പണ്ട് പ്രൈമറി ക്ലാസില്‍ പഠിച്ച ഒരു കഥ സൂചിപ്പിക്കട്ടെ. ”വയോവൃദ്ധനായ ഒരു കര്‍ഷകന്‍ ശയ്യാവലംബിയായി. എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥ. അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ സ്വത്ത് ഭാഗംവയ്‌ക്കുന്ന കാര്യത്തില്‍ വഴക്കായി. രക്തബന്ധം, സാഹോദര്യം, മരണാസന്നനായ പിതാവ്, എല്ലാം അവര്‍ മറന്നു. സഹികെട്ട പിതാവ് ഒരുകെട്ട് ഉണക്ക കമ്പു കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അതില്‍നിന്ന് ഓരോ കമ്പുവീതം മക്കളുടെ കൈയില്‍ കൊടുത്ത് ഒടിക്കുവാനാവശ്യപ്പെട്ടു. നിഷ്പ്രയാസം അവരതൊടിച്ചു. അടുത്തതായി ആ ഒരു കെട്ട് കമ്പ് ഒടിക്കുവാനാവശ്യപ്പെട്ടു. ആര്‍ക്കും അതിന് കഴിഞ്ഞില്ല. പിതാവ് പറഞ്ഞു:
ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ആര്‍ക്കുമൊന്നും നേടാനാവില്ല, നമ്മുടെയൊക്കെ ഭാവം അങ്ങനെയാണെങ്കിലും. മാത്രവുമല്ല, വിഘടിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ തോല്‍പ്പിക്കാനെളുപ്പമാണ്. യോജിച്ചുനിന്നാല്‍ ശക്തരാവും. പലതും നേടാനുമാവും. ജീവിത വിജയത്തിന് യോജിപ്പ് അത്യന്താപേക്ഷിതമാണ്.” ഒരു കാര്യവും ഒറ്റയ്‌ക്ക് ചെയ്യാനാവില്ല. ഒരേ ലേഖനമെഴുതുന്നു കാര്യം പരിഗണിക്കാം. എഴുതുന്നത് കയ്യാണ്. കൈയില്‍ പേന വേണം, പേനയില്‍ മഷി വേണം. എഴുതുവാന്‍ കടലാസു വേണം. ചിന്തിക്കുവാന്‍ മനസ്സുവേണം, ചിന്തയെ നിയന്ത്രിക്കുവാന്‍ ബുദ്ധിവേണം. എഴുതുന്നത് കാണുവാനും തെറ്റുവന്നാല്‍ തിരുത്തുവാനും കണ്ണുവേണം. മനുഷ്യന്‍ ഈ പറഞ്ഞവയില്‍ പലതിന്റെയും കൂട്ടായ്‌മയാണ്, സമഗ്രതയാണ്. എന്നാലവയിലേതെങ്കിലും ഒന്നു ബലഹീനമായാല്‍ അതിന്റേതായ പോരായ്‌മയുണ്ടാവും. ആന്തര-ബാഹ്യാവയവങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ശരീരത്തെ നിലനിര്‍ത്തുന്നത്.
സംഗീതക്കച്ചേരിയില്‍ ഗായകന്‍ മാത്രമായാല്‍ എങ്ങനെയിരിക്കും? അദ്ദേഹത്തെ സഹായിക്കുവാന്‍ വയലിന്‍, മൃദംഗം,ഘടം, മുഖര്‍ ശംഖ് മുതലായവ വായിക്കുന്നവര്‍ വേണം. ഇവരുടെ കൂട്ടായ്‌മയാണ് പരിപാടിയെ വിജയിപ്പിക്കുന്നത്.
യുവജനോത്സവത്തില്‍ നൃത്തമത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടി അരങ്ങില്‍ പ്രവേശിക്കേണ്ട സമയമായി. ഓടക്കുഴല്‍ വിദ്വാനെത്തിച്ചേര്‍ന്നില്ല. കുട്ടിയുടെയും രക്ഷാകര്‍ത്താക്കളുടെയും മറ്റു പക്കമേളക്കാരുടെയും വെപ്രാളവും വേവലാതിയും ഊഹിക്കാവുന്നതേയുള്ളൂ. ഒരാളുടെ കൃത്യവിലോപം വരുത്തിവച്ച വിന എല്ലാവരേയും ബാധിക്കും. ദുഷ്‌പേര് നര്‍ത്തകിക്കു മാത്രമല്ല സംഘത്തിന് മൊത്തമാണ്. ഇതുതന്നെയാണ് കഥയിലെ കര്‍ഷകന്‍ പറഞ്ഞത്; യോജിപ്പാണ് ശക്തി.
വീട്, സമൂഹം, രാഷ്‌ട്രം എല്ലാം കൂട്ടായ്‌മയ്‌ക്കുദാഹരണമാണ്. സഹോദരങ്ങളൊരുമിച്ച് നിന്നപ്പോള്‍ വളര്‍ച്ചയും ശത്രുതയിലായപ്പോള്‍ തളര്‍ച്ചയുമുണ്ടായ ധാരാളം അനുഭവങ്ങള്‍ നമുക്കുണ്ട്. മഹാഭാരത കഥ തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം. യോജിപ്പിനുള്ള അവസരങ്ങളുണ്ടായപ്പോഴെല്ലാം ഒരു കൂട്ടര്‍ അവയെ തള്ളിക്കളഞ്ഞു. അവസാനം ഉണ്ടായതോ, സര്‍വനാശവും.
പ്രപഞ്ചം ഒരു കൂട്ടായ്‌മയാണ്. അതിനേക്കാള്‍ വലിയൊരു കൂട്ടായ്‌മ ഇല്ല. ഏതു കൂട്ടായ്‌മയ്‌ക്കും ഒരു താളമുണ്ട്, ക്രമമുണ്ട്. അതിന് നേരിയ ഭംഗമുണ്ടായാല്‍ പ്രത്യാഘാതം പ്രവചനാതീതമാണ്. ഭൂമികുലുക്കം, കൊടുങ്കാറ്റ്, പേമാരി, ഉരുള്‍പൊട്ടല്‍ എന്നിവയെല്ലാം താളക്രമത്തിലെ വ്യതിയാനങ്ങളുടെ ദുഷ്ഫലമാണ്. ഇതിന്റെ ഏതോ ഒരദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. പലതിനും വ്യക്തമായ ഉത്തരം കണ്ടെത്തുവാന്‍ മനുഷ്യന് സാധിച്ചിട്ടില്ല. ഒരു കാര്യം സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നല്ലാതെ സംഭവിക്കുമെന്ന് തീര്‍ത്തു പറയുവാന്‍ ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും സാധിക്കുന്നില്ല.
ഉല്‍പ്പത്തി, വളര്‍ച്ച, വികാസം, നിലനില്‍പ്പ്, വിനാശം, ഇവ എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. സരസ്വതി എന്നൊരു നദിയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പെരിയാറും ഭാരതപ്പുഴയുമെല്ലാം വനമോ മണല്‍പ്പരപ്പോ ആയി മാറുന്ന കാലം വിദൂരമല്ല. കുന്നുകളും മലകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഞ്ഞു മുഴുവനുരുകിത്തീര്‍ന്നാല്‍ ഹിമാലയം പോലുമില്ലാതാവും. അതസംഭവ്യമാണെന്ന് പറയാനാവില്ല.
















