ന്യൂദല്‍ഹി: കാവേരി നദിയില്‍ നിന്ന് പ്രതിദിനം 6000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. ഇന്ന് മുതല്‍ 27 വരെയാണ് ജലം നല്‍കേണ്ടത്. ഒരു മാസത്തിനകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
കാവേരി നദീജല വിഷയത്തില്‍ അന്തിമ തീരുമാനം തേടി സുപ്രീംകോടതിയെ സമീപിച്ച കര്‍ണ്ണാടകത്തിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ ഉണ്ടായത്. ഇരു സംസ്ഥാനങ്ങളും എതിര്‍ത്തിട്ടും 3000 ഘനയടി ജലം പ്രതിദിനം നല്‍കണമെന്ന മേല്‍നോട്ട സമിതി നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനത്തിന്മേല്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കുമുള്ള എതിര്‍പ്പ് മൂന്ന് ദിവസത്തിനകം എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജലവിതരണത്തിലെ തര്‍ക്ക പരിഹാരത്തിനായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന് രൂപം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം കര്‍ണ്ണാടകത്തിന് തിരിച്ചടിയാണ്.
സംസ്ഥാനത്ത് കനത്ത വരള്‍ച്ചയാണെന്നും മഴലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് കര്‍ണ്ണാടകത്തിന്റെ വാദം. അതിനാല്‍ തന്നെ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും വെള്ളം വിട്ടുനല്‍കാനാവില്ലെന്നും കര്‍ണ്ണാടകം കോടതിയെ അറിയിച്ചു. എന്നാല്‍ വെളളം കിട്ടിയില്ലെങ്കില്‍ വന്‍തോതില്‍ വിളനാശമുണ്ടാകുമെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിച്ചാണ് അടിയന്തിരമായി കാവേരിയില്‍ നിന്നും ജലം നല്‍കാന്‍ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് കര്‍ണ്ണാടകത്തിന്റെ തീരുമാനം. സുപ്രീംകോടതി ഉത്തരവ് വന്നതോടെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ രൂക്ഷമായി. മാണ്ഡ്യയില്‍ കര്‍ഷകര്‍ മണ്ണുതിന്ന് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: