പത്തനംതിട്ട: കോന്നി ഇക്കോടൂറിസം പദ്ധതികള്‍ അട്ടിമറിക്കാന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് നീക്കം ആരംഭിച്ചത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നിയന്ത്രണമെന്നു പറയുന്നുണ്ടെങ്കിലും കോന്നി മേഖലയില്‍ നടപ്പാക്കിവന്നപദ്ധതികള്‍ പലതും ഇതോടെ ഇല്ലാതാകുകയാണ്. ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നാണാരോപണം. ഇതിനിടയിലും കോന്നിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കിനുകുറവുണ്ടായിട്ടില്ല. ഓണക്കാല വരുമാനം വനംവകുപ്പിന്റെ ചരിത്രത്തില്‍ തന്നെ റിക്കാര്‍ഡാണ്.കോന്നി ആനത്താവളം മുതല്ക്കേ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്.കുറഞ്ഞകാലം കൊണ്ട് ജനപ്രീതി നേടിയ കോന്നിയിലെ ഇക്കോ ടൂറിസംപദ്ധതികള്‍ വനംവകുപ്പിന് മെച്ചപ്പെട്ട വരുമാനമാണ് നേടിക്കൊടുത്തുകൊണ്ടിരുന്നത്. സമീപജില്ലകളിലെ ഇക്കോ ടൂറിസം പദ്ധതികളെ കടത്തിവെട്ടുന്നതരത്തിലേക്ക് കോന്നി പദ്ധതികള്‍ മാറിയതോടെയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്നും ആക്ഷേപമുണ്ട്.
ആനത്താവളത്തില്‍ ആനസവാരി വെട്ടിക്കുറച്ചിരിക്കുകയാണ്. ഒരു ആനയെമാത്രം സവാരിക്ക് ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതും ഒരുദിവസം പത്ത് സവാരി മാത്രമേ അനുവദിച്ചിട്ടുള്ളൂ. സമയവും നിജപ്പെടുത്തിയിട്ടുണ്ട്. ആനസവാരിയുടെ നിരക്കും വര്‍ധിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം ഓണക്കാലത്ത് ആനത്താവളത്തില്‍ നടത്തിയ ഗജവിജ്ഞാനോത്സവം ഇക്കുറി ഉപേക്ഷിച്ചു. മ്യൂസിയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇഴയുകയാണ്. പരിശീലനം ലഭിച്ച ആനകളും കുട്ടിയാനകളും താവളത്തിലുണ്ടെങ്കിലും ഇവയെല്ലാം മാറ്റിനിര്‍ത്തി സഞ്ചാരികളുടെ വരവ് കുറയ്ക്കാന്‍ ഗൂഢലക്ഷ്യമുണ്ടെന്നും പറയുന്നു. ആനയൂട്ട്, നക്ഷത്രവനം പദ്ധതികളും ഇഴയുകയാണ്. കഴിഞ്ഞ അവിട്ടം ദിനത്തില്‍ മാത്രം 3440 സഞ്ചാരികള്‍ ആനക്കൂട്ടിലെത്തി. പാസും ആനസവാരിയും ഇനത്തില്‍ 74,905 രൂപ വരുമാനമായി ലഭിച്ചു. ആനസവാരിക്ക് രണ്ടുപേര്‍ക്ക്600 രൂപയും മൂന്നുപേര്‍ക്ക് 800 രൂപയുമാണ് നിരക്ക്. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച കാട്ടാത്തി – ചെളിക്കല് ഇക്കോ ടൂറിസംപദ്ധതിയും ഉപേക്ഷിച്ച മട്ടാണ്. ചുരുങ്ങിയ കാലംകൊണ്ട് ഏറെ വരുമാനമുണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്. കുറിച്ചിയിലേക്കുള്ള ജീപ്പ്സഫാരി, കാട്ടാത്തിയിലേക്കുള്ള ട്രക്കിംഗ് തുടങ്ങിയ പദ്ധതികള്‍ ടൂറിസംമേഖലയ്ക്കു പുതിയ ഉണര്‍വ് പകര്‍ന്നിരുന്നു. സ്ഥലംമാറിയ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ മുന്‍കൈയെടുത്താണ് പദ്ധതി ജനപ്രിയമാക്കിയത്. കലഞ്ഞൂരിലെ ഔഷധസസ്യപാര്‍ക്ക് സഞ്ചാരികള്‍ക്കു തുറന്നുനല്‍കാന്‍ തീരുമാനമായിട്ടില്ല. അവസാനഘട്ടത്തിലെ ജോലികളാണ് ഇഴയുന്നത്.പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍ എന്നിവയാണ് ഇനിപൂര്‍ത്തീകരിക്കാനുള്ളത്. അടവി പദ്ധതിയോടും കഴിഞ്ഞ ഏതാനും മാസമായി നിസംഗതയാണ്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാതൊരു ക്രമീകരണവുമുണ്ടായിരുന്നില്ല. അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചുനല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി പാര്‍ക്കിംഗ്സൗകര്യം വിപുലപ്പെടുത്തിയത്. ഏറെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്കു പ്രാഥമിക സൗകര്യം വിപുലപ്പെടുത്താനുള്ള ക്രമീകരണം പോലും ആയിട്ടില്ല.
കുട്ടവഞ്ചിയില്‍യാത്ര നടത്തുന്നവര്‍ക്ക് നല്കുന്ന പുതിയ ലൈഫ് ജാക്കറ്റുകള്‍ എത്തിച്ചതും കഴിഞ്ഞയാഴ്ചയാണ്. കഴിഞ്ഞ ഓണക്കാലത്ത് അടവിയിലും ഫെസ്റ്റ് നടത്തി സഞ്ചാരികളെആകര്‍ഷിച്ചിരുന്നു. അടവിയിലെ തുറസായ സ്ഥലത്ത് ആനയെ മേയാന്‍വിടുന്നതുള്‍പ്പെടെയുള്ള പദ്ധതികളും നടപ്പാക്കാനായിട്ടില്ല. അടവിയിലെ ബാംബുഹട്ടുകള്‍ മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഓണത്തിനു തുറന്നുകൊടുത്തെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കാനാവശ്യമായ പ്രചാരണം നടത്തിയിട്ടില്ല. സഞ്ചാരികളെ അകറ്റുന്ന സമീപനം ഇതിനിടെ വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതായും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥതല സമീപനം അനുകൂലമല്ലായിരുന്നെങ്കിലും അടവിയിലും റിക്കാര്‍ഡ് വരുമാനമാണുണ്ടായത്. ചതയംദിനത്തില്‍ 1,09,200 രൂപയാണ്വരുമാനം ലഭിച്ചത്. തൊട്ടടുത്ത ദിവസം 1,00,800 രൂപയും ലഭിച്ചു. കഴിഞ്ഞമാസം മാത്രം 11,30,000 രൂപയുടെ വരുമാനമുണ്ടായി. 2014ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ 31വരെ 1,31,90,700 രൂപ വരുമാനമായി ലഭിച്ചു. ഓണത്തോടനുബന്ധിച്ച ഗവിയിലേക്കും സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണമാണുണ്ടായിരുന്നത്. പുറത്തുനിന്നെത്തിയ വാഹനങ്ങള്‍ തടഞ്ഞിട്ടു. നിശ്ചിതസമയത്ത് എത്തിയ നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമേ കടത്തിവിട്ടുള്ളൂ. നിരവധി പേരാണ് നിരാശരായി മടങ്ങിയത്. അവധി ദിനങ്ങളില്‍ കൂടുതല്‍വാഹനങ്ങള്‍ കടത്തിവിടാനും സഞ്ചാരികളെ കൊണ്ടുപോകാന്‍ ഔദ്യോഗിക ക്രമീകരണംവിപുലപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കുകയാണ്. കോന്നി ആനത്താവളത്തില്‍ നിന്നും ആരംഭിച്ച് അടവി വഴി ഗവിയിലേക്കു പോകാനായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയും വേണ്ടത്ര പ്രചാരണംനേടിയിട്ടില്ല. വനംവകുപ്പിന്റ വാഹനത്തിന്റെ അമിതനിരക്കാണ് സഞ്ചാരികളെ അകറ്റുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗ് അടിസ്ഥാനമാക്കിയാണ ്വനംവകുപ്പിന്റെ വാഹനം ഓടുന്നത്. ഗവി വഴിയുള്ള കെഎസ്ആര്‍ടിസിബസുകളില്‍ ഇപ്പോഴും സഞ്ചാരികളേറെ എത്തുന്നുണ്ട്. ടുറിസം പദ്ധതികള്‍ സജീവമായതോടെ പ്രത്യക്ഷമായും പരോക്ഷമായും ഏറെ തൊഴില്‍ സാധ്യതകളാണ് തെളിഞ്ഞു വന്നിരുന്നത്. അടൂര്‍പ്രകാശ് മന്ത്രിയായിരുന്ന അവസരത്തില്‍ മുന്‍ജില്ലാ കളക്ടര്‍ ഹരി കിഷോര്‍, അന്തരിച്ച മുന്‍ കോന്നി ഡിഎഫ്ഒ പ്രദീപ് കുമാര്‍ എന്നിവരുടെ കൂട്ടായ്മയാണ് കോന്നിയിലെ വിവിധ ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് അടിസ്ഥാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: