മനസ്സിന്റെ ക്യാന്‍വാസില്‍ വിരിഞ്ഞ്, മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തിന് മറ്റൊരു ക്യാന്‍വാസിലേക്ക് പകര്‍ത്തപ്പെടുന്ന പെയിന്റിങ്ങുകള്‍ക്ക് എത്രയാണ് വില. ആയിരമോ പതിനായിരമോ, ലക്ഷമോ അതോ കോടിയോ? ചിത്രകാരന്റെ ഭാഷയിലാണെങ്കില്‍ വിലമതിക്കാനാവില്ല. പെയിന്റിങ്ങുകളെ പ്രണയിക്കുന്നവര്‍ വില നിര്‍ണയിക്കും. അത് ചിലപ്പോള്‍ കോടികള്ക്കൊണ്ടാവും. ഇത്രയും വില കൊടുത്ത് സ്വന്തമാക്കാന്‍ മാത്രം എന്തിരിക്കുന്നുവെന്ന് ചിന്തിച്ചെന്നുവരാം. അത് ചിത്രകാരനോടും അദ്ദേഹത്തിന്റെ രചനയോടും അതിലുപരി ഇഷ്ടപ്പെട്ടത് സ്വന്തമാക്കാനുള്ള തീവ്രമായ ആഗ്രഹത്താലും സംഭവിച്ചുപോകുന്ന ഒന്നാണ്.
പാബ്ലോ പിക്കാസോ, വിന്‍സന്റ് വാന്‍ഗോഗ്, മോദിഗ്ലിയാനി തുടങ്ങിയ വിലപിടിപ്പുള്ള ചിത്രകാരന്മാരുടെ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ഭാരതീയ ചിത്രകാരന്മാരുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇവരുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. ലേലത്തില്‍ വന്‍ തുകയ്ക്ക് വിറ്റഴിയുന്നു. വി.എസ്. ഗെയ്തൊണ്ടെ, ഗഗനേന്ദ്രനാഥ് ടഗോര്‍, നസ്രീന് മൊഹമെദി, എം.എഫ്. ഹുസൈന്, എസ്.എച്ച്. റാസ, ഫ്രാന്‍സിസ് ന്യൂടണ്‍ സൂസ, അമൃത ഷെര്‍ ഗില്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു.
വി.എസ്. ഗെയ്തൊണ്ടെ: 29.3 കോടി
മുഴുവന്‍ പേര് വസുദിയോ സന്തു ഗെയ്തൊണ്ടെ. 1924 ല്‍ ജയ്പൂരില്‍ ജനനം. 1948 ല്‍ സര് ജെ.ജെ. സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് ഡിപ്ലോമ നേടി. അബ്സ്ട്രാക്ട് ചിത്രരചനയിലായിരുന്നു താല്പര്യം. 1950 കളില്‍ ബോംബെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ ഭാഗമായി. ആരേയും വിസ്മയിപ്പിക്കുന്നതായിരുന്നു പെയിന്റിങ്ങുകള്‍. താനൊരു അബ്സ്ട്രാക്ട് ചിത്രകാരന് ആണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ചിത്രങ്ങള്‍ നോണ്‍ ഒബ്ജക്ടീവ് ശൈലിയിലാണെന്ന് വിശേപ്പിക്കാനായിരുന്നു ഇഷ്ടം. 1960 നും 70 നും ഇടയ്ക്കാണ് കൈയൊപ്പു ചാര്‍ത്തിയ ചിത്രങ്ങളുടെ രചന. സെന്‍ ബുദ്ധിസത്തോടായിരുന്നു ജീവിതത്തിലൂടനീളം താല്പര്യം. ജീവിതവും വരയും ചേര്‍ന്നുനിന്നു. ഭാരതീയ, പാശ്ചാത്യ കവിതകള്‍, സിനിമ, സാഹിത്യം, തിയേറ്റര്‍, സംഗീതം എന്നിവയോടെല്ലാം അതിരറ്റ ആരാധനയായിരുന്നു.
വരയിലൂടെ സാസ്ഥ്യം തേടുകയാണെന്നായിരുന്നു അഭിപ്രായം. സ്വസ്ഥമായ ശേഷം നിറങ്ങള്‍ പകര്‍ത്തുകയായിരുന്നു രീതി. സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ടുള്ള ചിത്രരചന ഒരുതരം ഒളിച്ചോട്ടമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. വേഗത്തില്‍ മനസ്സിലാക്കാവുന്ന ഒന്നല്ല ആ കലാകാരന്റെ ചിത്രങ്ങള്‍. ധ്യാനനിരതമായ മൗനം ഓരോ വരയിലുമുണ്ട്. പത്തോളം ചിത്രപ്രദര്‍ശനങ്ങള്‍ സ്വദേശത്തും വിദേശത്തുമായി നടത്തി. 1971 ല്‍ പത്മശ്രീ നല്കി. മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാന്‍ നേടി.
കൂടിയ വിലയ്ക്ക് പെയിന്റിങ്ങുകള്‍ വിറ്റുപോയ ഭാരതീയ ചിത്രകാരന്മാരില് ഒരാളാണ് ഗെയ്തൊണ്ടെ. 1995 ല്‍ പൂര്‍ത്തിയാക്കിയ എണ്ണച്ചായ ചിത്രം 2015 ല്‍ മുംബൈയില്‍ നടന്ന ക്രിസ്റ്റീസിന്റെ ലേലത്തില്‍ വിറ്റുപോയത് 29.3 കോടി രൂപയ്ക്ക്. പെയിന്റിങ്ങിന് പേര് നല്‍കിയിട്ടില്ല. 2013 ല്‍ നടന്ന ലേലത്തിലും ഇദ്ദേഹത്തിന്റെ ചിത്രം നേടിയത് 23.7 കോടി രൂപ. 1979 ല്‍ വരച്ച ചിത്രവും എണ്ണച്ചായത്തിലുള്ളതാണ്. 1962 ല്‍ വരച്ച ദേവനാഗരി ഓണ്‍ റിവേഴ്സ് എന്ന എണ്ണച്ചായ ചിത്രം വിറ്റുപോയത് 15.3 കോടി രൂപയ്ക്ക്. 2001 ലാണ് ഗെയ്തൊണ്ടെ വരയുടെ ലോകത്തുനിന്ന് മറഞ്ഞത്.
എസ്.എച്ച്. റാസ: 18.61 കോടി
ചിത്രരചനയില്‍ ബിന്ദുക്കളിലൂടെ പര്യവേഷണം നടത്തിയ ചിത്രകാരന്. ആത്മീയതയുമായി അദ്ദേഹം ബിന്ദുക്കളെ ബന്ധിപ്പിച്ചു. ബിന്ദുക്കള്‍, ത്രികോണങ്ങള്‍, വൃത്തങ്ങള്‍ എന്നിവകൊണ്ട് ചിത്രങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തി. പഞ്ചതത്വത്തില്‍ അധിഷ്ഠിതമായിരുന്നു റാസയുടെ ചിത്രങ്ങളിലെ നിറഭേദങ്ങള്‍. ചുവപ്പ്, നീല, കറുപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ ആ ചിത്രങ്ങള്‍ കൂടുതല്‍ തിളങ്ങി.
മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ 1922 ഫെബ്രുവരി 22നായിരുന്നു എസ്.എച്ച്. റാസയുടെ ജനനം. ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന സൈദ് മുഹമ്മദ് റാസിയായിരുന്നു പിതാവ്. 1950-53 കാലഘട്ടത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ ഇ കോള്‍ നാഷണല്‍ സുപ്പീരിയര്‍ ഡെസ് ഡ്യൂക്ക്സ് ആര്‍ട്സില്‍ ഉന്നത പരിശീലനം നേടി. പഠനശേഷം യൂറോപ്പില്‍ ചുറ്റിസഞ്ചരിച്ചു. നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 1956 ല്‍ ഫ്രാന്‍സിലെ പരമോന്നത കലാബഹുമതിയായ പ്രിക്സ് ഡേ ലാ ക്രിട്ടിക്ക് പുരസ്കാരം നേടുന്ന ആദ്യത്തെ ഫ്രഞ്ചുകാരനല്ലാത്ത ചിത്രകാരനായി റാസ. ഒരു ചിത്രകാരന് എന്ന നിലയിലുള്ള പുനര്‍ജന്മമാണ് ബിന്ദുക്കളിലൂടെ അദ്ദേഹം നേടിയത്. ബിന്ദുക്കളിലൂടെ മൂര്‍ത്തമായ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുകയായിരുന്നു റാസ.
ജ്യാമിതീയ അബ്സ്ട്രാക്ട് ചിത്രങ്ങള്‍ വേഗത്തില്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധനായിരുന്നു എസ്. എച്ച്. റാസ. തത്വചിന്തയും പ്രപഞ്ചശാസ്ത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഇഴചേര്‍ന്നുനിന്നു. ഒരു കലാകാരനെ പൂര്‍ണനാക്കാന്‍ ഒരാശയം മതിയെന്നതായിരുന്നു അഭിപ്രായം. ആ ആശയത്തില്‍ നിന്നുകൊണ്ട് അതിന്റെ വിഭിന്ന ഭാവങ്ങള്‍ കണ്ടെത്തുകയായിരുന്നു റാസ കലാജീവിതത്തിലുടനീളം.
കാലദേശങ്ങളേയും പ്രകൃതിയേയും പുരുഷനേയും ആധാരമാക്കിയുള്ളതായിരുന്നു ചിത്രങ്ങള്‍. സൃഷ്ടികളെല്ലാം ആന്തരികമായ അനുഭവത്തിന്റേയും പ്രപഞ്ചനിഗൂഢതകളും ഉള്‍പ്പെട്ടുകൊണ്ടുള്ളതാണ്. നിറങ്ങളിലൂടേയും വരകളിലൂടേയും അത് രേഖപ്പെടുത്തുന്നുവെന്ന് എസ്.എച്ച്. റാസ.
ഭാരതചരിത്രത്തിലെ വിലപിടിപ്പുള്ള ചിത്രകാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ സൗരാഷ്ട്ര എന്ന ചിത്രം 2010 ല്‍ 16.42 കോടി രൂപയാണ് ലേലത്തില്‍ നേടിയത്. മാതൃരാജ്യത്തോടുള്ള ആദരസൂചകമായി 1983 ലാണ് റാസ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സൗരാഷ്ട്ര കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത് അക്രലിക് മാധ്യമത്തിലാണ്. നിറങ്ങളുടെ സംയോജനം ആരിലും അത്ഭുതമുളവാക്കും. മനസ്സിനെയാണ് ബിന്ദുവിലൂടെ അനാവരണം ചെയ്തിരുന്നത്. താന്ത്രിക് ചിത്രരചനാശൈലിയോട് സാമ്യമുള്ളതായിരുന്നു റാസയുടെ പെയിന്റിങ്ങുകള്‍. മറ്റൊരു സൃഷ്ടിയായ ലാ ടെറ 2014 ല്‍ 18.61 കോടി രൂപയ്ക്കാണ് വിറ്റത്. 1972 ല്‍ വരച്ച തപോവന്‍ പെയിന്റിങ് 2006 ല്‍ 6.5 കോടി രൂപക്ക് വിറ്റു. ഇത്തരത്തില്‍ പത്തിലേറെ ചിത്രങ്ങളാണ് ലേലത്തിലൂടെ കോടികള്‍ വാരിക്കൂട്ടിയത്.
എഫ്.എന്‍.സൂസ: 26.9 കോടി
1924 ല്‍ ഗോവയില്‍ ജനനം. 1947 ല്‍ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്സ് ഗ്രൂപ്പ് സ്ഥാപിച്ചു. ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ വിദ്യാര്‍ത്ഥിയായിരുന്ന സൂസയെ 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പുറത്താക്കി. 1949 ല്‍ ലണ്ടണിലേക്ക് പോയി. തുടക്കം വെല്ലുവിളികളുടേതായിരുന്നു. പതിയെ പതിയെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ചലനങ്ങളുണ്ടാക്കാന്‍ തുടങ്ങി. 1954 ല്‍ സൂസയുടെ സൃഷ്ടിയും ഉള്‍പ്പെടുത്തി ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ആര്‍ട്സില്‍ ചിത്രപ്രദര്‍ശനം നടത്തി.
മനുഷ്യ ശശീരങ്ങളെ ഭാവനാത്മക തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ചിത്രരചനാ ശൈലിയിലൂടെ ശ്രദ്ധനേടി. പാശ്ചാത്യ ചിത്രരചനാ ശൈലിയില്‍ ഭാരതീയമായതിനെ ചിത്രീകരിക്കുകയായിരുന്നു. രചനകള്‍ ശക്തവും പ്രകോപനപരവുമായിരുന്നു. ജീവിതവും പ്രകൃതിയും ക്രിസ്ത്യന്‍ ബിംബങ്ങളും നഗ്നതയും ഉന്മാദിയെപ്പോലെ വരച്ചിട്ടു. ഏകദേശം 140 ചിത്രങ്ങള്‍. ജീവിതത്തിലെ വിരസതയും അസഹിഷ്ണുതയും ധിക്കാരവുമെല്ലാം പ്രകടമാക്കുന്നതായിരുന്നു ആ ചിത്രങ്ങള്‍. സ്ത്രീ-പുരുഷ ബന്ധത്തിലെ ആത്മസംഘര്‍ഷങ്ങള്‍ ലോഭമില്ലാതെ ചിത്രീകരിച്ചു. 2002 മാര്‍ച്ചില്‍ അന്തരിച്ചു.
1955 ല്‍ വരച്ച ബര്‍ത്ത്, ജനനം പോലെതന്നെ ഉദാത്തമാണ്. ഇത് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ്.എണ്ണച്ചായ ചിത്രമാണിത്. 2015 ല്‍ മുംബൈയില്‍ നടന്ന ക്രിസ്റ്റീസിന്റെ ലേലത്തില്‍ 26.9 കോടി രൂപയ്ക്കാണ് വിറ്റത്. 1957 ല്‍ വരച്ച വുമണ്‍ ആന്‍ഡ് മാന്‍ ലാഫിങ് വിറ്റുപോയത് 16.84 കോടി രൂപക്കും. ദ ബച്ചര്‍, ഇന്ത്യന്‍ ഫാമിലി, ലവേഴ്സ്, മാന്‍ വിത് ദ മോന്സ്ട്രന്സ്, റെഡ് കര്‍സ്, ആംസ്റ്റര്‍ഡാം ലാന്‍ഡ്സ്കേപ് എന്നീ പെയിന്റിങ്ങുകളും കോടികള്‍ മുടക്കിയാണ് ലേലത്തിലൂടെ ആസ്വാദകര്‍ സ്വന്തമാക്കിയത്.
എം.എഫ്. ഹുസൈന്: 10 കോടി
വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ചിത്രകാരന്. 1915 സപ്തംബറില്‍ പാന്തര്‍പൂരില്‍ ജനിച്ചു. സിനിമ പോസ്റ്ററുകള്‍ വരച്ചുകൊണ്ട് ചിത്രരചനയില്‍ തുടക്കം. പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാള്‍. ക്യൂബിസമെന്ന ചിത്രരചനാ ശൈലി പരിഷ്കരിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് ചിത്രരചനയില്‍ ഹുസൈന് നടത്തിയത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,മദര്‍ തെരേസ, രാമായണ, മഹാഭാരത, ഭാരതത്തിലെ ഗ്രാമ-നഗര ജീവിതങ്ങള്‍ ഇതെല്ലാം അദ്ദേഹം ക്യാന്‍വാസില്‍ പകര്‍ത്തി. ചിത്രകാരന്, ഫോട്ടോഗ്രഫര്‍, ചലച്ചിത്രകാരന് എന്നീ നിലകളില്‍ ദൃശ്യങ്ങളുമായി നിരന്തരം സംവദിച്ചു. സ്ത്രീയും കുതിരകളും അദ്ദേഹത്തിന്റെ മിക്ക വരകളിലുമുണ്ട്. 20-ാം നൂറ്റാണ്ടില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഹുസൈന് അറിയപ്പെടുന്നത് ഇന്ത്യയുടെ പിക്കാസോ എന്ന്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ ലഭിച്ചു. ഹിന്ദൂ ദേവീ ദേവന്മാരെ മോശമായി ചിത്രീകരിച്ച് പ്രതിച്ഛായക്ക് മങ്ങലേറ്റ ഹുസൈന് 2010 ല്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു. 2011 ജൂണ്‍ 9 ന് അന്തരിച്ചു.
1956 ല്‍ വരച്ച എണ്ണച്ചായ ചിത്രം ക്രിസ്റ്റീസിന്റെ ലേലത്തില്‍ 10 കോടി രൂപയ്ക്കാണ് വിറ്റത്. 2015 ല്‍ നടന്ന ലേലത്തില്‍ ദ സിക്സ്ത് സീല്‍ എന്ന പെയിന്റിങ് ആരാധകന് വാങ്ങിയത് 7.17 കോടി രൂപ കൊടുത്ത്. 1972 ല്‍ തീര്‍ത്ത ബാറ്റില്‍ ഓഫ് ഗംഗ ആന്‍ഡ് യമുന: മഹാഭാരത എന്ന ചിത്രം6.5 കോടി രൂപയാണ് ലേലത്തിലൂടെ നേടിയത്.
നസ്രീന് മൊഹമെദി: 2.4 കോടി
നെടുകയും നീളത്തിലും കുറുകെയുമുള്ള വരകള്ക്കൊണ്ടുള്ള വിരുത് കാണിക്കുന്നവയാണ് നസ്രീന് മൊഹമെദിയുടെ ചിത്രങ്ങള്‍. 1937 ല്‍ കറാച്ചിയിലായിരുന്നു ജനനം. 1944 ല്‍ മുംബൈയിലേക്ക് താമസം മാറ്റി. 1954 മുതല്‍ 75 വരെ ലണ്ടണിലെ സെന്റ് മാര്‍ട്ടിന്‍സ് സ്കൂള്‍ ഓഫ് ദ ആര്‍ട്സില്‍ പഠനം. സ്കോളര്‍ഷിപ്പ് നേടി പാരീസിലും ചിത്രകലയില്‍ പഠനം തുടര്‍ന്നു. ഭാരതത്തില്‍ തിരിച്ചെത്തി ഇവിടെയുള്ള ചിത്രകാരന്മാരില് നിന്ന് ചിത്രകലയെ അടുത്തറിഞ്ഞു. വരയില്‍ തന്റെതായ ശൈലി സ്വീകരിച്ചു. നസ്രീന്റെ രചനകളെ ജ്യാമിതീയം എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ പോര. പ്രകൃതിയേയും വരയിലൊതുക്കി. നിരന്തരമായ യാത്രകള്‍ ചിത്രരചനക്ക് പ്രേരകമായി. ചെറുതും വലുതുമായ രേഖകള്‍ക്കൊണ്ട് അടയാളപ്പെടുത്തുന്ന ചിത്രങ്ങളെ രൂപശില്പത്തിനുള്ളിലെ കവിതയെന്ന് വിശേഷിപ്പിക്കുന്നു. ചിത്രരചനയില്‍ മാത്രമല്ല ചിത്രമെടുക്കലിലും പ്രവീണയായിരുന്നു നസ്രീന്.
ആധുനിക ഭാരതത്തില്‍ ചിത്രരചന തൊഴിലായി സ്വീകരിച്ച ആദ്യ മുസ്ലിം വനിതയും നസ്രീനാണ്. 1990 ല്‍ 53-ാം വയസ്സില്അന്തരിച്ചു. ഭാരതത്തിന് പുറത്തേക്ക് ഏറെ അറിയപ്പെടാതിരുന്ന ഈ ചിത്രകാരിയെ, മരണശേഷമാണ് ലോകം ശ്രദ്ധിക്കുന്നത്. 1972 ല്‍ ചിത്രരചനക്കുള്ള ലളിതകലാ അക്കാദമി അവാര്‍ഡ് നേടി. 2016 സപ്തംബര്‍ എട്ടിന് ന്യൂദല്‍ഹിയില്‍ നടന്ന ലേലത്തില്‍ നസ്രീനിന്റെ ഓയില്‍ പെയിന്റിങ് 2.4 കോടി രൂപയ്ക്കാണ് വിറ്റത്. ജലച്ചായം കൊണ്ടും മഷികൊണ്ടും പേപ്പറില്‍ തീര്‍ത്ത ചിത്രവും അന്നേദിവസം 42 ലക്ഷം രൂപക്കാണ് വിറ്റുപോയത്.
ഗഗനേന്ദ്രനാഥ് ടഗോര്‍: 1.8 കോടി
1867 സപ്തംബര്‍ 18 ന് കൊല്‍ക്കത്തയില്‍ പ്രശസ്തമായ ടഗോര്‍ കുടുംബത്തില്‍ ജനിച്ചു. കലാതല്‍പരനായിരുന്ന ഗുണേന്ദ്രനാഥ ടഗോറായിരുന്നു പിതാവ്. രവീന്ദ്രനാഥ ടഗോര്‍ അമ്മാവനായിരുന്നു. ആധുനിക ചിത്രരചനാശൈലിയോടായിരുന്നു ഗഗനേന്ദ്രനാഥിന് താല്പര്യം. പാശ്ചാത്യ ജലച്ചായ ചിത്രരചനാ സങ്കേതം സ്വായത്തമാക്കിയ ഇദ്ദേഹമാണ് ഫ്രഞ്ച് ചിത്രരചനാ ശൈലി ഭാരതത്തിന് പരിചയപ്പെടുത്തിയത്.
ഗഗനേന്ദ്രനാഥിന്റെ അനുപമമായ രചനാശൈലിയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് രവീന്ദ്രനാഥ് ടഗോറിന്റെ അഭിപ്രായം. ഗഗനേന്ദ്രനാഥ് ടഗോറിന്റെ ഹിമാലയന്‍ സ്കെച്ചുകള്‍ പ്രസിദ്ധമാണ്. രവീന്ദ്രനാഥ ടഗോറിന്റെ ആത്മകഥയായ ജീവന്സ്മൃതിക്ക് വേണ്ടി ചെയ്ത പെയിന്റിങ്ങില്‍ വ്യത്യസ്തങ്ങളായ നിരവധി ബ്രഷ് വര്‍ക് കാണാം. ചിത്രകലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഗഗനേന്ദ്രനാഥ് 1938 ല്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ റൂബന്‍സ് സ്കെച്ച് ബുക്ക് ലേലത്തിലൂടെ നേടിയത് 1.8 കോടി രൂപ.
ഇവര്‍ മാത്രമല്ല, പെയിന്റിങ്ങുകളിലൂടെ ലോകത്തിന്റെ ശ്രദ്ധനേടിയ ഭാരതീയര്‍ ഇനിയുമുണ്ട്. പ്രശസ്ത ചിത്രകാരന് അക്ബര്‍ പദംസി 1960 ല്‍ വരച്ച ‘ഗ്രീക്ക് ലാന്‍ഡ്സ്കേപ്’ എന്ന ചിത്രം 19 കോടി രൂപയാണ് ലേലത്തില്‍ നേടിയത്. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ടാണ് അടുത്തിടെ ലേലം നടത്തിയത്.അമൃത ഷെര്‍ ഗില്ലിന്റെ സെല്‍ഫ് പോര്‍ട്രെയിറ്റ് ലേലത്തില്‍ പോയത് 18.28 കോടി രൂപയ്ക്കാണ്. തൈബ് മെഹ്തയുടെ മഹിഷാസുര ലേലത്തിലൂടെ നേടിയത് 19.78 കോടി രൂപ. ഇദ്ദേഹത്തിന്റെ തന്നെ ഫോളിങ് ബുള്‍ നേടിയതാവട്ടെ 17.54 കോടി. ഇതൊക്കെ അറിയുമ്പോള്‍ പെയിന്റിങ് നിസാര സംഗതിയല്ല എന്ന് തോന്നുന്നില്ലെ. ചിത്രകാരന്മാര് അരങ്ങൊഴിഞ്ഞാലും അവരുടെ പ്രതിഭക്ക് എപ്പോഴും അംഗീകാരമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: