പുതുക്കാട്: വരന്തരപ്പിള്ളി കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം നിലച്ചു. അപ്രോച്ച് റോഡിന് വേണ്ടിയുള്ള വനം വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടാത്തതാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്.മാസങ്ങള്‍ക്ക് മുന്‍പാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.സ്പാനുകളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി വരുന്നതിനിടെയാണ് കേന്ദ്രാനുമതി ലഭിക്കാതെ സ്ഥലം വിട്ടു നല്കാന് കഴിയില്ലെന്ന നിര്‍ദ്ദേശവുമായി വനം വകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്. വനം വകുപ്പിന്റെ 70 സെന്റ് സ്ഥലമാണ് അപ്രോച്ച് റോഡിനായി ആവശ്യമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിനായുള്ള കേന്ദ്രാനുമതിക്കായി വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് കാണിച്ച് ഫയല്‍ മടക്കിയയക്കുകയായിരുന്നു. വരന്തരപ്പിള്ളി മുപ്ലിയം നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് കച്ചേരിക്കടവിലെ പാലം. കുറുമാലി പുഴക്ക് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. പാലം വരുന്നതോടെ കാലങ്ങളായുള്ള നാട്ടുക്കാരുടെ ദുരിതയാത്രക്കാണ് അറുതിയാകുന്നത്. വെള്ളാരംപാടം, മുപ്ലിയം ഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇപ്പോള്‍ വരന്തരപ്പിള്ളിയില്‍ എത്തുന്നത്.ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇതേ അവസ്ഥയാണ് അനുഭവിക്കുന്നത്. കച്ചേരിക്കടവിലെ വഞ്ചിക്കടത്താണ് നാട്ടുകാര്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം.
പാലം വരുന്നതോടെ 150 മീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്താണ് നാട്ടുകാര്‍ ഇപ്പോള്‍ അഞ്ച് കിലോമീറ്ററോളം ചുറ്റിവളയുന്നത്. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടിയാണ് പാലത്തിന്റെ അടങ്കല്‍.പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പണിയുന്ന പാലത്തിന് 66.96 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും അപ്രോച്ച് റോഡും നിര്‍മ്മിക്കും. മുപ്ലിയം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും വരന്തരപ്പിള്ളി ഭാഗത്ത് 100 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡും നിര്‍മ്മിക്കും. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന വനനിയമം ഉള്ളപ്പോള്‍ കച്ചേരിക്കടവ് പാലത്തിന് കേന്ദ്രത്തിന്റ ആനുകൂല്ല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: