മറയൂര്‍: മഴ ലഭിക്കാതെ വന്നതോടെ കീഴാന്തൂരില്‍ കരിമ്പിന്‍പാടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. നഷ്ടത്തിന്റെ കണക്ക് എണ്ണി പറഞ്ഞ് കര്‍ഷകര്‍. കീഴാന്തൂര്‍ മാശിവയലില്‍ പാട്ടത്തിന് എടുത്ത ആറ് ഏക്കറോളം സ്ഥലത്തെ കരിമ്പിന്‍ തോട്ടമാണ് പൂര്‍ണ്ണമായും നശിച്ചത്. ഇതോടെ ജീവിതം വഴിമുട്ടിയതായി ഇവിടെ കൃഷി ഇറക്കിയ നാച്ചിവയല്‍ സ്വദേശി ആറുമുഖം പറയുന്നു.
മഴ ആവശ്യത്തിന് ലഭിക്കാതെ വന്നതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചാലുകളാക്കി മുമ്പ് പ്രദേശത്ത് വെള്ളം എത്തിച്ചിരുന്നെങ്കിലും ജലത്തിന്റെ ദൗര്‍ലഭ്യം മൂലം മലയില്‍ നിന്നും ഇപ്പോള്‍ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഒപ്പം കാട്ടുപന്നിയുടെ ശല്യവും കൃഷിയെ ഒന്നടങ്കം ഇല്ലാതാക്കുകയാണ്. ഒരു ചാക്ക് ശര്‍ക്കരയ്‌ക്ക് 3200 രൂപ ഓണ സമയത്ത് വിലയുണ്ടായിരുന്നത് ഇന്നലെ 2800 ആയി കുറഞ്ഞു. മറയൂര്‍ ശര്‍ക്കരുടെ ഡിമാന്റ് കുറച്ച് കാണിക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നതായും കര്‍ഷകര്‍ക്ക് ആരോപണം ഉണ്ട്. വിലകുറച്ച് വാങ്ങുന്ന ശര്‍ക്കര വന്‍ വിലയ്‌ക്കാണ് ഇടനിലക്കാര്‍ മറിച്ച് വില്‍ക്കുന്നത്. പലിശക്ക് കടംവാങ്ങിയും ഭാര്യയുടെ താലിമാല ഉള്‍പ്പെടെ പണയം വച്ചുമാണ് ഇത്തരത്തില്‍ കൃഷി നടത്തി വരുന്നതെന്ന് ആറുമുഖം പറയുന്നു.
കൃഷി നശിച്ചതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പ്രദേശത്തെ മുഴുവന്‍ കര്‍ഷകരും. സാധാരണ കൃഷി ഇറക്കി അഞ്ച് വര്‍ഷമാണ് കരിമ്പിന്റെ ആയുസ്സ്. വര്‍ഷത്തിലൊരു തവണ വീതമാണ് വിളവെടുപ്പ്. എന്നാല്‍ ആദ്യവിളവെടുപ്പ് മുതല്‍ മൂന്നാം പക്കം വിളവെടുത്ത കൃഷി വരെ ഇവിടെ നശിച്ചിട്ടുണ്ട്. ഇനി മഴ ലഭിച്ചാല്‍ തന്നെയും ഇവ രക്ഷപെട്ട് വരാനുള്ള സാധ്യത കുറവാണെന്നും കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നാളിത് വരെ യാതൊരു സഹായവും ഇവിടുത്തെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുമില്ല.
















