ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് കുരുക്ഷേത്ര പ്രസിദ്ധീകരണശാലയുടെയും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും പിന്നിലെ ചാലകശക്തിയായ ഇ.എന്‍.നന്ദകുമാറിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍, നെട്ടൂര്‍ ക്ഷേത്രത്തിനടുത്തുള്ള കല്യാണ മണ്ഡപത്തില്‍ പോയിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുടെ
സമാഗമംപോലെയായിരുന്നുവെന്നു പറയുന്നത് ന്യൂനോക്തിയാവും. എറണാകുളം ജില്ലയിലെന്നല്ല പുറത്തുനിന്നുള്ള സാഹിത്യ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തക മേഖലകളിലുള്ള മുതിര്‍ന്ന വ്യക്തിത്വങ്ങളുടെ കൂടി സമാഗമാവസരമായിരുന്നുവെന്നതാണ് ശരി. ആരെയൊക്കെ പരാമര്‍ശിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ കഴിയാത്തത്ര വിശിഷ്ട വ്യക്തിത്വങ്ങളെ അവിടെ കണ്ടു പരിചയം പുതുക്കാന്‍ അവസരം ലഭിച്ചു. പൊതുരംഗത്തു സജീവമായി നില്‍ക്കുന്നവര്‍ക്ക് അഭിഗമ്യമായ സന്തോഷാവസരമായിത്തന്നെ അതിനെ കാണാം.
നന്ദകുമാര്‍ കുരുക്ഷേത്രയുടെ സാരഥ്യം ഏറ്റെടുത്ത് മൂന്നുപതിറ്റാണ്ടാകാറായി. അത് ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണശാലയെന്നതിനെക്കാള്‍ വിശാലമായ മേഖലകളില്‍ വ്യാപകത്വമുള്ള പ്രസ്ഥാനമായിക്കഴിഞ്ഞു. അതിന്റെ തുടക്കവുമായി ബന്ധപ്പെട്ട സന്ദര്ഭത്തിലേക്ക് പിന്തിരിഞ്ഞുനോക്കാനുള്ള അസരമായി സംഘപഥത്തെ ഉപയോഗിക്കുകയാണ്.
ജന്മഭൂമി വായനക്കാര്‍ക്ക് അറിവുള്ളതുപോലെ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ജനസാമാന്യത്തിനും പത്രമാരണ നടപടികളുടെ ഫലമായി വൃത്താന്ത ദാരിദ്ര്യം മൂലം ഇരുട്ടില്‍തപ്പിക്കഴിഞ്ഞവര്‍ക്കും വിവരങ്ങള്‍ എത്തിക്കാനായി പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ പത്രികയായിരുന്നു കുരുക്ഷേത്രം. തികച്ചും അര്‍ത്ഥഗര്‍ഭമായ പേര് വഹിച് ആ പത്രിക അധര്‍മത്തിനെതിരായി സന്ധിയില്ലാപ്പോരാട്ടം നടന്ന കാലഘട്ടത്തിന്റെ വെളിച്ചം വിതറിയ വിളക്കായിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം ഹൈന്ദവതക്ക് പ്രാധാന്യം നല്‍കുകയും അതിനെതിരായ ഇടതുപക്ഷമതേതര നാട്യക്കാരുടെ പ്രചാരണങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ സൃഷ്ടിക്കാന്‍ എന്തു ചെയ്യണമെന്ന് ചിന്തിക്കാന്‍ എറണാകുളത്ത് ദര്‍ബാര്‍ ഹാള്‍ റോഡിനടുത്തുള്ള സ്ഥലത്ത് യോഗം ചേര്‍ന്നു. ഹരിയേട്ടന്, മാധവ്ജി, പ്രാന്തകാര്യവാഹ് ടി.വി. അനന്തന്, കെ.ജി.വാധ്യാര്, പ്രചാരക സ്ഥാനത്തുനിന്ന് വിരമിച്ച വി.സനല്‍ കുമാര്‍ തുടങ്ങി കുറേപ്പേര് അതില്‍ സംബന്ധിച്ചു. സംഘത്തെ നേരിട്ട് അവതരിപ്പിക്കുന്ന പുസ്തകങ്ങളും പൊതുവായ ഹിന്ദുവീക്ഷണം നല്കുന്ന ചിന്തോദ്ദീപകമായ പുസ്തകങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം അവിടെ ഉന്നയിക്കപ്പെട്ടു. വീര സാവര്‍കറുടെ ഭാരതചരിത്രത്തിലെ ആറു സുവര്‍ണ ഘട്ടങ്ങള്‍, ബാല്‍ ശാസ്ത്രി ഹര്‍ദാസിന്റെ സായുധ സ്വാതന്ത്ര്യസമരം, ധരംവീറിന്റെ ബ്യൂട്ടിഫുള്‍ ട്രീ തുടങ്ങിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സംഘസാഹിത്യമെന്ന നിലയ്ക്ക് പൂജനീയ ഡോക്ടര്‍ജിയുടെ നാരായണ്‍ ഹരി പാല്കര് രചിച്ച സമഗ്രജീവചരിത്രം മലയാളത്തിലാക്കുന്ന ജോലി ഞാന്‍ ആരംഭിച്ച വിവരം അവിടെ പറഞ്ഞു. പ്രസിദ്ധീകരണ സ്ഥാപനത്തിന് പേര് കുരുക്ഷേത്ര എന്നുതന്നെയാവണമെന്ന്, ആ പേരിന് കൈവന്ന മാസ്മരികത അപ്പോഴും മനസ്സില്‍ നിലനിന്നിരുന്നവരുടെ സര്‍വസമ്മതമായ അഭിപ്രായമായി.
ഡോക്ടര്‍ജിയുടെ ബൃഹദ് ജീവചരിത്രം അദ്ദേഹത്തിന്റെ സ്മൃതി മന്ദിരോദ്ഘാടനത്തിന് 1962 ല്‍ നാഗ്പൂരില്‍ പോയ അവസരത്തില്‍ അവിടെനിന്നു വാങ്ങിയതായിരുന്നു. പണ്ഡിത് ദീനദയാല്‍ജി മറാഠിയില്‍നിന്ന് വിവര്‍ത്തനം ചെയ്തതായിരുന്നു അതെന്ന് വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണറിഞ്ഞത്. പാരായണ ഗ്രന്ഥംപോലെ എത്രയോ തവണ അതു വായിച്ചിരുന്നു. അക്കാലത്തു തന്നെ അത് മലയാളത്തിലാക്കണമെന്ന് മോഹിച്ചു. ഏതാനും അധ്യായങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആ കടലാസുകള്‍ അടിയന്തരാവസ്ഥക്കാലത്ത് മറ്റു ചില പുസ്തകങ്ങളോടൊപ്പം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സ്ഥലത്തുനിന്ന് തിരികെ കിട്ടാതെ പോയി. അതുകൊണ്ടുകൂടിയാണ് പുസ്തക വിവര്‍ത്തനം മുഴുമിക്കണമെന്ന ചിന്ത വന്നത്.
അതിനിടെ 1985-86 കാലത്ത് ജന്മഭൂമി പ്രസിദ്ധീകരണം ഒരു വര്‍ഷത്തിലേറെക്കാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നു.
അക്കാലത്ത് ആ പുസ്തകത്തിന്റെ വിവര്‍ത്തനം പൂര്‍ത്തീകരിച്ചു. ഹിന്ദിയില്‍ അഞ്ഞൂറിലധികം പുറങ്ങളും വിഷയസൂചിയും വരുന്നതായിരുന്നു പുസ്തകം. 1989 ല്‍ പൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി സമയത്ത് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കേരളത്തിലെ സ്വയംസേവകര്‍ക്ക് സമ്പത്താകുമതെന്ന് കരുതി. പ്രാന്തകാര്യാലയത്തില്‍ കൊണ്ടുവന്നു പരമേശ്വര്‍ജിയെ കാണിച്ചു വിവരം ധരിപ്പിച്ചപ്പോള്‍, അതിനെ ജീവിതത്തിലെ ഏറ്റവും ധന്യമായ കൃത്യമായി കരുതണമെന്ന് പറഞ്ഞു. ജന്മശതാബ്ദി വേളയില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടത്ര സമയം ഉണ്ടായിരുന്നു. ജന്മശതാബ്ദി സമയത്ത് പ്രസിദ്ധീകരിക്കാന്‍ ശേഷാദ്രിജി, ഡോക്ടര്‍ജിയുടെ ജീവചരിത്രം തയ്യാറാക്കിയതാണ് പ്രസിദ്ധീകരിക്കുക എന്നറിഞ്ഞു. വലിയ വിവര്‍ത്തനം കോഴിക്കോട്ടെ ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റിനെ ഏല്‍പ്പിക്കുമെന്നും വിവരം കിട്ടി.
വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ആ കൈയെഴുത്തു പ്രതി എവിടെയാണെന്ന് കണ്ടെത്താനായില്ല. പ്രാന്തകാര്യാലയത്തിലെ പഴയ കടലാസുകള്‍ സൂക്ഷിച്ചുവച്ച സ്ഥലങ്ങളിലെല്ലാം ഞാന്‍ നേരിട്ട് തിരഞ്ഞതും വൃഥാവിലായി. അങ്ങനെ ഒരു വര്‍ഷക്കാലത്തെ പരിശ്രമം മുഴുവന്‍ വെള്ളത്തിലായി. ഷേക്സ്പിയറുടെ ‘ലൗസ് ലേബേഴ്സ് ലോസ്റ്റ്’ എന്ന നാടകത്തിന്റെ പേര് ആ നഷ്ടത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവരുമായിരുന്നു.
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. 1998 ല്‍ പേരാമംഗലത്തു നടന്ന ദ്വിതീയവര്‍ഷ ശിക്ഷാവര്‍ഗിന്റെ ശിബിരാധികാരിയായി താമസിച്ച വേളയില്‍ അക്കാലത്ത് കേസരി പത്രാധിപരുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ ശിബിരത്തില്‍ താമസിച്ചിരുന്നു. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് നന്മണ്ട ശാഖയിലെ സ്വയംസേവകനായിരുന്ന കാലത്തു തന്നെ പരിചയപ്പെട്ടിരുന്നെങ്കിലും അടുത്തറിഞ്ഞത് അപ്പോഴായിരുന്നു. കേസരിയുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രാസംഗികമായി ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് പ്രസിദ്ധീകരിക്കാനായി മേല്‍ പറയപ്പെട്ട വിവര്‍ത്തനം ഏല്‍പ്പിച്ചത് നഷ്ടപ്പെട്ട വിവരം അദ്ദേഹത്തോട് പറഞ്ഞു. കേസരിയില്‍ കെട്ടിവച്ചിട്ടുള്ള പഴയ കടലാസുകള്‍ തിരഞ്ഞുനോക്കുന്നതിനിടയില്‍ കിട്ടിയ കെട്ട് ഡോക്ടര്‍ജിയുടെ ജീവചരിത്രമാണെന്നും താനതിന്റെ കുറെ ഭാഗങ്ങള്‍ വായിച്ചുവെന്നും വെളിപ്പെടുത്തിയപ്പോള്‍ നടപ്പാതിരയ്ക്ക് സൂര്യനുദിച്ച അനുഭവമാണെനിക്കുണ്ടായത്.
പിന്നീടത് കേസരിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അത് അനേകം മാസങ്ങള്‍ തുടര്‍ന്നു. കേസരി ലേഖകരുടെ സംഗമത്തില്‍ വാരികയ്ക്ക് വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശാവതരണങ്ങള്‍ക്കിടയില്‍ ഒന്നുരണ്ടുപേര് ഇത് തുടര്‍ന്നു പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന അഭിപ്രായം പറഞ്ഞു. ഡോക്ടര്‍ജിയുടെ മഹത്വം അറിയാത്ത, സംഘബാഹ്യരായിരുന്നു അവരെങ്കിലും ജീവചരിത്രം പൂര്‍ത്തിയാകുമുമ്പുതന്നെ പ്രസിദ്ധീകരണം നിര്‍ത്തി. എങ്കിലും ജീവിതം അവസാനിക്കുന്നതുവരെയുള്ള ഭാഗം വന്നുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെപ്പറ്റിയും മറ്റുമുള്ള ഒരധ്യായമാണ് മുഖ്യമായും ഒഴിവാക്കപ്പെട്ടത്. പ്രസിദ്ധീകരിച്ചിടത്തോളം ഞാന്‍ സൂക്ഷിച്ചുവച്ചതിനാല്‍ പഴയ നഷ്ടബോധം ഇന്നില്ല.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത് തൊടുപുഴയില്‍ നാലുദിവസം തങ്ങിയ വേളയിലെ ഒരു കാര്യക്രമം സംസ്ഥാനത്തെ സംഘചാലകന്മാര്‍ക്കുവേണ്ടിയുള്ളതായിരുന്നു.
സംഘചാലകന്മാര് സംഘത്തിന്റെ ചരിത്രവും അതു കടന്നുവന്നവഴികളേയും പറ്റി ശരിക്കും പഠിച്ചു മനസ്സിലാക്കണമെന്ന് പറയുന്നതിനിടെ ഓരോ ഘട്ടത്തിലും സകല പരിതസ്ഥിതികളും വിപരീതമായിരുന്നിട്ടും അവയെ ഡോക്ടര്‍ജി എങ്ങനെ ബോധപൂര്‍വം തരണം ചെയ്തുവെന്ന് മനസ്സിലാക്കാന്‍ നാരായണ്‍ ഹരിപാല്‍കര്‍ എഴുതിയ സമഗ്ര ജീവചരിത്രം സഹായകരമാവുമെന്നു പറഞ്ഞു. അതുവായിച്ചവരായി അക്കൂട്ടത്തില്‍ ആരുമുണ്ടായിരുന്നില്ല. ”ലൗസ് ലേബേഴ്സ് ലോസ്റ്റ്” അനുഭവം വീണ്ടുമെന്നെ ബാധിച്ചു. ശ്രീ പാല്കര് ഡോക്ടര്‍ജിയുടെ സഹപ്രവര്‍ത്തകനായിരുന്നുവെന്നു മാത്രമല്ല സംഘസ്ഥാപകനുമായി ബന്ധപ്പെട്ട സകല സംഭവങ്ങളേയും അവയുടെ രേഖകളേയും പറ്റി ഗഹനമായ ഗവേഷണം നടത്തിയാണ് പുസ്തകം തയ്യാറാക്കിയത്.
സംഘം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തിന്റെ സമഗ്രതയുടെ ഭാവാത്മകമായ ആവിഷ്കരണത്തിന് ഡോക്ടര്‍ജിയുടെ ജീവിതം സ്വയം സേവകര്‍ക്കും ബന്ധുക്കള്‍ക്കും ലഭ്യമാകേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് ഇത്രയും എഴുതിയത്. ആ ചിന്തയുണരാന്‍ നെട്ടൂരിലെ സല്‍ക്കാരവേദിയില്‍ സമ്മേളിച്ച സുഹൃദ് സഞ്ചയത്തിനിടയില്‍പെട്ടത് നിമിത്തമായി എന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: