കല്പകഞ്ചേരി: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ കള്ളന് പോലീസ് പിടിയിലായി. ചെറിയ കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അതിവിദഗ്ദമായി കൈക്കലാക്കുന്ന കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പാക്കത്ത് മൊയ്തീന്(45)ആണ് പിടിയിലായത്. 40 ഓളം മോഷണങ്ങള്‍ നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. കല്പകഞ്ചേരി, കാടാമ്പുഴ, തിരൂര്‍, കോട്ടക്കല്‍, മലപ്പുറം, വേങ്ങര, താനൂര്‍, കൊളത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍മോഷണം നടത്തിയത്. വെള്ളിയാഴ്ച്ച ഉച്ച സമയത്താണ് ഇയാള്‍ കൂടുതലായും മോഷണങ്ങള്‍ നടത്തിയിരുന്നത്. കല്പകഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം പത്തോളം മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. പെയ്ന്റിംഗ് കോണ്‍ട്രാക്ടറായ മൊയ്തീന് വീടുകളില്‍ ജോലി അന്വേഷിച്ച് ചെല്ലുകയും അവിടെയുള്ള ചെറിയ കുട്ടികളെ മിഠായികള്‍ കൊടുത്ത് വശീകരിക്കുകയും വീട്ടുകാരുടെ ശ്രദ്ധമാറ്റി തന്ത്രപൂര്‍വ്വം ആഭരണങ്ങള്‍ പൊട്ടിച്ചെടുക്കുകയുമാണ് ചെയ്തിരുന്നത്. വീട്ടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു മോഷണം. പുത്തനത്താണി അതിരുമടയിലെ ഒരുവീട്ടില്‍ ഇത്തരത്തില്‍ ഒരു കുട്ടിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുന്നത് യുവതി പ്രതിയുടെ സ്കൂട്ടറിന്റെ നമ്പര്‍ നോട്ട് ചെയ്ത് പോലീസിലറിയിക്കുകയായിരുന്നു. പ്രതിയുടെ സ്കൂട്ടര്നമ്പര് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി എ.ജെ.ബാബു, സിഐ കെ.എം.സുലൈമാന്‍, കല്പകഞ്ചേരി എസ്ഐ പി.എം.ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ രാജന്, പ്രമോദ്, സന്തോഷ് കുമാര്‍, സിപിഒമാരായ അസീസ്, ജയപ്രകാശ്, രാജേഷ്, അബ്ദുല്‍ കലാം ശരീഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: