ചിത്തഗോങ് (ബംഗ്ലാദേശ്): മൃഗശാലയിലെ സിംഹങ്ങളുടെ കല്യാണപ്പാര്‍ട്ടി കൗതുകമായി. കല്യാണാഘോഷങ്ങള്‍ക്ക് വര്‍ണ്ണ തോരണവും ബലൂണും മറ്റുമായി നാനൂറിലേറെ കാണികളെത്തി. പ്രണയ ചിഹ്നത്തിന്റെ രൂപത്തില്‍ ഒരുക്കിയ ഇറച്ചിക്കേക്കുമുണ്ടായിരുന്നു. സന്ദര്‍ശകര്‍ സിംഹങ്ങളെ, ഇണചേരാന്‍ പ്രോത്സാഹിപ്പിക്കുയും ചെയ്തു.
ചിത്തഗോങ് മൃഗശാലയിലെ അന്തേവാസി നോവയെന്ന പെണ്‍സിംഹം ജനിച്ച് 11 വര്‍ഷമായി ഒറ്റയ്ക്കാണ്. രണ്ടാഴ്ച മുമ്പാണ് ആണ് സിംഹങ്ങളായ നാഭയും ബാദ്ഷയും റാങ്പൂര്‍ മൃഗശാലയില്‍നിന്ന് വന്നത്.
”അസാധാരണമാക്കുകയായിരുന്നു ഞങ്ങള്‍ ഈ സംഗമം. വര്ണ്ണാലങ്കാരങ്ങളൊരുക്കി. നാഭ, ബാദ്ഷ എന്നിവരെ, നോവയുമായി ഇണ ചേര്‍ക്കാന്‍ മാത്രമായി കൊണ്ടുവന്നതാണ്. കുറച്ചുനാള്‍ അവരിവിടെ ഉണ്ടാകും,” ചിത്തഗോങ് ജില്ലാ ഭരണത്തലവന് മെഷ്ബാ ഉദ്ദിന്‍ പറഞ്ഞു.
കല്യാണപ്പാര്‍ട്ടിയുടെ ഭാഗമായി സ്കൂള്‍കുട്ടികളുടെ സംഗീത മേളയുണ്ടായിരുന്നു.
ഏറ്റവും ശ്രദ്ധേയമായത്, മാട്ടിറച്ചി, കോഴിയിറച്ചി, മുട്ട, പൊരിച്ച കരള്‍ തുടങ്ങിയവകൊണ്ട് തയ്യാറാക്കി, പ്രണയ ചിഹ്നത്തിന്റെ മാതൃകയില്‍ ഒരുക്കിയ കേക്കായിരുന്നുവെന്ന് മൃഗശാല സൂപ്രണ്ട് മൊഞ്ജൂര് മൊര്ഷദ് പറഞ്ഞു. നോവയുമായി പരിചയമാകും വരെ, സമീപത്തെ കൂടുകളിലായിരിക്കും ബാദ്ഷയും നാഭയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: