പുല്‍പ്പള്ളി: വയനാട്ടില്‍ കാലവര്‍ഷം ദുര്‍ബലമായത് കര്‍ണാടകക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വയനാട്ടിലെ കാലവര്‍ഷമാണ്
കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിന്റെ ജലസ്രോതസ്. വയനാട്ടില്‍ നിന്നുത്ഭവിക്കുന്ന കബനിയിലെ ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വയനാട്ടില്‍ മഴ കുറഞ്ഞാല്‍ ഡാം ശുഷ്ക്കമാകും. അതാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. 20 ടി.എം.സി. ജലമാണ് ബീച്ചനഹള്ളിഅണക്കെട്ടിന്റെ സംഭരണശേഷി. മൈസൂര്‍, ബംഗളൂരു സിറ്റികളിലേക്കുള്ള കുടിവെള്ളംപോലും ബീച്ചനഹള്ളി ഡാമില്‍ നിന്നാണ് എത്തിക്കുന്നത്.
ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കൂറ്റന്‍ ടണലുകള്‍ വഴി അഞ്ച് കി.മീ. അകലെയുള്ള താര്‍ക്കാ അണക്കെട്ടിലും എത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 90 ടി.എം.സി. ജലമാണ് കബനിവഴി കര്‍ണാടകയിലെ കാവേരിയിലെത്തുന്നത്. എന്നാല്‍ കേരളത്തിന് ഉപയോഗിക്കാവുന്ന 21 ടി.എം.സി. വയനാടിന് അര്‍ഹതപ്പെട്ടതാണെങ്കിലും അഞ്ച് ടി.എം.സി. മാത്രമെ ഉപയോഗപ്പെടുത്തുന്നുള്ളു. പദ്ധതികള്‍ പലതുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ മാത്രം. ബജറ്റുകളില്‍ തുക വകയിരുത്താറുണ്ടെങ്കിലും കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പര്യാപ്തമായ നടപടികളില്ല. ജലസംരക്ഷണത്തിലും വിനിയോഗത്തിലുമെല്ലാം കേരളം കര്‍ണാടകയെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.
കബനീ ജല വിനിയോഗത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം പാളുകയാണ്. ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്ന വന്‍ കിട പദ്ധതികള്‍ക്ക് പകരം ചെറുകിട പദ്ധതികള്‍ അധികൃതര്‍ മടിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ജലസേചന പദ്ധതികളും വിവാദത്തിലാവുകയും ചെയ്തു. കടമാന്‍തോട്, സീതാമൗണ്ട്, ശശിമല ജലസേചന പദ്ധതികള്‍ ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ടവയാണ്. 26 കോടി രൂപ ചെലവില്‍ സീതാമൗണ്ട് ശശിമല പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. കൂടാതെ ഒമ്പതോളം പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: