പേമ ഖണ്ഡു
ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു നയിക്കുന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ (പിപിഎ) സര്‍ക്കാരില്‍ ചേരുന്ന കാര്യം കോഴിക്കോട്ടെ ദേശീയ കൗണ്‍സില്‍ തീരുമാനിക്കുമെന്ന് ബിജെപി അരുണാചല്‍ സംസ്ഥാന അധ്യക്ഷന്‍ തപിര്‍ ഗവോ ജന്മഭൂമിയോട് പറഞ്ഞു. ദേശീയ കൗണ്‍സിലില്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്‌തേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. ഒരാഴ്ചയ്‌ക്കകം തീരുമാനമെടുക്കും, അതുവരെ പുറമേ നിന്നുള്ള പിന്തുണക്കും, തപിര്‍ ഗവോ പറഞ്ഞു.
കോഴിക്കോട് ദേശീയ കൗണ്‍സിലില്‍, അരുണാചല്‍ ഭരണത്തില്‍ പാര്‍ട്ടി പങ്കാളിയാകണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹിമാന്ത ബിശ്വ സമയും പ്രതികരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെയും പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളെയും എന്‍ഡിഎയില്‍ ചേര്‍ത്തുകൊണ്ട് ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ്(എന്‍ഇഡിഎ) കണ്‍വീനറാണ് അസാം ധനമന്ത്രിയായ ഹിമാന്ത ബിശ്വ സമ.
ബിജെപിക്ക് 11 എംഎല്‍എമാരുണ്ട്. സര്‍ക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായം പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ പിപിഎ നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ്.
കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജി വെച്ച് എന്‍ഡിഎ സഖ്യകക്ഷിയായത്. മുന്‍മുഖ്യമന്ത്രി നബാംതുകി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്.
പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് ബിജെപിയില്‍ ലയിച്ചേക്കുമെന്ന വാര്‍ത്തകളുമുണ്ട്. ഇതിനോട് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചില്ല. ദേശീയ കൗണ്‍സിലിലേക്ക് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: