ആരോരും തുണയില്ലാത്ത വനവാസി ബാലികമാര്‍ക്ക് തുണയാവുകയാണ് വയനാട്ടിലെ ഏച്ചോത്തെ ലക്ഷ്മി സ്മാരക ഗിരിജന്‍ ബാലികാസദനം. 23 പെണ്‍കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നു. ഇവര്‍ക്കൊക്കെ അമ്മയായും ചേച്ചിയായും ഒരാളുണ്ട്. കുഞ്ഞിച്ചേച്ചി (61). കഴിഞ്ഞ 16 വര്‍ഷമായി ചേച്ചി ഇവിടെയുണ്ട്. 32 വര്‍ഷമായി വനവാസി മേഖലയിലും. അട്ടപ്പാടിയില്‍ മൂന്ന് കൊല്ലം. കുറച്ചുകൊല്ലം കണിയാമ്പറ്റയിലും.
വനവാസി വിഭാഗത്തിലാണ് ചേച്ചി ജനിച്ചത്. സാമൂഹ്യസേവനം ലക്ഷ്യമാക്കിയുള്ള നിസ്വാര്‍ത്ഥ സംഘപ്രവര്‍ത്തനം ചേച്ചിയെ ബാലികാസദനത്തിലെത്തിച്ചു. പ്രതിഫലം ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവരോടുള്ള പരിഗണന മാനിച്ച് വനവാസി വികാസകേന്ദ്രം ചെറിയ തുക ഹോണറേറിയമായി നല്കിവരുന്നു. നെല്ലാറച്ചാലിലെ നാരായണന്റെയും നാണിയുടെയും എട്ട് മക്കളില്‍ മൂന്നാമത്തേതാണ് കുഞ്ഞിചേച്ചി.
കുറുമ വിഭാഗത്തില്‍ നിന്നുള്ള ഇവരുടെ സേവനം വരും കാലങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെടും. സഹോദരന് സൈബര്‍സെല്ലിലെ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നു.
ചേച്ചിക്ക് സഹായിയായി മറ്റൊരാള്‍ കൂടിയുണ്ട്. ലീല (36). 2003 ലാണ് വെള്ളമുണ്ടയില്‍ നിന്ന് ലീല ഇവിടെയെത്തിയത്. മൊതക്കരയിലെ കുറിച്ച്യത്തറവാട് ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തില്‍ തല്പരയായി ലീല എത്തിയത്. 1984 ല്‍ വനവാസി വികാസകേന്ദ്രം അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ഭാസ്ക്കര്‍ റാവുജി ഉദ്ഘാടനം ചെയ്ത സ്ഥാപനം വയനാടിന് മാതൃകയായി നിലകൊള്ളുന്നു. പ്രശസ്തരായ അഞ്ചോളം അധ്യാപികമാരും നിരവധി സര്‍ക്കാര്‍ ജീവനക്കാരും ബാലികാസദനത്തിന്റെ സംഭാവനയാണ്.
അര്‍ബുദം ബാധിച്ച് അമ്മ മരിച്ചപ്പോള്‍ ബാലികാസദനത്തിലെത്തിയ പിഞ്ചു മോള്‍ക്ക് കുഞ്ഞിചേച്ചിയാണ് അമ്മ. രണ്ടാം വയസിലാണ് ഇവിടെയെത്തിയത്. ഇന്ന് അവള് എട്ടാംതരത്തിലെത്തി. ചെറുപ്പത്തിലേ ഇവിടെയെത്തിയ പെണ്‍കുട്ടി എംഎയും പിഎച്ച്ഡിയും എടുത്ത് സര്‍ക്കാര്‍ ജോലി ചെയ്തുവരുന്നു. ഈ വനവാസി ബാലികയെ വിവാഹം ചെയ്തത് നമ്പൂതിരി യുവാവാണ്. പരസ്പരം മനസ്സിലാക്കിയായിരുന്നു വിവാഹം.
ബാലികാസദനത്തെകുറിച്ച് നല്ലതേ പറയാനുള്ളു നാട്ടുകാര്‍ക്കും. ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ തൊട്ടടുത്ത ഏച്ചോം സര്‍വോദയ സ്കൂളില്‍ പഠിക്കുന്നു. പണിയ, കാട്ടുനയ്ക്കാ, ഊരാളി, മുള്ളകുരുമ, കുറിച്ച്യ,തച്ചനാടന്‍ വിഭാഗത്തിലെ കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സമൂഹത്തിലെ ഉദാരമതികളുടെ കാരുണ്യം കൊണ്ടാണ് ബാലികാസദനം ലക്ഷ്യപ്രാപ്തിയില്‍ എത്തിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: