ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ വെടിനിര്‍ത്തല്‍ പാളുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഏഴ് അനുയായികളെ സംസ്ഥാന ആധ്യക്ഷന്‍ ശിവ്പാല്‍ യാദവ് പുറത്താക്കി. ദേശീയ അധ്യക്ഷന്‍ മുലായം സിങ്ങിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനുമാണ് നടപടി.
മൂന്ന് നിയമസഭാംഗങ്ങളും നടപടിക്ക് വിധേയരായവരില്‍പ്പെടുന്നു. യൂത്ത് ബ്രിഗേഡ് ദേശീയ പ്രസിഡന്റ്് ഗൗരവ് ദുബെ, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇബാദ്, യുവ്ജന്‍ സഭ സംസ്ഥാന പ്രസിഡന്റ് ് ബ്രിജേഷ് യാദവ്, ഛാത്ര സഭ സംസ്ഥാന പ്രസിഡന്റ് ദിഗ് വിജയ് സിങ് എന്നിവരെയും പുറത്താക്കി. ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവിന്റെ ബന്ധുവും നിയമസഭാംഗവുമായ അരവിന്ദ് പ്രതാപിനെയും മറ്റൊരു നേതാവ് അഖിലേഷ് കുമാറിനെയും പുറത്താക്കിയിരുന്നു. ഇത് വീണ്ടും പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ക്കിയിടയാക്കി.
അഖിലേഷ് യാദവും അമ്മാവനായ ശിവ്പാല്‍ യാദവും തമ്മിലുള്ള പോര് മുലായം ഇടപെട്ട് പരിഹരിച്ചിരുന്നു. മകനായ അഖിലേഷിനെതിരെ മുലായം രൂക്ഷവിമര്‍ശനവും നടത്തി. അഖിലേഷിനെ മാറ്റി ശിവ്പാലിനെ സംസ്ഥാന അധ്യക്ഷനാക്കിയതാണ് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതില്‍ അഖിലേഷിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തുള്ളപ്പോഴാണ് പാര്‍ട്ടി തലത്തിലെ നടപടികള്‍.
ഉള്‍പ്പോരില്‍ അഖിലേഷിന് പിന്തുണ നല്‍കിയവര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ പുറത്താക്കിയ രണ്ട് നേതാക്കളെ അഖിലേഷിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരിച്ചെടുത്തിരുന്നു. ഇപ്പോള്‍ പുറത്താക്കിയവരില്‍ ഇവരുമുള്‍പ്പെടും.
അഖിലേഷിന് ഹിലരിയുടെ സഹായി
ലഖ്‌നൗ: യുപിയില്‍ വീണ്ടും വിജയിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അമേരിക്കന്‍ പ്രചാരണ വിദഗ്ധന്റെ സഹായം തേടി.
അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണിന്റെ പ്രചാരണ മാനേജറായ ഹാര്‍വാഡ് സര്‍വകലാശാലയിലെ സ്റ്റീവ് ജാര്‍ഡിങ്ങാണ് സമാജ്‌വാദി പാര്‍ട്ടിക്ക് പ്രചാരണതന്ത്രങ്ങള്‍ ഒരുക്കുന്നത്. മുഖ്യമന്ത്രി അഖിലേഷ് നിലവില്‍ ജാര്‍ഡിങ്ങില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ ഔദ്യോഗികമായി തീരുമാനം പുറത്തുവന്നു.
ഹാര്‍വാഡ് കെന്നഡി സ്‌ക്കൂളില്‍ പൊതുനയങ്ങളെക്കുറിച്ചാണ് ജാര്‍ഡിങ് പഠിപ്പിച്ചിരുന്നത്.
1980 മുതല്‍ രാഷ്‌ട്രീയ ഉപദേശകനായും പ്രചാരണ മാനേജരായും പ്രവര്‍ത്തിച്ച് വരുന്നത്. യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍, മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോര്‍, സ്പാനീഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് എന്നിവരുടെ പ്രചാരണ തന്ത്രജ്ഞനായിരുന്നു ജാര്‍ഡിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: