കാഞ്ഞങ്ങാട്: പെന്ഷന് വിതരണത്തില്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ച പുതിയ രീതി ദുരിതമായത് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക്. ഓണത്തിന് പെന്ഷന് വീട്ടിലെത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കാന്‍ ഉത്രാടവും തിരുവോണവും മറന്നാണ് ജീവനക്കാരിറങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കുടിശികയുള്ള പെന്ഷന് വിതരണം ചെയ്യുമ്പോള്‍ യാതൊരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടത്താത്തതാണ് വിതരണക്കാരെ വട്ടം ചുറ്റിച്ചത്.
ആദ്യഘട്ടം വിതണത്തിന് പെന്ഷന് ഉപഭോക്താക്കളുടെ പണവും പേരും സ്ഥലവും മാത്രമാണ് അതാതു ബാങ്കുകളിലെത്തിയത്. പെന്‍ഷന്‍കാരുടെ പൂര്‍ണ വിലാസം ഇല്ലാത്തതാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത് വലിയ ദുരിതമാണ്. ഒരു സ്ഥലത്ത് ഒരേ പേരിലുള്ള ഒന്നിലധികം ആള്‍ക്കാരുണ്ടായതും യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി. ആധാര്‍ കാര്‍ഡ് നമ്പര്‍ ഉണ്ടെങ്കിലും ഒരേ പേരുള്ളവരില്‍ ആരുടെ ആധാറാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്താന്‍ പല തവണ വീട് കയറി ഇറങ്ങേണ്ടി വന്നതായും ജീവനക്കാര്‍ പറയുന്നു. ഇതില്‍ മരിച്ചു പോയവരും സ്ഥലം മാറിപ്പോയവരും ഉണ്ട്. വിധവ പെന്ഷന്, വാര്‍ധക്യ പെന്ഷന്, വികലാംഗ പെന്ഷന് തുടങ്ങി അഞ്ചോളം പെന്‍ഷനുകളാണ് വിതരണം ചെയ്യേണ്ടത്.
ചുരുക്കത്തില്‍ തുടര്‍ച്ചയായ ഓണം അവധി പോലും ജീവനക്കാര്‍ക്കില്ലാത്ത സ്ഥിതിയാണുണ്ടായത്. പല ബാങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രാത്രികാല വാച്ച്മാന്മാരെ പെന്ഷന് വിതരണത്തിന് നിയോഗിച്ചത് ഇവര്‍ക്ക് ഉറക്കം പോലുമില്ലാത്ത അവസ്ഥയിലാക്കി. ചില സ്ഥലങ്ങളില്‍ സിപിഎം പാര്‍ട്ടിക്കാരെ വെച്ചാണ് വിതരണം നടത്തിയത്. ഇവര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണ സമ്മാനമാണിതെന്നായിരുന്നു പെന്‍ഷന്‍കാരെ വിശ്വസിപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ പല സ്ഥലത്തും പെന്ഷന് ലഭിക്കാത്തവരായും കുറേ പേരുണ്ട്. ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പെന്ഷന് ലഭിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പെന്ഷന് വിതരണം സഹകരണ ബാങ്ക് ജീവനക്കാര്ക്കുണ്ടാക്കിയ ദുരിതം പാര്‍ട്ടി അനുഭാവികളായ ജീവനക്കാര്‍ തുറന്നു പറയാന്‍ മടി കാണിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ദുരിതം തന്നെയായിരുന്നെന്ന് അവരും സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: