ഋഷികളുടെ ചോദ്യങ്ങള്‍ക്ക് സൂതന്‍ ആ കഥ വര്‍ണ്ണിച്ചു: ദക്ഷന്‍ ധാരാളം ശ്രേഷ്ഠങ്ങളായ ദക്ഷിണകൊടുത്ത് അതിവിപുലമായ യാഗം നടത്തി. അതിനായി ദേവന്മാരെ വിളിച്ചപ്പോള്‍ സതി ചോദിച്ചു: അച്ഛാ, എന്തുകൊണ്ടാണ് ഈ യാഗത്തിലേക്ക് എന്റെ പതിയെ ക്ഷണിക്കാതിരുന്നത്? ശിവന്‍ യാഗത്തിന് അയോഗ്യനാണെന്നാണ് ദക്ഷന്‍ മകള്‍ക്കു കൊടുത്ത മറുപടി.
ത്രിശൂലധാരിയായ ശിവന്‍ മരണത്തിന്റെ. ദേവതയാണ്. അതിനാല്‍ അമംഗളകാരിയാണ്.
ഇതില്‍ കോപിഷ്ഠയായി സതി പറഞ്ഞു: അങ്ങയില്‍നിന്നുണ്ടായ ഈ ദേഹം ഞാനില്ലാതാക്കും. അങ്ങ് പത്ത് പിതാക്കന്മാരുടെ ഒറ്റമകനായിരിക്കും. ക്ഷത്രിയനായി ജനിച്ച് അശ്വമേധത്തില്‍ വച്ച് രുദ്രനില്‍നിന്ന് നാശം സംഭവിക്കും.
ഇത്രയും പറഞ്ഞിട്ട് മൗനിയായ സതീദേവി സ്വഭര്‍ത്താവിനെ സാദരം സ്മരിച്ച് ശാന്തചിത്തയായി വടക്കുദിക്കില്‍ ഭൂമിയില്‍ ഇരുന്നു… ദേഹംവെടിയുന്നതിനുള്ള ഇച്ഛയോടെ സ്വശരീരം മുഴുവന്‍ യോഗമാര്‍ഗ്ഗമനുസിച്ച് വായുവിനെയും അഗ്‌നിയെയും ധരിച്ചു. ഭര്‍ത്താവിന്റെ പാദാരവിന്ദങ്ങളെ ചിന്തിച്ച് മറ്റു ചിന്തവെടിഞ്ഞു. ഹേ മുനിശ്രേഷ്ടാ, സതിയുടെ നിഷ്പാപമായ ശരീരം പെട്ടന്ന് വീണു. അവരുടെ ഇച്ഛപോലെ യോഗാഗ്‌നികൊണ്ടു ദഹിച്ച് ആ നിമിഷത്തില്‍ ഭസ്മമായിത്തീര്‍ന്നു. ദേവന്മാര്‍, അസുരന്മാര്‍, കിന്നരന്മാര്‍, ഗന്ധര്‍വന്മാര്‍, ഗുഹ്യകന്മാര്‍ തുടങ്ങിയവരെല്ലാം എന്താണ് സംഭവിച്ചതെന്നു ചോദിച്ച് അടുത്തുവന്നു.
നമസ്‌കരിച്ചുകൊണ്ട് ദുഖിതനായ ദക്ഷന്‍ പറഞ്ഞു: അവിടുന്ന് ഈ ലോകത്തിന്റെ മാതാവാണ്. ലോകത്തിനു മുഴുവന്‍ സൗഭാഗ്യം കൊടുക്കുന്നവളാണ്. എന്നെ അനുഗ്രഹിക്കാന്‍വേണ്ടിയാണ് എന്റെ മകളായി വന്നത്. എന്നില്‍ പ്രസാദിച്ചാലും. എന്നെ ഉപേക്ഷിക്കരുതേ.
ദേവിപറഞ്ഞു: ലോകസൃഷ്ടിക്കുവേണ്ടി എന്നെ പ്രസാദിപ്പിക്കാന്‍ തപസുചെയ്യണം. പ്രജാപതിത്വം നഷ്ടപ്പെടില്ല. എന്റെ അംശം സ്വീകരിച്ച് എന്നെ തപസ്സുചെയ്ത് ഉത്തമമായ യോഗം അങ്ങേക്കു ലഭിക്കും.
ദക്ഷന്‍ ചോദിച്ചു : ഏതെല്ലാം തീര്‍ത്ഥങ്ങളില്‍ എന്തെല്ലാം നാമങ്ങളുപയോഗിച്ചാണ് ഞാന്‍ ഭവതിയെ പ്രകീര്‍ത്തിക്കേണ്ടത്?
ദേവിപറഞ്ഞു: ഭൂമിയില്‍ എല്ലായിടത്തും എല്ലായിപ്പോഴും എല്ലാ വസ്തുക്കളിലും എന്നെ കാണാം. എന്നെക്കൂടാതൊന്നും ഒരുലോകത്തുമില്ല. എന്നാലും സിദ്ധിയുണ്ടാകണമെന്നാഗ്രഹിക്കുന്നവര്‍, ഐശ്വര്യമുണ്ടാകണമെന്നാഗ്രഹിക്കുന്നവര്‍ എവിടെല്ലാം ഏതുരുപത്തിലാണ് സ്മരിക്കേണ്ടതെന്നു ശരിയാംവണ്ണം ഞാന്‍ പറയാം.
















