കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം അരക്കോടി രൂപ ചിലവില്‍ നടപ്പാലം നിര്‍മിക്കാന്‍ നഗരസഭയുടെ പദ്ധതി. കെഎസ്ടിപി റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് നടപ്പാല നിര്‍മാണത്തിന്റെ പ്രവര്‍ത്തി ആരംഭിക്കും. കെഎസ്ടിപി റോഡ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലുണ്ടാകാന്‍ പോകുന്ന വാഹന ബാഹുല്യവും വാഹനങ്ങളുടെ വേഗതയും വര്‍ധിക്കുന്നതോടെ കാല്‍നട യാത്രക്കാര്‍ക്കുണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ട് മുന്നില്‍കണ്ടാണ് നടപ്പാലം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. തീര്‍ത്തും സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് നടപ്പാലം പണിയുക. ലിഫ്റ്റ് ഉള്‍പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള നടപ്പാലം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് ആര്‍കിടെക്റ്റ് ദാമോദരനാണ്. വിദേശത്തുള്ള രീതിയിലാണ് നടപ്പാലത്തിന്റെ രൂപ കല്പന. നടപ്പാലം നിര്‍മിക്കുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും. നിലവില്‍ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കണമെങ്കില്‍ പോലീസിന്റെ സഹായം തേടുന്നുണ്ട്. നടപ്പാലം പൂര്‍ത്തിയായാല്‍ സുഗമമായി യാത്ര ചെയ്യാം. നിര്‍മാണത്തിന് സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമം നഗരസഭാ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: