പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലെ റെയില്‍വെ അടിപ്പാത നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ മുമ്പേ ഇതുവഴി ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും ഉപയോഗം തുടങ്ങി. രണ്ടുകോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ഈ പദ്ധതിയുടെ മേല്‍കൂര നിര്‍മാണവും വെള്ളകെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല.
നിര്‍മാണത്തിനായി ഓരോ കോടി രൂപവീതമാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും വഹിക്കുന്നത്. റെയില്‍വെ ട്രാക്ക് തുരന്നു കോണ്‍ക്രീറ്റ് ചതുരപ്പെട്ടികള്‍ റെയില്പാളങ്ങള്ക്കടിയില് സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതിനായി ഒട്ടേറെ മരങ്ങളും വൈദ്യുത തൂണുകളും പിഴുതു മാറ്റിയിരുന്നു. .ട്രെയിന്‍ ഗതാഗതത്തിന് കാര്യമായ തടസ്സം വരാതെയാണ് പണി പൂര്‍ത്തിയാക്കിയത്. മേല്‍പാലം വന്നതോടെ നേരത്തെ ഇവിടെ ഉണ്ടായിരുന്ന റെയിവേഗേറ്റ് റെയിവെ അധികൃതര്‍ കൊട്ടിഅടക്കുകയായിരുന്നു. ഇതുകാരണം കാല്‍നട യാത്രക്കാര്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബസ്്റ്റാന്ഡ്, സ്കൂളുകള്‍, ബാങ്കുകള്‍, കോടതികള്‍, പോലീസ് സ്റ്റേഷന്, നഗരസഭാ കാര്യാലയം മറ്റുസര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായി മാറി. ചെറുകിട വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ 95 ശതമാനം പ്രവര്‍ത്തി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ശേഷിച്ച പണി തീര്‍ന്നാലെ ഉദ്ഘാടനം തീരുമാനിക്കുവാനാകൂ. ഇതിനിടക്കാണ് ബൈക്കുകളും കാല്‍നട യാത്രക്കാരും അടിപ്പാതയിലൂടെയുള്ള സഞ്ചാരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: