ഈ മധുരവാക്ക് കേട്ട് സംപ്രീതയായ യശോദ പുത്രനെ മടിയില്‍ വെച്ചുകൊടുത്തു. അവള്‍ ശിശുവിനെ മടിയില്‍വെച്ച് പലവുരു ചുംബിച്ചു. പുണ്യവതിയായ അവള്‍ ഹരിക്കു മുലപ്പാല്‍ നല്‍കിക്കൊണ്ടിരുന്നു. പ്രാചീനകാലത്ത് ഇങ്ങനെയുള്ള പതിവുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ വരുന്ന സ്ത്രീകള്‍ എല്ലാം മൂലയൂട്ടുക പതിവായിരുന്നു. ഇന്നും വടക്കേയിന്ത്യയില്‍ ചിലസ്ഥലങ്ങളില്‍ നടന്നുവരുന്നു.
കൃഷ്ണന്‍ അവളുടെ വക്ഷസ്സിലിരുന്ന് പ്രാണങ്ങളോടൊപ്പം വിഷസ്തനം പാനം ചെയ്തു. അവള്‍ കൃഷ്ണനേയും സ്വന്തം ശരീരത്തേയും ഉപേക്ഷിച്ചു. വികൃതാകാരത്തോടുകൂടിയവളായി മലര്‍ന്നടിച്ചുവീണു. സ്ഥൂലശരീരം ഉപേക്ഷിച്ച അവള്‍ സൂക്ഷ്മശരീരം സ്വീകരിച്ച് വിഷ്ണുപാര്‍ഷദന്മാര്‍ കൊണ്ടുവന്ന രത്‌നമഞ്ചലേറി ഗോലോകത്തേക്കു യാത്രയായി. നന്ദഗോപര്‍ പൂതനയുടെ ശരീരം ദഹിപ്പിച്ചു. അതില്‍നിന്ന് ചന്ദനം, അകില്‍, കസ്തൂരി മുതലായവയുടെ ഗന്ധമുയര്‍ന്നു.
ഈ കഥകേട്ട് അദ്ഭുതപ്പെട്ട നാരദന്‍ ചോദിച്ചു. ആ രാക്ഷസി ആരായിരുന്നു? എന്തു പുണ്യം ചെയ്തിട്ടാണ് കൃഷ്ണനെ കാണുകയും കൃഷ്ണലോകം പ്രാപിക്കുകയും പെയ്തത്? അപ്പോള്‍ നാരായണന്‍ പറഞ്ഞു: ബലിയുടെ യാഗത്തില്‍വച്ച് വാമനനെ കണ്ടപ്പോള്‍ ബലിയുടെ പുത്രിയായ രത്‌നമാല മനസില്‍ ഇങ്ങനെ ചിന്തിച്ചു: ഇപ്രകാരം ഒരു പുത്രന്‍ എനിക്കുണ്ടായെങ്കില്‍ അവനെ മടിയിലിരുത്തി സ്തന്യം പാനം ചെയ്യിക്കുമായിരുന്നു. ബലിയെ പാതാളത്തിലേക്ക് താഴ്‌ത്തിയതുകണ്ട രത്‌നമാല ഇവനെന്റെ മകനായിവന്നാല്‍ ഞാന്‍ പാലിനോടൊപ്പം സ്തനത്തില്‍ വിഷംപുരട്ടി കൊടുക്കും. ഈ രണ്ടുമനോഗതവും മനസിലാക്കിയ വിഷ്ണു ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു. ആ രത്‌നമാലയാണ് പുതനയായി ജനിച്ചത്.
















