മാനന്തവാടി: പരിസ്ഥിതിദിനത്തില്‍ നടാനായി തയ്യാറാക്കിയ വൃക്ഷതൈകള്‍ നശിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബാങ്കുകുന്നിലാണ് ആയിരക്കണക്കിന് തൈകള്‍ നശിച്ചത്. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയ വിവിധയിനം തൈകളാണ് അധികൃതരുടെ അനാസ്ഥകാരണം നശിച്ചത്. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിക്കാനായിട്ടാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് 5,000തൈകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. 16 വാര്‍ഡുകളിലും ഇതിനായി എ.ഡി.എസുമാരുടെ കീഴില്‍ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കുകയും ചെയ്തു. വനം വകുപ്പുമായി സഹകരിച്ച് സമാഹരിച്ച തൈകളാണ് ഇതിനായി വിനിയോഗിച്ചത്. മുള, മഹാഗണി, കുന്നിവാക തുടങ്ങിയ തൈകള്‍ വനം വകുപ്പില്‍ നിന്നും സമാഹരിച്ച് തെഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇവ പ്ലാസ്റ്റിക് കൂടുകളില്‍ വെച്ചുപിടിപ്പിച്ച ശേഷം പരിസ്ഥിതി ദിനത്തില്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനാവശ്യമായ തുകയും പഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാല്‍ പരിസ്ഥിതി ദിനം കഴിഞ്ഞ് രണ്ടരമാസം പിന്നിട്ടിട്ടും തൈകര് നട്ടിട്ടില്ല. ബാങ്ക് കുന്നിലുള്ള ഒരു കെട്ടിടത്തിന് പുറകില്‍ മാത്രം ആയിരക്കണക്കിന് തൈകള്‍ നശിച്ചനിലയിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് വനവല്‍ക്കരണത്തിന് ഈ ദുരവസ്ഥ. തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന് പുറമെ ഇവയുടെ തുടര്‍സംരക്ഷണവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചായത്താണ് പരിസ്ഥിതിദിനാഘോഷത്തിനു ശേഷവും അവശേഷിക്കുന്ന തൈകള്‍ നട്ടുപിടിപ്പിക്കാതെ സര്‍ക്കാര്‍ ഫണ്ട് പാഴാക്കിയത്. നട്ടുപിടിപ്പിച്ച തൈകളാവട്ടെ സംരക്ഷിക്കപ്പെടാതെ നാശത്തിന്റെ വക്കിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: