കല്‍പ്പറ്റ : ജില്ലയില്‍ വനം-വന്യജീവി വകുപ്പ് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്ന് വയനാട് വനനശീകരണവിരുദ്ധ സമരസമിതി. ജനങ്ങളോടുമാത്രമല്ല, വനം-വന്യജീവി സംരക്ഷണത്തോടും യാതൊരു പ്രതിബദ്ധയുമില്ലാത്ത ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരും മാറിമാറിവരുന്ന ഭരണകര്‍ത്താക്കളുമാണ് വയനാട് ഇന്നു നേരിടുന്ന ഗുരുതരമായ മനുഷ്യ-വന്യജീവി കുരുതികള്‍ക്ക് ഉത്തരവാദികള്‍. പതിറ്റാണ്ടുകളായി തുടരുന്ന വികല വനനയത്തിന്റെ ഒടുവിലുത്തെ ഇരയാണ് കഴിഞ്ഞദിവസം ബേഗൂര്‍ റെയ്ഞ്ചിലെ ഇരുമ്പുപാലത്തിനു സമീപം ഏകവിളത്തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി വാച്ചര്‍ ബൊമ്മന്. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ ഇരുനൂറ്റിയമ്പതി ലധികം മനുഷ്യര്‍ക്കും ഇതിന്റെ ഇരട്ടിയിലധികം കട്ടാനകള്ക്കുമാണ് അകാലമൃത്യു സംഭവിച്ചത്. ഇതിനുപുറമെ യാണ് അനേകം കോടി രൂപയുടെ കൃഷിനാശം.
വയനാട്ടിലെ ഒരു ലക്ഷം ഹെക്ടര്‍ വരുന്ന വനഭൂമിയില്‍ 35,000 ഹെക്ടറും തേക്ക്, യൂക്കാലിപ്ട്സ്, മഹാഗണി, അക്കേഷ്യ തുടങ്ങിയവയുടെ ഏകവിളത്തോട്ടങ്ങളാണ്. വരണ്ടുണങ്ങി തീറ്റയും വെള്ളവും അന്യമായ ഈ ഏകവിളത്തോട്ടങ്ങളാണ് വനാതിര്‍ത്തിഗ്രാമങ്ങളില്‍ വര്‍ധിക്കുന്ന മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ മുഖ്യകാരണവും. ജില്ലയില്‍ ശേഷിക്കുന്ന നിത്യഹരിതവനങ്ങള്‍ വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങളുണ്ടാക്കുന്നതും കാടിനുള്ളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതും മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കയാണ്.
പേരിയ പീക്കിലെ 220 ഏക്കര്‍ സ്വാഭാവികവനം വെട്ടിമാറ്റി ഏകവിളത്തോട്ടം ഉണ്ടാക്കിയതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കോട്ടേജുകളും വയനാട്ടുകാരോടുള്ള പ്രകടമായ വെല്ലുവിളിയാണ്.
കാവേരി ജലത്തിനുവേണ്ടി തമിഴ്നാടും കര്‍ണാടകയും യുദ്ധസമാനമായ സംഘര്‍ഷങ്ങളിലാണ് ഏര്‍പ്പെടുന്നത്. കാവേരി ജലത്തില്‍ 20 ശതമാനം വയനാട്ടിലെ നിത്യഹരിത വനങ്ങളുടെയും പുല്‍മേടുകളുടെയും ഉന്നത മലവാരങ്ങളുടെയും സംഭാവനയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണ് ആവാസവ്യവസ്ഥകള്‍ക്കുമേല്‍ വനംവകുപ്പിന്റെ അതിക്രമം.
നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ തുടരുന്ന ഏകവിളത്തോട്ടനിര്മാണവും ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും ടൂറിസം പദ്ധതികളും നിര്‍ത്തിവെപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകസംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. ജില്ല നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയ്ക്കും തിക്തഫലങ്ങള്ക്കും പരിഹാരം ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം മാത്രമാണ്-സമിതി അഭിപ്രായപ്പെട്ടു.
കണ്‍വീനര്‍ എം.ഗംഗാധരന് അധ്യക്ഷത വഹിച്ചു. വെങ്കിടേഷ് കാട്ടിക്കുളം, അജി കൊളോണിയ, ലതീഷ് പ്രഭാകരന്, എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, കെ.ആ ര്‍.പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: