ഈരാറ്റുപേട്ട: പാചക വാതകം ചോര്‍ന്ന് വീട്ടുപകരങ്ങളും വസ്ത്രങ്ങളുമടക്കം കത്തി നശിച്ചു. ആളപായം ഇല്ല. ഈരാറ്റുപേട്ട വട്ടക്കയം ബാവേരുകുന്നേല്‍ ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഈരാറ്റുപേട്ട മാളിയേക്കല്‍ ഷാനവാസിന്റെ വീട്ടിലാണ് പാചക വാതകം ചോര്‍ന്നത്. ആഹാരം പാകംചെയ്യുന്നതിന് ഗ്യാസടുപ്പില്‍ പാത്രം വച്ചശേഷം വീട്ടുകാര്‍ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ചെറിയ സ്‌ഫോടന ശബ്ദത്തോടെ തീ ആളുന്നത് കണ്ടത്. ഉടന്‍ വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ജാറില്‍നിന്നും വെള്ളമൊഴിച്ച് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗികമായി മാത്രമെ അണക്കാനായുള്ളു. ഗ്യാസ്‌കുറ്റി കത്തി നിന്നിരുന്നതുകാരണം ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. വീടിന്റെ മേല്‍കൂരയും ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍, വാഷിംഗ്് മെഷീന്‍, പാത്രങ്ങള്‍ അലമാര, ഫ്രിഡ്ജ് , പുസ്തകം ബുക്കുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍സിബുക്ക്, ലൈസന്‍സ്, റേഷന്‍ കര്‍ഡ് മുതല്‍ ആധാര്‍ കാര്‍ഡ് വരെ എല്ലാരേഖകളും കത്തി നശിച്ചു.
ഷാനവാസിന്റെ ഭാര്യ ഫാത്തിമയും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ വരാന്തയിലായിരുന്നത് ഭാഗ്യമായി. ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്നിനാണ് അപകടം. ഈ ഭാഗത്തേക്കുള്ള റോഡ് വീതി കുറവായതു കാരണം ഫയര്‍ ഫോഴ്‌സിന് വന്നെത്താന്‍ താമസം നേരിട്ടു. വെള്ളവുമായെത്തിയ ഫയര്‍ ഫയര്‍ വാഹനത്തിന് സ്ഥലത്തെത്താനായില്ല. ചെറിയ വാഹനത്തില്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തീ അണച്ചത്. ഫയര്‍ ഫോഴ്‌സിനൊപ്പം ഈരാറ്റുപേട്ട പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
















