ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതവും ബംഗ്ലാദേശും അഫ്ഗാനും പാക്കിസ്ഥാനിലെ സാര്‍ക്ക് സമ്മേളനം ബഹിഷ്‌കരിക്കും. ഭീകരവാദം നയമാക്കുന്ന പാക്കിസ്ഥാനെ അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നവംബര്‍ 9, 10 തീയതികളില്‍ ഇസ്ലാമാബാദിലാണ് സമ്മേളനം.
ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഭാരതം വിട്ടുനില്‍ക്കുന്ന സമ്മേളനം അനിശ്ചിതത്വത്തിലാണ്. പാക് ഭീകരതക്കെതിരെ സംയുക്തമായി മൂന്ന് രാജ്യങ്ങളും കോണ്‍ഫറന്‍സ് സംഘടിപ്പിക്കാനും ആലോചിക്കുന്നു.
യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനിരിക്കെയാണ് സാര്‍ക്ക് സമ്മേളനത്തിനെതിരായ നിലപാട്. ഉറി ഭീകരാക്രമണത്തിലെ പാക് പങ്ക് സംബന്ധിച്ച തെളിവുകള്‍ യുഎന്നില്‍ 26ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കും.
സൈനിക തിരിച്ചടിക്കൊപ്പം പാക്കിസ്ഥാനെ അന്താരാഷ്ട തലത്തില്‍ ഒറ്റപ്പെടുത്തുകയെന്ന നയമാണ് ഭാരതത്തിന്റേത്. ഇത് വിജയം കാണുകയാണ്.
ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിയന്ന സന്ദര്‍ശനം ഉപേക്ഷിച്ചു. ആഭ്യന്തര സെക്രട്ടറിയെ കശ്മീരിലെ സ്ഥിഗതികള്‍ നിരീക്ഷിക്കാന്‍ ശ്രീനഗറിലേക്കയച്ചു. ദേശീയ അന്വേഷണ ഏജന്‍സി ഉറിയിലെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: