കോഴിക്കോട്: കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണജൂബിലി സമ്മേളനം 18 മുതല്‍ 25 വരെ കോഴിക്കോട്ട്. ശ്രീനാരായണസെന്റിനറി ഹാള്‍, കെ.പി. കേശവമേനോന് ഹാള്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍. സെമിനാര്‍, വിചാരസന്ധ്യ, സംഘടനാ സമ്മേളനം എന്നിവയുണ്ടാകും.
18 ന് രാവിലെ കെ.പി. കേശവമേനോന് ഹാളില്‍ നടക്കുന്ന സെമിനാര്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിക്കും. 19 ന് വൈകിട്ട് വിചാരസന്ധ്യയില് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി പ്രഭാഷണം നടത്തും. 20 ന് വൈകിട്ട് ക്ഷേത്രാചാരങ്ങളുടെ ഉള്‍പ്പൊരുള്‍ എന്ന വിഷയത്തെക്കുറിച്ച് കെ.വി. വാമനന് പ്രഭാഷണം നടത്തും. 21 ന് പുരാണങ്ങളുടെ പുണ്യത എന്ന വിഷയത്തില്‍ ഡോ.വിശ്വനാഥന് നമ്പൂതിരിയും. 25 ന് സനാതന ധര്‍മ്മവും ദര്‍ശനങ്ങളും ജീവിതമൂല്യങ്ങളും എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരിയും പ്രഭാഷണം നടത്തും.
23 ന് രാവിലെ 10 മുതല്‍ സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം കേളപ്പജി മന്ദിരത്തില്‍ ചേരും. 24, 25 തിയ്യതികളിലായി ശ്രീനാരായണ സെന്റിനറി ഹാളില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. 24 ന് രാവിലെ 9.30 ന് ആര്‍എസ്എസ് അഖില ഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ജി പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ എ.കെ.ബി. നായര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, സ്വാമി അയ്യപ്പദാസ്, എ. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായുള്ള ക്ഷേത്രജ്യോതി പുരസ്കാരം കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ഭാഗവതാചാര്യന്‍ പാലാഞ്ചേരി സുബ്രഹ്മണ്യന് നമ്പൂതിരി, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വാദ്യകലാകാരന് ഉള്ള്യേരി ശങ്കരമാരാര്‍, തിരക്കഥാകൃത്ത് പി.ആര്. നാഥന് എന്നിവര്‍ക്ക് നല്കി ആദരിക്കുമെന്നും സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘംചെയര്‍മാന്‍ എ.കെ.ബി.നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന് കോലേഴി, സംഘടനാ സെക്രട്ടറിമാരായ ടി.യു. മോഹനന്, ജിബി ദിനചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: