പൊന്‍കുന്നം: തമോഗുണമല്ല മണിമലക്കുന്നില്‍ ദുശ്ശാശനന്. ദുഷ്ടതയുടെ പര്യായമായ കൗരവരിലെ രണ്ടാമന്‍ ഇവിടെ സത്വഗുണ മൂര്‍ത്തിയാണ്. മഹാഭാരത ഇതിഹാസത്തില്‍ ക്രൂരതയുടെ പര്യായമായ ദുശ്ശാസനന്‍ ചിറക്കടവ് മണിമലക്കുന്നിലെ പേരൂര്‍ കാവില്‍ സര്‍വ്വാഭീഷ്ടദായകന്‍.
തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളിലാണ് കാവില്‍ ദുശാസനന്റെ തിരുനാള്‍ ആഘോഷം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ദുശ്ശാസന പ്രതിഷ്ഠയ്‌ക്ക് മുമ്പില്‍ കാലം മാറിയിട്ടും പ്രാചീന ആരാധനാ രീതിയും അനുഷ്ഠാനവുമാണ് തുടരുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള നിവേദ്യചടങ്ങ് ഈ ദിനത്തിലാണ്. കപ്പ ചുട്ടതും മദ്യവുമാണ് നേദിക്കുന്നത്. ഒപ്പം കരിക്കേറെന്ന വിശേഷ ചടങ്ങും നടക്കും.
500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കാവ് നിബിഢവനത്തിന് സമാനമാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് സമ്പന്നമായ കാവ് ഒരിക്കല്‍ ഈ പ്രദേശം വനഭൂമിയായിരുന്നുവെന്നതിന്റെ തെളിവുകൂടിയാണ് അവശേഷിപ്പിക്കുന്നത്. ശബരിമല വനത്തിന്റെ ഭാഗമായി കരുതപ്പെടുന്ന മേഖലയില്‍ കൗരവര്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഐതീഹ്യമുണ്ട്.
പാണ്ഢവരും ഈ വനഭൂമിയില്‍ സഞ്ചരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശബരിമല വനാന്തരത്തിലും അനുബന്ധ മേഖലകളിലും ചില മലകളും കുന്നുകളും നൂറ്റവരായ കൗരവരുടെ പേരില്‍ അറിയപ്പെടുകയും മലയൂട്ട് എന്ന ആചാരം പ്രാചീന കാലം മുതല്‍ നിലനില്‍ക്കുകയും ചെയ്യുന്നത് ഈ ഐതീഹ്യത്തിന്റെ തുടര്‍ച്ചയാണ്. കൃഷിഭൂമിയെ സംരക്ഷിക്കുന്ന കാവലാളായാണ് ഈ മൂര്‍ത്തികളേറെയും വിളങ്ങുന്നത്. പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും നാടിനെ രക്ഷിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്നത് ഈ മൂര്‍ത്തികളാണെന്നാണ് പരമ്പരാഗത വിശ്വാസം.
മണിമലക്കുന്നിലെ ദുശ്ശാസന കാവില്‍ കരിക്കേറ് ചടങ്ങ് നടക്കുമ്പോള്‍ വനാന്തരത്തില്‍ ഉള്ള ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെയുള്ള കൗരവ പരമ്പരയിലെ 101 പേരെയും അനുസ്മരിച്ചാണ് കര്‍മ്മി വിളിച്ചുചൊല്ലി പ്രണാമം അര്‍പ്പിക്കുന്നത്. ചടങ്ങിലേക്കായി സമീപ പ്രദേശത്തെ ഭക്തര്‍ ദുശാസനനു മുമ്പില്‍ കരിക്കുകള്‍ സമര്‍പ്പിക്കും. ഭക്തി പൂര്‍വ്വം ചടങ്ങുകളില്‍ പങ്കെടുത്താവും ഇവരുടെ മലയിറക്കം. ഇനി അടുത്ത ചിങ്ങത്തിലെ അവിട്ടം നാളിലാവും ഭക്തരുടെ ഇവിടേക്കുള്ള വരവ്.
















