പുലാമന്തോള്‍: ഒരുകാലത്ത് മലബാറിന്റെ ജീവനാഡിയായിരുന്ന കുന്തിപ്പുഴ ശോഷിച്ചൊഴുകുന്ന കാഴ്ച പരിസ്ഥിതി സ്നേഹികളെ ആശങ്കയിലാഴ്ത്തുന്നു. തൊണ്ണൂറുകളുടെ അവസാന പാദത്തില്‍ പോലും കുന്തിപ്പുഴ കരകവിഞ്ഞൊഴുകി സമീപത്തെ തോടരുവികള്‍ നിറഞ്ഞൊഴുകുന്ന കാഴ്ച്ച സാധാരണമായിരുന്നു. വാഴത്തണ്ടു കൊണ്ടു നിര്‍മ്മിച്ച ചങ്ങാടങ്ങള്‍ കെട്ടി സമീപവാസികളെല്ലാം തൊട്ടടുത്ത കണ്ടേങ്കാവ് എന്ന ഗ്രാമത്തിലെത്തിയിരുന്നത് ഇന്ന് സുഖമുള്ള ഓര്‍മ്മകള്‍ മാത്രം. കുന്തിപ്പുഴയുടെ ജലസമ്പത്ത് കാരണം തൊട്ടടുത്ത പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞു നിന്നിരുന്നു. കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നതോടെ കണ്ടേകാവ്, വളപുരം, വിളയൂര്‍ എന്നീ പ്രദേശങ്ങളെല്ലാം പലപ്പോഴും വെള്ള കെട്ടുകളും കാണാമായിരുന്നു. എന്നാല്‍ അമിതമായ മണലെടുപ്പ് ആ ജലസ്രോതസിന്റെ അന്ത്യം കുറിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും, ഓടകളില്‍ നിന്നും പുഴയിലെത്തുന്ന മലിനജലവും കുന്തിപ്പുഴയെ കൂടുതല്‍ മലിനമാക്കി. മണലെടുപ്പ് മൂലം വന്ന പുഴയുടെ താഴ്ച്ചയുടെ വ്യാപ്തി ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ഈ പുഴയുടെ മനോഹാരിതയും നഷ്ടമായി. ഇപ്പോള്‍ മുക്കാല്‍ ഭാഗവും ചരല് മണ്ണിനാല്‍ മൂടപ്പെട്ട നിലയിലാണ്. ചിലയിടങ്ങളില്‍ കുറ്റിക്കാടുകളും വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകളടക്കമുള്ളവര്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന പല കടവുകളും ഇപ്പോള്‍ ഉപയോഗമില്ലാതെ കാട് മൂടി കിടക്കുന്നു. വേനല്‍ക്കാലങ്ങളില്‍ കുളിക്കാല്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നതെന്ന് പ്രദേശവാസികള്‍ ഓര്‍മ്മിക്കുന്നു. പുലാമന്തോള്‍ തടയണക്ക് താഴെ പാലൂര് സ്കൂള്‍ കടവ് കൊള്ളിത്തോട്, ചെമ്മല, വളപുരം എന്നീ ഭാഗങ്ങളില്‍ ആറ്റു വഞ്ചിക്കാടുകള് വളര്‍ന്നു നില്‍ക്കുകയാണ്. ഇത് കാരണം പുഴയും കരയും എതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവിടെ ഇഴജന്തുക്കളുടെ വാസ സ്ഥലമായും മാറിയിരിക്കുകയാണ്. വെള്ളത്താല്‍ നിറഞ്ഞു നിന്നിരുന്ന കുന്തിപ്പുഴക്ക് വെള്ളം എന്നത് ഇന്ന് സൈഡ് ബിസിനസ് മാത്രമാണ്. അന്ത്യശ്വാസം വലിച്ച്, ഒരു വശത്തുകൂടെ മാത്രം ഒഴുകി കൊണ്ടിരിക്കുന്ന കുന്തിപ്പുഴ ഏതൊരു പ്രകൃതി സ്നേഹിയുടേയും മനസ്സലിയിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: