കാഞ്ഞങ്ങാട്: ഓണോത്സവത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ കച്ചവടം ചെയ്യാനെത്തിയ വ്യാപാരികളോട് അമിത വാടക ഈടാക്കുന്ന നഗരസഭയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പച്ചു. യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ഉദ്ഘാടനം ചെയ്തു. തൊഴിലാളി സ്നേഹം പറയുന്ന സിപിഎം അവര്‍ ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ വഴിയോരകച്ചവടക്കാരോട് അമിത വാടക ഈടാക്കി ദ്രോഹിക്കുന്നത് തൊഴിലാളി സ്നേഹമാണോ എന്ന് നഗരസഭ ചെയര്മാന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപജീവനത്തിന് വേറെ വഴിയില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് വിശേഷ ദിവസങ്ങളില്‍ നാഗരത്തില്‍ കച്ചവടത്തിനെത്തുന്നത്. ഇത്തരക്കാരെ നഗരപരിഷ്കരണത്തിന്റെ പേരില്‍ നഗരസഭ പിഴിയുകയാണ്. പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതിന് തുല്യമാണിത്.
കച്ചവടത്തിന് ന്യായമായി വാടക ഈടാക്കുന്നതിന് പകരം 200, 500, 1000 എന്നിങ്ങനെയാണ് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്നത്. ഇതിന് കൃത്യമായി രസീതിയും നല്‍കിയിട്ടില്ല. പണം പൂര്‍ണമായും നഗരസഭ ഖജനാവിലേക്കാണോ സിപിഎം ഖജനാവിലേക്കാണോ എത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓണാഘോഷം അട്ടിമറിക്കന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണപൂക്കളമിടേണ്ടെന്ന് ഉത്തരവിട്ട പിണറായിയുടെ അതേ ശൈലിയാണ് നഗരസഭ ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ കല്ല്യാണ്‍ റോഡ്, ജനറല്‍ സെക്രട്ടറി ശ്രീജിത് പറക്കളായി, ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍ അരയി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: