എല്ലാ സംഭവങ്ങളും നടക്കുന്നത് കാലത്തിലും ദേശത്തിലും ആണെന്ന് നാം മനസ്സിലാക്കുന്നു. എന്നാല്‍ എന്താണ് കാലം, എന്താണ് ദേശം എന്ന് ചിന്തിച്ചുനോക്കുമ്പോള്‍, സംഭവങ്ങള്‍ കാലത്തിലും ദേശത്തിലും നടക്കുന്നു എന്നുള്ളതിന് പകരം, സംഭവങ്ങളില്‍നിന്ന് നാം വ്യവച്ഛേദിച്ചെടുക്കുന്ന രണ്ടു ധാരണകളാണ് കാലവും ദേശവും എന്ന് മനസ്സിലാകും.
സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുമ്പോഴാണ് നമുക്ക് കാലബോധം ഉണ്ടാകുന്നത്. സംഭവരഹിതമായ അവസ്ഥയില്‍ കാലബോധം ഇല്ല. ഉദാഹരണത്തിന് സുഖനിദ്രയില്‍ നാം കാലബോധമുള്ളവരല്ല. സംഭവങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കുന്നതില്‍ നിന്നുതന്നെയാണ് നമുക്ക് ദേശബോധവും ഉണ്ടായിരിക്കുന്നത്. സംഭവങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍ നമുക്ക് ദേശബോധവും ഇല്ല.
ഭൂമിയിലെ ഒരു സ്ഥലം എവിടെയാണെന്നറിയാന്‍ അക്ഷാംശരേഖ, രേഖാംശരേഖ എന്നിവകൊണ്ട് നിര്‍മിച്ചിട്ടുള്ള ഒരു വ്യവസ്ഥ നമ്മുടെ മുന്‍പിലുണ്ട്. ഒരു സ്ഥാനം ഇന്ന അക്ഷാംശത്തിലും ഇന്ന രേഖാംശത്തിലും ആണെന്ന് പറഞ്ഞാല്‍ അതിന്റെ സ്ഥാനം എവിടെയാണെന്ന് ആര്‍ക്കും മനസ്സിലാവും. അതുപോലെ തന്നെ നമ്മുടെ അനുഭവങ്ങളെയും ഓരോ സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തി മനസ്സിലാക്കാനേ നമുക്ക് നിവൃത്തിയുള്ളൂ.
















