വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ‘താളാത്മക’ പ്രകടനമാണ് പക്ഷികളുടെ മുറതെറ്റാതെയുള്ള കുടിയേറ്റം. പലപ്പോഴും ഇത് അത്ഭുതം ജനിപ്പിക്കുന്നു. പക്ഷികള്‍ ദേശാന്തര യാത്ര നടത്തുന്നത് ഒരു ഭൂഖണ്ഡത്തിലുള്ള സ്ഥലങ്ങളില്‍ മാത്രമല്ല വന്‍കരകളില്‍നിന്ന് വന്കരകളിലേക്ക് പലായനം നടത്തുന്ന പക്ഷികളുടെ കൃത്യനിഷ്ഠയാണ് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നം. എല്ലാവര്‍ഷവും മുറതെറ്റാതെ ഒരേ മാസം, ചിലപ്പോള്‍ ഒരേ രീതിയില്‍ എന്തുകൊണ്ടാണ് പക്ഷികള്‍ ഒരിടം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത്? സഹജമായി ഉള്ളില്‍നിന്ന് ലഭിക്കുന്ന ഏതോ പ്രചോദനം, ബാഹ്യമായ താപനില, പ്രകാശത്തിന്റെ അളവ്, കാലാവസ്ഥയുടെ പ്രത്യേകത, കാന്തിക ദിശ എന്നിവയാണ് പക്ഷികളുടെ ദേശാന്തര യാത്രയുടെ പ്രേരകഘടകങ്ങളെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. പരിസ്ഥിതിയുടെ സ്വാധീനം ഏതൊക്കെ രീതിയിലാണ് ജീവജാലങ്ങളെ ബാധിക്കുന്നതെന്ന് പൂര്‍ണമായും അറിവായിട്ടില്ല. പക്ഷികളുടെ വ്യാപകമായ കുടിയേറിപ്പാര്ക്കലില്നിന്നാണ് ഏറെ തെളിവുകള്‍ കിട്ടിയിട്ടുള്ളത്. ശരത്കാലത്ത് ചില പക്ഷികള്‍ ഉത്തര ദിക്കില്‍നിന്ന് ദക്ഷിണ ദേശങ്ങൡലേക്ക് കുടിയേറിപ്പാര്‍ക്കാറുണ്ട്. പ്രകാശം പക്ഷികളുടെ ദേശാടനത്തില്‍ സജീവമായ പങ്ക് വഹിക്കുന്നുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ ആദ്യം കണ്ടെത്തി. പ്രകാശത്തിന്റെ തീവ്രത കുറഞ്ഞ കാലത്താണ് വടക്കുനിന്ന് തെക്കോട്ട് യാത്രതിരിയുന്നത്. വസന്താഗമനത്തോടെ പക്ഷികള്‍ തിരിച്ച് വടക്കുനോക്കിപ്പോകുന്നു എന്നതും സത്യമാണ്.
കൃത്യനിഷ്ഠയോടെ, ദിക്കുകള്‍ ഒട്ടും മാറിപ്പോവാതെ പക്ഷികള്‍ സഞ്ചരിക്കുന്നതിന്റെ പിന്നില്‍ ആന്തരികമായ സംവേദന ശക്തിയുണ്ടെന്ന് ഈ രംഗത്ത് ഏറെക്കാലം ഗവേഷണംചെയ്ത ശാസ്ത്രകാരന്മാര് കണ്ടെത്തി. കുടിയേറ്റക്കാരായ പക്ഷികളുടെ സഞ്ചാരപഥം നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകം അവയുടെ ശ്രവണേന്ദ്രിയങ്ങളിലെ വായു മര്‍ദ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണെന്ന വാദവും ഉണ്ടായിട്ടുണ്ട്. ഭൂഗോളത്തിന്റെ ഭ്രമണ സ്വഭാവവും പക്ഷികളില്‍ സ്വാധീനം ചെലുത്തുന്നുണ്ടത്രെ! ഇപ്പറഞ്ഞ കാരണങ്ങളൊന്നും ആധുനിക ശാസ്ത്രം തള്ളിക്കളയുന്നില്ല. പരീക്ഷണ തെളിവുകള്‍ നിരത്തിവെക്കാറായിട്ടില്ല എന്നുമാത്രം. ചില പ്രത്യേക കാഴ്ചകള്‍ മാര്‍ഗനിര്‍ദ്ദേശം നല്കത്തക്ക നിലയില്‍ അവയുടെ കണ്ണിന് പ്രത്യേകതയുള്ളതാണെന്ന ആശയത്തിന് വേണ്ടത്ര പിന്‍ബലം കിട്ടിയിട്ടുണ്ട്.
നിരവധി ബാഹ്യഘടകങ്ങളും ആന്തരിക ഘടകങ്ങളും ഒരുപോലെ സ്വാധീനിക്കുമ്പോഴാണ് ദേശാടനക്കിളികള്‍ സ്വന്തം ‘ഇല്ലം’ വിട്ട് അന്യകേന്ദ്രങ്ങളിേലക്ക് പോവുക. ഈ ദേശാന്തര യാത്ര ശാസ്ത്രീയമായി നിരീക്ഷിക്കാന്‍ ലോകത്തെങ്ങും ഇന്ന് പക്ഷിനിരീക്ഷകര്‍ കണ്ണും നട്ടിരിക്കുന്നുണ്ട്. ഹരം പകരുന്നതാണ് ദേശാടനക്കിളികളുടെ ദേശാന്തര യാത്ര. ബൈനോക്കുലേഴ്സ്, ടെലസ്കോപ്പ്, റഡാര്‍ മുതലായ പരിഷ്കൃത ഉല്‍പ്പന്നങ്ങള്‍ പക്ഷിനിരീക്ഷകര്‍ ഇതിനായി ഉപയോഗിക്കുന്നു.
പക്ഷികള്‍ കൂട്ടംകൂട്ടമായി ഒരു രാജ്യത്തുനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മറ്റൊരു രാജ്യത്തേക്ക് സ്വമേധയാ സഞ്ചരിക്കുന്നുണ്ട്. പ്രകൃതിയുടെ അംബാസഡര്മാരാണവര്. ഈ സ്വാഭാവിക സഞ്ചാരികളെക്കൂടാതെ നിരീക്ഷണ കൗതുകത്തിനായി പക്ഷികളെ ആകാശത്തേക്ക് വിടുന്ന ഏര്‍പ്പാടും ഇന്നുണ്ട്. ആദ്യം ദേശാടനത്തിനു തയ്യാറെടുക്കേണ്ടുന്ന പക്ഷികളുടെ കാലില്‍ അലൂമിനിയം മോതിരമോ പ്ലാസ്റ്റിക് വളയമോ കോര്‍ത്തിടുന്നു.
ഭാരമില്ലാത്ത അത്തരം അടയാളങ്ങള്‍ വഹിച്ചുകൊണ്ട് പറന്നുപോകാന്‍ പക്ഷികള്‍ക്ക് പ്രയാസമൊന്നുമില്ല. കാലുകളില്‍ മോതിരമണിയിച്ച തീയതി, പക്ഷികളുടെ സ്വന്തം സ്ഥലം എന്നിവ അടയാളപ്പെടുത്തുന്നതുകൊണ്ട് പക്ഷികള്‍ പറന്നകന്ന് വേറൊരു സ്ഥലത്ത് ചെന്നു പെടുകയാണെങ്കില്‍ അവിടുത്തെ നിരീക്ഷകര്‍ക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നു. ക്ഷമയോടുകൂടിയ നിരീക്ഷണസിദ്ധിയുള്ളവര്ക്ക് മാത്രമേ പക്ഷി നിരീക്ഷണം വിജയപ്രദമായി നടത്താന്‍ പറ്റൂ.
അടയാളങ്ങള്‍ കൊടുത്ത് പുറത്തേക്ക് പറക്കാന്‍ വിടുന്ന പക്ഷികളെ കുറേക്കാലത്തേക്ക് കണ്ടില്ലെന്ന് വരാം. ലോകത്തെങ്ങുമുള്ള പക്ഷി നിരീക്ഷകര്‍ പൊതുവായ ആശയങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പക്ഷിനിരീക്ഷണം കുറ്റമറ്റതായിത്തീരുകയുള്ളൂ. സൈബീരിയയില്‍നിന്ന് ഒരുതരം കൊക്കുകള്‍ വടക്കേ ഇന്ത്യയില്‍ ഭരത്പൂരില്‍ വര്‍ഷംതോറും മുറതെറ്റാതെ എത്താറുണ്ട്. കുടിയേറിപ്പാര്‍ക്കുന്ന പക്ഷികളുടെ പറുദീസയെന്നാണ് വടക്കേ ഇന്ത്യയിലെ ഭരത്പൂരിനെപ്പറ്റി വിശേഷിപ്പിക്കാറ്. ഏഷ്യയിലെ വലിയ പക്ഷിസംരക്ഷണകേന്ദ്രമാണിത്. പക്ഷികള്‍ കൂട്ടംകൂട്ടമായി പലായനം ചെയ്തുവരുന്നത് ഒക്ടോബര്‍ മാസത്തിലാണ്. ഭരത്പൂരിലെ ജലാശയങ്ങളുടെ നടുവില്‍ അവിടെയവിടെ താവളമുറപ്പിക്കാന്‍ ഇവയ്ക്ക് ഏറെ ഇഷ്ടമാണ്. വെളുത്ത കൊക്കുകളും ചക്രവാകവും സൈബീരിയയില്‍നിന്ന് പുറപ്പെട്ട് ഒരു മാസത്തെ നിരന്തരമായ പറക്കലിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തിയാല്‍ ആറുമാസമെങ്കിലും ഇവിടെ തങ്ങുകയാണ് പതിവ്.
അതിനുേശഷമാണ് വന്ന വഴി തെറ്റാതെ മടക്കയാത്ര. വിനോദസഞ്ചാരികളായ മനുഷ്യരുടെ ഇടപെടല്‍ ഈ കുടിയേറ്റക്കാരുടെ ജീവിതരീതിയെ അസ്വസ്ഥമാക്കാന്‍ ഇടയുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ കരുതുന്നു. സൈബീരിയന്‍ ചക്രവാകത്തെപ്പോലുള്ള വേറൊരു കൂട്ടരാണ് റിങ്സ്ഗ്രേവാഗ്ടൈന് എന്ന ഹിമാലയന്‍ പക്ഷികള്‍. അവയും സഞ്ചാരപ്രിയരാണ്. മുംബൈയിലെ താരതമ്യേന ചെറിയ പുല്‍പ്രദേശത്താണ് അവ എത്തുന്നത്. രണ്ടായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് എല്ലാവര്‍ഷവും കൃത്യമായി മല കടന്ന്, നദിയും നാടും കടന്ന് നഗരം കാണാന്‍ കൊതിച്ചെത്തുന്ന ഈ പക്ഷികളുടെ കൃത്യനിഷ്ഠയെക്കുറിച്ച് വിശ്വപ്രസിദ്ധ ഇന്ത്യന്‍ പക്ഷിനിരീക്ഷകനായ ഡോ. സലിം അലി വിശദമായ പഠനം നടത്തിയിരുന്നു. അനന്യസാധാരണമായ സമയനിഷ്ഠയുള്ളവയാണീ പക്ഷികളെന്ന് ഡോ.സലിം അലി അഭിപ്രായപ്പെടുന്നു.
സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന ഒരുതരം ആന്തരിക ചോദനയാണ് സസ്യങ്ങളെയും മൃഗങ്ങളെയും താളാത്മകമായ പെരുമാറ്റച്ചട്ടം ശീലിപ്പിക്കുന്നതെന്ന് മനസിലാക്കിയപ്പോഴാണ് ഗസ്റ്റ് സ്റ്റാഫ് ക്രാമര്‍ എന്ന പ്രകൃതിനിരീക്ഷകന് പറഞ്ഞത്. ”സൂര്യന് പക്ഷികളെ സംബന്ധിച്ചിടത്തോളം ഒരു കോമ്പസാണ്. മാര്‍ഗദര്‍ശിയും.” പക്ഷികള്‍ ഒരു പ്രദേശം വിട്ട് മറ്റ് പ്രേദശം ലക്ഷ്യമാക്കി പോകുമ്പോള്‍ മറ്റൊരു ഭൗതികമായ വിപരീതാവസ്ഥ തരണംചെയ്യുമെന്നുകൂടി വിചാരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അസഹനീയമായ താപവ്യതിയാനം പക്ഷികളെ ഇതിന് ്രേപരിപ്പിക്കുന്ന ഘടകമാണ്. അവ ശരീരത്തിന് കൂടുതല്‍ സുഖം നല്കുന്ന ചുറ്റുപാട് തേടിപ്പോകുന്നു എന്നുമാത്രം. ഇപ്പറഞ്ഞത് ഒരു പൊതു നിയമമാണ്. ഇതിന് അപവാദവും ഇല്ലാതില്ല, ധ്രുവപ്രദേശത്തുമാത്രം കാണപ്പെടുന്ന പെന്ഗ്വിന് പക്ഷികള്‍ എത്ര കഠിനമായ തണുപ്പ് സഹിക്കേണ്ടിവന്നാലും അന്റാര്‍ട്ടിക വിട്ടുപോകില്ലത്രെ! പെന്ഗ്വിന് പക്ഷികളെ സംബന്ധിച്ചിടത്തോളം അതികഠിനമായ തണുപ്പിനെ എതിര്‍ത്ത് തോല്പ്പിക്കത്തക്ക നിലയിലുള്ള ശരീരാവരണവും മറ്റുപായങ്ങളുമുണ്ട്. അതാണത്രേ പെന്ഗ്വിന് പക്ഷി എങ്ങും ദേശാന്തര യാത്രക്ക് പുറപ്പെടാതിരിക്കുന്നത്.
മൊണാര്‍ക്ക് ശലഭത്തോട് അസൂയ
നമ്മുടെ കൈത്തണ്ടയില്‍ അണിഞ്ഞ റിസ്റ്റ്വാച്ചിലെ സൂചി നമ്മെ സമയം ബോദ്ധ്യപ്പെടുത്തുന്നതുപോലെ തേനീച്ചകളെയും പൂമ്പാറ്റകളെയും വണ്ടുകളെയും മറ്റും ഒരുതരം ആന്തരിക ചോദന സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഫലമായിട്ടാണ് ബാഹ്യമായ പ്രത്യേക ്രപതികരണങ്ങള്‍ ആ ജീവജാലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പക്ഷികളുടെ കാര്യത്തിലെന്നപോലെ ഈ ലളിത ജന്തുക്കളും അനന്യമായ ജീവഘടികാരത്തിന്റെ പിടിയിലാണ് ജീവിതം മുന്നോട്ടു നീക്കുക.
ആയിരക്കണക്കിന് കിലോമീറ്റര്‍ ആകാശത്തിലൂടെ സഞ്ചരിച്ച് ദേശങ്ങള്ക്കുശേഷം ദേശങ്ങള്‍ കീഴടക്കുന്ന പക്ഷികളെ നമുക്ക് പറക്കാനനുവദിക്കാം! ദേശാടനക്കിളികള്‍ പറന്നകലട്ടെ! പിന്നെയും തിരികെ വരാന്‍ ഒരുതരം ഭംഗിയുള്ള പൂമ്പാറ്റകളുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും അവയാണ് മൊണാര്‍ക്ക് പൂമ്പാറ്റ. വളരെ ഭംഗിയുള്ള ചിറകുകള് അണിഞ്ഞ പൂമ്പാറ്റകള്‍ ആരെയും ആകര്‍ഷിക്കുന്നു. ചിറക് വിടര്‍ത്തിയാല്‍ കുറുകെയായി കടുത്ത നിറത്തില്‍ ഒരു വര കാണാം. ഈ പക്ഷികള്‍ കൂട്ടംകൂട്ടമായാണ് സഞ്ചരിക്കുന്നത്. അവ വെറുതെ സഞ്ചരിക്കുകയല്ല. ദേശാടനംതന്നെയാണ്. ചെറിയ ചെറിയ സംഘങ്ങള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഇവ വലിയ ഗ്രൂപ്പായിത്തീരുന്നത്. ഐക്യനാടുകളുടെ തെക്കന്‍ പ്രദേശം ലക്ഷ്യമാക്കി നീങ്ങുന്ന മൊണാര്‍ക്ക് പൂമ്പാറ്റ സംഘങ്ങള്‍ സഞ്ചാരപഥത്തില്വെച്ചുതന്നെ കൂട്ടംകൂടി ഒരു വലിയ മൊണാര്‍ക്ക് പട രൂപംകൊള്ളുകയാണ് പതിവ്. വലിയ സംഘം കുറെനേരെ പറന്നുകഴിഞ്ഞശേഷം രണ്ടുചേരിയായി തിരിഞ്ഞ് ഒന്ന് പസഫിക് തീരത്തേക്കും മറ്റേത് പൂര്‍വ്വ അമേരിക്കയിലേക്കും പോകുന്നു. രണ്ട് ഗ്രൂപ്പുകളും ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ വിശേഷിച്ച് എന്തെങ്കിലും ചെയ്യണമെന്നൊന്നും അവയ്ക്കില്ല. അവിടവിടെയായി കാണുന്ന പ്രത്യേകതരം മരങ്ങളില്‍ കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരിക്കുകയാണ് പതിവ്. വെറുതെ പറ്റിക്കൂടി ഇരിക്കുകയല്ല ഉറക്കവും പതിവാണ്.
മൊണാര്‍ക്ക് പൂമ്പാറ്റകള്‍ക്ക് പരമ്പരാഗതമായി കൈവന്ന താളബോധവും ഓര്‍മ്മശക്തിയുമാണ് അവയുടെ കുടിയേറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ആദ്യം കുടിയേറ്റം നടത്തിയ പൂമ്പാറ്റകളുടെ പിന്മുറക്കാരാണ് മുറതെറ്റാതെ ഈ കീഴ്വഴക്കം പാലിച്ചുപോരുന്നത്. ഇത്തരം മാര്‍ഗബോധം പൂമ്പാറ്റകള്ക്കെങ്ങനെ കിട്ടി എന്ന് ആലോചിക്കുമ്പോള്‍ നാം ജിജ്ഞാസാഭരിതരാകുന്നു. എല്ലാ വര്‍ഷവും പൂമ്പാറ്റകള്‍ ഒരേതരം വൃക്ഷങ്ങളിലേക്കാണ് ചേക്കേറുന്നത് എന്നതും രസകരമാണ്. തെക്കന്‍ പ്രേദശത്തെ ഈ സന്ദര്‍ശനം കഴിഞ്ഞ് അവ വടക്കോട്ട് യാത്രയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: