ഇരിങ്ങാലക്കുട : നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പകല്‍ വീടും, വനിത വ്യവസായ ട്രെയിനിംഗ് കേന്ദ്രവും നാശത്തിന്റെ വക്കില്‍. ഇവ സംരക്ഷിക്കാനോ പ്രവര്‍ത്തനസജ്ജമാക്കാനോ നഗരസഭ അധികൃതര്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. ഏകദേശം 900 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പകല്‍വീട് കെട്ടിടവും, ഏകദേശം 2000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച വനിത വ്യവസായ ട്രെയിനിംഗ് വികസന കേന്ദ്രത്തിന്റെ കെട്ടിടവുമാണ് ഇന്ന് നോക്കുകുത്തിയായി നില്‍ക്കുകയാണ്.
ഏഴ് വര്‍ഷം മുമ്പാണ് പട്ടികജാതി ഫണ്ടുപയോഗിച്ച് ജവഹര്‍ കോളനിയില്‍ നഗരസഭ പകല്‍ വീട് നിര്‍മ്മിച്ചത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടിരിക്കുന്ന വ്യദ്ധജനങ്ങള്‍ക്ക് ആശ്വാസമായിട്ടാണ് നരഗസഭ ഇതുണ്ടാക്കിയത്. പകല്‍ വീട് പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണം, വെള്ളവും വെളിച്ചവും വേണം. എന്നാല്‍ ഇതൊന്നും ലഭ്യമാക്കാന്‍ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായില്ല. കെട്ടിടത്തിന് ചുറ്റും മതില്ക്കെട്ടിയിട്ടുണ്ടെങ്കിലും കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണ്.
ഈ കെട്ടിടത്തിനോട് ചേര്‍ന്ന് നഗരസഭ നിര്‍മ്മിച്ചിട്ടുള്ള വനിത വ്യവസായ ട്രെയിനിംഗ് വികസന കേന്ദ്രത്തിന്റെ അവസ്ഥയും പരിതാപകരമാണ്. 35 ലക്ഷം രൂപ ചിലവഴിച്ച് വനിതകള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഈ വ്യവസായ ട്രെയിനിംഗ് കേന്ദ്രത്തില്‍ ഇതുവരെ ഒരൊറ്റ വനിതക്കും പരിശീലനം ലഭ്യമാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് പത്ത് തയ്യില്‍ മെഷ ിനുകള്‍ കൊണ്ടുവന്നിട്ടതായി നാട്ടുകാര്‍ പറഞ്ഞു. അവയും തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടുളള മര ഉരുപ്പിടികളെല്ലാം നശിച്ച നിലയിലാണ. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഇത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വനിതക്ഷേമം ലക്ഷ്യമാക്കി നിര്‍മ്മിച്ച ട്രെയിനിംഗ് കേന്ദ്രത്തെ പുനര്ജ്ജിവിപ്പിക്കാന് വനിതകള്‍ ഭരണം കൈയ്യാളുന്ന ഇപ്പോഴത്തെ നഗരസഭയ്ക്ക് സാധിക്കുന്നില്ലെന്നത് അപഹാസ്യമാണെന്നാണ് ജനം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: