സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഒരുപാട് ഛിന്നഗ്രഹങ്ങളുണ്ട് സൗരയൂഥത്തില്‍. നീണ്ടും കുറുകിയും പരന്നും ഉരുണ്ടും വിവിധ വലിപ്പത്തിലാണവ. സംഖ്യ ഏതാണ്ട് അഞ്ചുലക്ഷം വരും. മിന്നല്‍ വേഗത്തില്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഇവയുടെ പ്രായം ഏതാണ്ട് സൗരയൂഥത്തിന്റേതുതന്നെ. അതായത് ഭൂമിയുടേയും സൂര്യന്റേയുമൊക്കെ പ്രായം. ഏതാണ്ട് നാലര ശതകോടി വയസ് എന്ന് ഏകദേശ കണക്ക്. ഭൂമിയുടെ ഉത്പത്തിക്കും ജീവന്റെ ജനനത്തിനുമൊക്കെ സാക്ഷികളായിരിക്കാം ഈ മുതുമുത്തശ്ശിമാര്‍.
ഇതൊന്നും വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് ഗവേഷകര്‍ക്കറിയാം. ശാസ്ത്രം സത്യമാണ്. അത് പരീക്ഷിച്ചറിയുകതന്നെ വേണം. പരീക്ഷിക്കണമെങ്കില്‍ ഛിന്നഗ്രഹത്തിലൊരുവന്റെ പാറകള്‍ മാന്തിക്കൊണ്ടുവരണം. അതും കോടാനുകോടി പ്രകാശവര്‍ഷത്തിനപ്പുറത്തുനിന്ന്. അതിന് മുമ്പ് പാറതുരക്കാന്‍ നിന്നുതരുന്നവനെ കണ്ടെത്തുകയാണ് ആദ്യദൗത്യം. വലിപ്പവും വേഗവും ദൃഢതയുമൊക്കെ നമുക്കിണങ്ങുകയും വേണം. കാരണം അഞ്ച് ലക്ഷത്തിലൊരുവനെ കണ്ടെത്തുക എളുപ്പമല്ല.
അങ്ങനെ കണക്കുകൂട്ടല്‍ ഏറെ നടത്തിയ നാസയിലെ ശാസ്ത്രജ്ഞര്‍ നമുക്കുപറ്റിയ ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തി. ഭൂമിയോട് ഒരുവിധം അടുപ്പം. ഉപരിതലത്തില്‍ ഉറച്ച പാറ. അഞ്ഞൂറ് മീറ്റര്‍ വിസ്തീര്‍ണം. ഏതാണ്ട് 60 ദശലക്ഷം ടണ്‍ ഭാരവും അമേരിക്കയിലെ കൂറ്റന്‍ മന്ദിര സമുച്ചയമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങിന്റെ വലിപ്പവും. പേര് ബെന്നു.
ബെന്നുവിനെ തേടി അമേരിക്കയിലെ കേപ് കനാവറില്‍ നിന്ന് ഒരാകാശവാഹനം കഴിഞ്ഞ വ്യാഴാഴ്ച(സപ്തംബര്‍ 8) പുറപ്പെട്ടുകഴിഞ്ഞു. ഓറിസ്-റെക്സ് എന്ന റോബോട്ട് നിയന്ത്രിയ ആകാശവാഹനത്തിന്റെ പ്രധാന ആയുധം നീളമേറിയ ഒരു യന്ത്രകൈയാണ്. ആകാശത്തിന്റെ അഗാധതയില്‍ ബെന്നുവിനെ കണ്ടെത്തി അവനുചുറ്റും കറങ്ങി ഒരു വര്‍ഷത്തെ നിരീക്ഷണം കൊണ്ടേ അവന്റെ പ്രതലത്തില്‍ ചുരണ്ടി കുറേ പാറക്കഷ്ണം സംഭരിക്കാനാവൂ. റെക്സിന്റെ പോക്കും വരവും എളുപ്പത്തില്‍ നടക്കുമെന്ന് കരുതേണ്ട. 2016 ല്‍ പുറപ്പെട്ട റെക്സ് 2019 ല്‍ മാത്രമേ ബെന്നുവിന്റെ പ്രതലത്തില്‍ കൈവയ്ക്കൂ. തിരിച്ചെത്തുന്നത് 2023 ല്‍. അന്ന് കൈയില്‍ കിട്ടിയ നാലരപൗണ്ട് പാറപ്പൊടിയുമായി അമേരിക്കയിലുള്ള ‘യൂട്ട’യിലെ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചില്‍ റെക്സ് പറന്നിറങ്ങും. അവിടെ നിന്ന് ആ സാമ്പിളുകള്‍ നാസയുടെ ഹൂസ്റ്റണിലുള്ള ജോണ്സണ് സ്പേസ് സെന്ററിലേക്ക് കൊണ്ടുപോകും.
ഇനി ഈ പെടാപ്പാടൊക്കെ എന്തിനാണെന്നറിയേണ്ടെ? ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് പഠിക്കാന്‍. ഭൂമിയില്‍ ജലം എത്തിയതിനെക്കുറിച്ചും ജീവന്റെ ഉല്പ്പത്തിയെക്കുറിച്ചും അറിയാന്‍. സൗരയൂഥം ഉണ്ടായ നാള് മുതലുള്ള കോടാനുകോടി വര്‍ഷങ്ങള്‍ ഛിന്നഗ്രഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍. കാരണം ജീവന്റെ ഉത്പത്തിക്ക് കാരണമെന്ന് കരുതുന്ന കാര്‍ബണ്‍ കണികകളുടേയും മറ്റ് കാര്‍ബണിക സംയുക്തങ്ങളുടേയും അമിനോ ആസിഡുകളുടേയും ശേഖരം ബെന്നുവിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. അതുകൊണ്ടാണ് ബെന്നു പര്യവേഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ അരിസോണ സര്‍വകലാശാല പ്രൊഫസര്‍ ഡാന്റെ ലൊറീറ്റ ഇങ്ങനെ പറയുന്നത്’ റെക്സ് കൊണ്ടുവരുന്ന തെളിവുകള്‍ നാം എവിടെ നിന്ന് വന്നുവെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാകും”.
സൂര്യനെ ചുറ്റുന്ന അപ്പോളോ ഗ്രൂപ്പിലെ ഛിന്നഗ്രഹമായ ബെന്നുവിനെ 1999 സപ്തംബര്‍ 11 നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അരിസോണ സര്‍വകലാശാലയും പ്ലാനറ്ററി സൊസൈറ്റിയുമൊക്കെ ചേര്‍ന്ന് അവന് പേര് കണ്ടെത്തുകയായിരുന്നു. മൊത്തം 8000 പേര് പങ്കെടുത്ത പേരിടല്‍ മത്സരത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മൈക്കല്‍ പുസിയോ ആണ് ബെന്നുവെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈജിപ്ഷ്യന്‍ പുരാണത്തിലെ പൗരാണിക പക്ഷി ബെന്നുവിന്റെ സ്മരണയില്‍.
ഒരു കാര്യം കൂടി-436 ദിവസം കൊണ്ട് സൂര്യനെ ചുറ്റുന്ന ബെന്നു ആറ് വര്‍ഷത്തിലൊരിക്കല്‍ ഭൂമിക്ക് വളരെ അടുത്തുവരും. അങ്ങനെ 22-ാം നൂറ്റാണ്ടിലെ ഏതോ ഒരു ദിവസം ബെന്നു ഭൂമിയില്‍ വന്നിടിക്കാനുള്ള സാധ്യതയേറെയെന്ന് വിശ്വസിക്കുന്നു ചില ആകാശ ഗവേഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: