നമ്മുടെ അടുക്കളയില്‍ ചെറുതല്ലാത്ത സ്ഥാനം ഉണ്ടായിരുന്നു കാന്താരി മുളകിന്. കാന്താരി മുളക് ചേര്‍ത്തരച്ച തേങ്ങ ചമ്മന്തിയുടേയും കപ്പ പുഴുങ്ങിയതിനൊപ്പം കാന്താരിമുളകും ഉള്ളിയും ചതച്ച് അതിലിത്തിരി വെളിച്ചണ്ണയും ചേര്‍ത്ത് കഴിച്ചതിന്റേയും സ്വാദ് ഇന്ന് പലര്‍ക്കുമൊരു ഓര്മ മാത്രമാണ്.
കാന്താരി മുളക് വിപണിയില്‍ നിന്നും വില കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയാണിന്നുള്ളത്. കാണാന്‍ ഇത്തിരിയേയുള്ളുവെങ്കിലും ഈ കാന്താരിയൊരു കേമിയാണ്. എരിവാണ് കാന്താരിമുളകിന്റെ സവിശേഷത. എന്നുകരുതി ഇത് കഴിക്കാന്‍ മടിക്കേണ്ടതില്ല. കാപ്സിസിന് എന്ന രാസവസ്തുവാണ് കാന്താരി മുളകിന് എരിവ് നല്‍കുന്നത്. വിറ്റാമിന്‍ എ, സി, കാല്‍സ്യം എന്നിവയുടെയും ഈ കൊച്ചുകാന്താരിയില് അടങ്ങിയിട്ടുണ്ട്. ഒട്ടേറെ ഔഷധ ഗുണങ്ങളും കാന്താരിക്കുണ്ട്.
നാടന്‍ ചികിത്സാരീതികളില്‍ കാന്താരിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ വാതരോഗ ചികിത്സവയിലും ശരീരത്തിലെ മുറിവിനും ചതവിനുമൊക്കെ കാന്താരി ഉപയോഗിച്ചിരുന്നു. കാന്താരിമുളകിന് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും ഉത്തമമാണ് കാന്താരി. ദിവസവും അഞ്ചോ ആറോ കാന്താരി കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. ദഹനക്കേടും അകറ്റുന്നു. കുറ്റിച്ചെടിയായി വളരുന്ന കാന്താരി പൂത്ത് തുടങ്ങിയാല്‍ എപ്പോഴും വിളവ് കിട്ടും. നാലുതൊട്ട് ആറുവര്‍ഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. മോരിന്റെ കൂടെ കറിവേപ്പിലയും കാന്താരിമുളകും ഇഞ്ചിയും ചേര്ക്ക സംഭാരം നല്ലൊന്നാന്തരം ദാഹശമനികൂടിയാണ്.
നാഡികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന വേദനയകറ്റാനും പണ്ടുകാലത്ത് പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. രക്തക്കുഴലുകളെ വികസിപ്പിക്കാനും ഇതിന്റെ രസത്തിന് കഴിവുണ്ട്. ആയുര്‍വേദ മരുന്നുകളിലും കാന്താരി ഉപയോഗിച്ചുവരുന്നു. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കാന്താരിമുളക് അരച്ചുതളിച്ചാല്‍ കൃഷിത്തോട്ടങ്ങളിലെ കീടങ്ങളെ അകറ്റുകയും ചെയ്യാം.
നമ്മുടെ വീട്ടുമുറ്റത്ത് യാതൊരു പരിപാലനവും കൂടാതെ തന്നെ തഴച്ചുവളര്‍ന്നിരുന്ന കാന്താരി മുളക് ഇന്ന് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. കാന്താരി മുളകിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി വീട്ടുമുറ്റത്തൊരു കാന്താരി ചെടി നട്ടുപിടിപ്പിക്കാന്‍ ഇനി അമാന്തിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: