പത്തനംതിട്ട: ബസിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട യുവാവിന് നഷ്ടപരിഹാരം നല്‍കുന്നതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബസ് കോടതി ജപ്തി ചെയ്തു.
2001 ഫെബ്രുവരി ഏഴിന് രാത്രി 9.30 ഓടെ കുമളി-കമ്പം റോഡിലുണ്ടായ അപകടത്തില്‍ റാന്നി പഴവങ്ങാടി കരിങ്കുളം തുണ്ടിയില്‍ വീട്ടില്‍ ജയ്സണ്‍ ചാക്കോ(20) മരിച്ചതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് ബസ് ജപ്തി ചെയ്തത്.
ജയ്സന്റെ മരണ ശേഷം പിതാവ് ഏബ്രഹാം ചാക്കോയും മാതാവ് ലെയ്സമ്മയും ചേര്‍ന്ന് അഡ്വ. സാബു ഐ കോശി മുഖേന പത്തനംതിട്ട എംഎസിടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 5.18 ലക്ഷം രൂപ, സംഭവം നടന്ന ദിവസം മുതലുള്ള ഏഴ് ശതമാനം പലിശയും സഹിതം ഹരജിക്കാര്‍ക്ക് നല്‍കണമെന്ന് 2009 ആഗസ്ത് 20ന് പത്തനംതിട്ട എംഎസിടി ഉത്തരവിട്ടു. കോടതി ചെലവായി 12000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരേ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും കോര്‍പ്പറേഷന്റെ നിലപാടുകള്‍ തള്ളി ഹരജിക്കാര്‍ക്ക് 4.48 ലക്ഷം രൂപയും പിഴപ്പലിശയും അടക്കം 1065546 രൂപ കൊടുക്കുന്നതിന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതും ഹരജിക്കാര്‍ക്ക് ലഭിക്കാതെ ആയതോടെയാണ് കോടതി ബസ് ജപ്തി ചെയ്യുന്നതിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 11.30ക്ക് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ആമീനും സംഘവും എത്തി കൊട്ടാരക്കരയില്‍ നിന്നും ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ കോടതിയില്‍ ഹാജരാകി. ടി.എന്‍-72/എന്‍ -1962 നമ്പറിലുള്ളതും കൊട്ടാരക്കര-തെങ്കാശി റൂട്ടില്‍ സര്‍വീസ് നടത്തുന്നതുമായ ബസാണ് കോടതി ജപ്തി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: