സംസ്കൃതം മൃതമല്ല, അമൃതാണ് പ്രഭയെന്ന സംവിധായകന്. കുട്ടിക്കാലം മുതല്‍ സംസ്കൃതം പഠിക്കുന്നു. മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്കുന്നു. സംസ്കൃത സിനിമയെന്ന വെല്ലുവിളി അതിജീവിക്കാന്‍ പ്രഭയെ പ്രാപ്തനാക്കിയതും ദേവഭാഷയോടുള്ള ഇഷ്ടം തന്നെ.
സംസ്കൃത ഭാഷയിലെ ആദ്യ സാമൂഹിക ഫീച്ചര്‍ സിനിമ- ‘ഇഷ്ടി’യെന്ന സിനിമയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ ഇഷ്ടിയുടെ സവിശേഷതകള്‍ ഈ വാചകത്തിലൊതുക്കുക പ്രയാസം.
ചിലര്‍ക്ക് സ്ത്രീശാക്തീകരണത്തിന്റെ ആഖ്യാനമാണ് ഇഷ്ടി. മറ്റ് ചിലര്‍ക്ക് ഇഷ്ടിയെന്ന വാക്കിന്റെ അര്‍ത്ഥം പോലെ ഇതൊരു ആത്മാന്വേഷണമാണ്. അതല്ല, അന്ധവിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ സാമൂഹ്യമുന്നേറ്റത്തിന്റെ ഓര്മപ്പെടുത്തലുമാകാം ഇഷ്ടി.
1940കളിലെ നമ്പൂതിരി സമുദായത്തിലെ ജീവിതമാണ് ദൃശ്യാവിഷ്കാരമായി മാറിയത്. സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ വി.ടി. ഭട്ടതിരിപ്പാട് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വിപ്ലവമാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് പ്രഭ പറയുന്നു. കുടുംബത്തില്‍ ഏറ്റവും മൂത്തയാള്‍ക്ക് മാത്രമാണ് വിവാഹം കഴിക്കാന്‍ അനുമതിയുള്ളത്. ജ്യേഷ്ഠന് എത്ര വേളി വേണമെങ്കിലുമാകാം. കുടുംബ സ്വത്തുക്കളും ജ്യേഷ്ഠന് അവകാശപ്പെട്ടത്.
ജ്യേഷ്ഠനെ അനുസരിച്ച് മാത്രം ജീവിക്കുന്ന അപ്ഫന്‍ നമ്പൂതിരിമാരുടെ ദയനീയ ചിത്രവും ഇഷ്ടി നല്കുന്നു. കുടുംബനാഥനായെത്തുന്ന നെടുമുടി വേണുവിന്റെ കഥാപാത്രമായ രാമവിക്രമന്‍ നമ്പൂതിരി മൂന്ന് വേളി കഴിച്ചതാണ്. സോമയാഗം നടത്തിയ രാമവിക്രമന്‍ നമ്പൂതിരി അതിരാത്രം നടത്തി അക്കിത്തിരിപ്പാട് ആകാനുള്ള ശ്രമത്തിലാണ്. മകളുടെ പ്രായമുള്ള ശ്രീദേവിയേയാണ് മൂന്നാം വേളി നടത്തുന്നത്. വിദ്യാസമ്പന്നയായ ശ്രീദേവിയേയും നമ്പൂതിരിപ്പാടിന്റെ മകനേയും ചേര്‍ത്ത് കഥകള്‍ പ്രചരിപ്പിക്കപ്പെടുന്നു. പുരുഷാധിപത്യത്തെ അറിവിന്റെ അഗ്നിയിലൂടെ ദഹിപ്പിക്കുകയാണ് ശ്രീദേവി. ആചാരങ്ങള്‍ അനാചാരങ്ങളായിരുന്ന കാലത്തെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നു ഇഷ്ടി.
സംസ്കൃതത്തിലാണ് സിനിമയെങ്കിലും ഭാഷയുടെ അതിര്‍വരമ്പുകള്‍ ആസ്വാദനത്തിന് തടസ്സമാകാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സംസ്കൃതം അറിയാത്തവര്‍ക്കും മനസിലാക്കാന്‍ സാധിക്കും. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ജി. പ്രഭയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മഹാകവി അക്കിത്തം, പാഞ്ഞാള്‍ അതിരാത്രം എന്നിവ പ്രമേയമാക്കി നേരത്തെ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ക്രിയേറ്റീവ് ക്രിയേഷന്‍സാണ് നിര്‍മാണം. ശ്രീദേവിയായി ആതിര പട്ടേലാണ് വേഷമിട്ടത്. ലക്ഷ്മി ഗോപകുമാര്‍, മോഹിനി വിജയന്, അനൂപ് കൃഷ്ണന്, നിവേദിതാ നമ്പൂതിരി, മീനാക്ഷി അരവിന്ദ്, എറീനാ ജെക്കോബി, അനീഷ് അത്തോളി, പ്രജില, മീനാക്ഷി, പ്രീജ മധുസൂദനന്, വാസന്, ടി.എം. ദയാനന്ദന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അക്കിത്തം ആദ്യമായി സിനിമയ്ക്ക് ഗാനരചന നിര്‍വ്വഹിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
കവി പ്രൊഫ.വി.മധുസൂദനന് നായരും ഗാനമെഴുതിയിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സംഗീതം. എല്‍ദോ ഐസക് (ക്യാമറ), പട്ടണം റഷീദ് (ചമയം), കെ.എസ്. രൂപേഷ് (കലാസംവിധാനം), ഇന്ദ്രന്‍സ് ജയന് (വസ്ത്രാലങ്കാരം), പ്രഭീഷ് (നിശ്ചല ഛായാഗ്രഹണം), പി.എസ്. ചന്ദു (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഇഷ്ടിയുടെ അണിയറയിലുണ്ട്.
സംസ്കൃത സിനിമകള്‍ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നില്ല. ഇതിന് ഒരു തിരുത്താണ് ഇഷ്ടി. സംസ്കൃതമാണ് ഏറ്റവും അടുപ്പമുള്ള ഭാഷയെന്നാണ് സംവിധായകന് പ്രഭയുടെ മറുപടി. സിനമയുടെ പ്രമേയത്തോട് ചേര്‍ന്ന് നില്ക്കുന്നതും സംസ്കൃതമാണ്. നിരവധി സിനിമകള്‍ ചെയ്യാനുള്ള ആത്മവിശ്വാസമാണ് ഇഷ്ടി നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: