മീനങ്ങാടി : ഓണാവധിക്കാലം ആഘോഷിക്കാനായ് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിയവരുടെ എണ്ണം സര്‍വ്വകാല റിക്കോര്‍ഡില്‍. കാവേരി നദീ ജല പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഉണ്ടായ സംഭവ വികാസങ്ങള്‍ കാരണം വിനോദസഞ്ചാരികള്‍ ഏറെയും ആശ്രയിച്ചത് വയനാടിനെയാണ്.
ഈ ദിവസങ്ങളിലാണ് മീനങ്ങാടി, പടിഞ്ഞാ റത്തറ ഉള്‍പ്പെടുന്ന വയനാടിലെ മിക്ക ടൗണുകളിലെയും ഗതാഗത സൗകര്യങ്ങളിലെ ശോചനീയവസ്ഥ വെളിവായത്. മണിക്കൂറോളം നീളുന്ന ഗതാഗത കുരുക്കാണ് ചുരം മുതല്‍ മുത്തങ്ങ വരെയുള്ള പലയിടങ്ങളിലും ഉണ്ടായത.് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ കാരാപ്പുഴയില്‍ അവിട്ടം ദിനത്തില്‍ പ്രദേശവാസിയായ വെള്ളട നാരായണന് എന്നയാളെ അത്യാസന നിലയില്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ കരാപ്പുഴയിലെ ഗതാഗത കുരുക്കില്‍ കുടുങ്ങുകയും ഏറെ വൈകി ഹോസ്പ്പിറ്റലില്‍ എത്തിച്ച ഉടനെ ജീവന് നഷ്ടപെടുകയും ചെയ്തിരുന്നു. ഇത്ര തിരക്ക് അനുഭവപ്പെട്ട ദിവസം പോലും ഇവിടുത്തെ ഗതാഗതം നിയന്ത്രിക്കാന്‍ സെക്യുരിറ്റിയോ പോലീസുകാരോ ഉണ്ടായിരുന്നില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഈ അനാസ്ഥക്കെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് നാരായണന്റെ ബന്ധുക്കള്‍. ഇതേ സമയം മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എടക്കലില്‍ രണ്ടായിരത്തിലധികം പേരാണ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം തിരിച്ചുപോയത്. വാഹനം പാര്‍ക്ക് ചെയ്യുവാനും ബാത്ത്റൂമുകളുടെ കുറവും ജീവനക്കാരുടെ കുറവുമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കാല് ഒടിയുകയും ചെയ്തിരുന്നു. എത്രയും പെട്ടന്ന് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കണമെന്നും ഗുഹാമുഖത്തേക്ക് ഒരു ബദല്‍ പാത നിര്‍മ്മിക്കണം എന്നുമുള്ള ആവശ്യം ഇതോടെ ശക്തമാവുകയാണ്.
വിനോദ സഞ്ചാരത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്ന ജില്ല എന്ന നിലയില്‍ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അനുഭവപ്പെടുന്ന ഈ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തികച്ചും അപലപനീയം തന്നെയാണെന്ന് സമൂഹത്തിലെ വിവിധ മേഖലയില്‍ ഉള്ളവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: