കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രക്ത ബാങ്കില്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ യുവമോര്‍ച്ച ജില്ലാ കമ്മറ്റി അധികൃതര്‍ക്ക് നിവേദനം നല്കി പ്രതിഷേധിച്ചു. ഇരട്ടിയോളം തുകയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്.
രക്തം സൂക്ഷിക്കുന്നതിന് നേരത്തെ 350 രൂപയുണ്ടായിരുന്നത് പിന്നീട് 500 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അത് 1050 ആയി വര്‍ധിപ്പിച്ചിരിക്കുകയാണ്്. രക്തം സൂക്ഷിക്കുന്നതിനും രാസപരിശോധനക്കുമാണ് തുക ഈടാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തുക വര്‍ധിപ്പിച്ചത് പാവപ്പെട്ട രോഗികള്‍ക്ക് കനത്ത സാമ്പത്തിക ഭാരമാണ് ഏല്‍പ്പിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പി.ആര്.സുനില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രോഗികളുള്‍പ്പെടെ നിരവധി പേരാണ് താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിനെ ആശ്രയിക്കുന്നത്. അധികാരികളുടെ ജനദ്രോഹ നടപടി പുന:പരിശോധിക്കന് തയ്യാറാകണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗികള്‍ക്കും ഡയാലിസ് നടത്തുന്നവര്‍ക്കും പുതിയ തുക അധിക ബാധ്യതയാണ്. ഇത് അംഗികരിക്കാന്‍ പറ്റുന്നതല്ല.
ഇടാക്കുന്ന തുക പഴയ നിലയില്‍ തുടരണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയ മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്. മഹേഷ് കെ.വി, സുമിത്ത് രാജ്, ഹരീഷ് ഗോസാഡ, ഹരീഷ് പഡ്ര, പ്രസാദ് പെര്‍ള തുടങ്ങിയവര്‍ അധികൃതര്‍ക്ക് നല്കിയ നിവേദനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: