സ്വാതി മലിവാള്‍
ന്യൂദല്‍ഹി: ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അഴിമതിക്ക് കേസെടുത്തു. ക്രിമിനല്‍ ഗൂഡാലോചന, അഴിമതി തടയല്‍ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അഴിമതി വിരുദ്ധ ബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാതിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മറുപടി നല്‍കാനാവശ്യപ്പെട്ട് 27 ചോദ്യങ്ങളുടെ പട്ടികയും നല്‍കി. മുന്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിങ് ശുക്ലയാണ് സ്വാതിക്കെതിരെ പരാതി നല്‍കിയത്.
ആം ആദ്മി നേതാക്കളുടെ അനുയായികളെ വനിതാ കമ്മീഷനില്‍ അനധികൃതമായി നിയമിച്ചുവെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പരാതി. ഇത്തരത്തിലുള്ള 83 നിയമനങ്ങളുടെ വിവരങ്ങളും പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. രണ്ടര മാസത്തോളമായി പരാതിയില്‍ അന്വേഷണം നടക്കുന്നു. ആരോപണ വിധേയരെ ചോദ്യം ചെയ്തു.
91 നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തെറ്റ് ചെയ്യാത്തവര്‍ ദൈവത്തെപ്പോലും ഭയപ്പെടേണ്ടതില്ലെന്നായിരുന്നു സ്വാതിയുടെ പ്രതികരണം. വനിതാ കമ്മീഷനെ നിശബ്ദമാക്കാന്‍ നടത്തുന്ന നീക്കമാണിതെന്നാണ് അവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: