു കറികള്‍. തുടര്‍ന്ന് ചോറ് വിളമ്പി. എരിശ്ശേരിയും അവിയലും പുളിശ്ശേരിയും ഒപ്പം നല്‍കി. നല്‍കിയ ഭക്ഷണസാധനങ്ങളെല്ലാം രുചിനോക്കിയശേഷം അല്പം കഴിക്കുകയും ചെയ്തു. അത്താഴം കഴിഞ്ഞശേഷം അടപ്രഥമന്‍ പായസവും, ഗുലാബ്ജാമും, വിവിധ പഴങ്ങളും നല്‍കി. പായസം രുചിച്ചുനോക്കി. അത്താഴത്തിനുശേഷം പത്തു മണിയോടെ ഉറങ്ങാന്‍ കിടന്നു.
ഞായറാഴ്ച പുലര്‍ച്ചെ നാലേമുപ്പതോടെയാണ് പ്രധാനമന്ത്രി ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് വ്യായാമം ചെയ്തു. രാവിലെ ആറുമണിയോടെ ഒരു ഗ്ലാസ് ചായ നല്‍കി. എട്ടുമണിയോടെയാണ് പ്രാതല്‍ കഴിക്കാനിരുന്നത്. ദോശ, ഇഡ്ഡലി, വട, ഊത്തപ്പം എന്നിവയായിരുന്നു വിഭവങ്ങള്‍. സാമ്പാറും ചട്ട്ണിയുമായിരുന്നു കറികള്‍. നാലിനം ചട്ട്ണികളാണ് പ്രത്യേകം തയ്യാറാക്കിയിരുന്നത്. അനാര്‍, തണ്ണിമത്തന്‍, ഇളനീര്‍ ജ്യൂസുകളും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇളനീര്‍ ജ്യൂസ് കുടിച്ചില്ല. നല്‍കിയ വിഭവങ്ങളെല്ലാം രുചിച്ചുനോക്കിയ പ്രധാനമന്ത്രി വിഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
ഗസ്റ്റ്ഹൗസിലെ പാചകവിദഗ്ധരായ ടി.ബി. സലിത്ത്കുമാര്‍, പി.ടി. ആകര്‍ഷ് എന്നിവരാണ് ഭക്ഷണം തയ്യാറാക്കിയത്. എ. രാഘവന്‍, എം. ഷമോദ് എന്നിവരാണ് ഭക്ഷണം വിളമ്പിയത്. പ്രധാനമന്ത്രിക്കായി ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയതെന്ന് ഗസ്റ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു.
















