രാജവാഴ്ചക്കാലത്ത് ഛത്തീസ്ഗഡ് ഒട്ടേറെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ പടയോട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു, ഒരു പെണ് സിംഹത്തിലൂടെ. പേര് ഋതു പന്ത്രാം. വയസ് 24. പദവി ബിലാസ്പൂര്‍ ജില്ലയിലെ സാര്‍ബഹര ഗ്രാമത്തിലെ സര്‍പഞ്ച്. മലയാളീകരിച്ചാല്‍ പഞ്ചായത്ത് അദ്ധ്യക്ഷ.
തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള സാര്‍ബഹര ഗ്രാമത്തിലെ ജനസംഖ്യ 9,000. ഏകദേശം 2000 കുടുംബങ്ങളുണ്ട് ഇവിടെ. സംസ്ഥാനത്തിന്റെ 44 ശതമാനം വനമേഖലയാണ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും വനവാസികളും നിരക്ഷരരുമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഋതു തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് പഞ്ചായത്തിലെ വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായാണ്.
ഋതുവിന്റെ സാമൂഹ്യപ്രതിബന്ധത തിരിച്ചറിഞ്ഞാണ് സാര്‍ബഹര ഗ്രാമവാസികള്‍ സര്‍പഞ്ചായി ഋതുവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇതോടെ ഭാരതത്തിലെ പ്രായം കുറഞ്ഞ വനിതാ സര്‍പഞ്ച് എന്ന ബഹുമതിയും ഋതുവിന് സ്വന്തം.
ബയോടെക്നോളജി ബിരുദാനന്തര ബിരുദധാരിയായ ഋതു എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ ട്യൂഷന് എടുത്തുകൊണ്ടാണ് സാമൂഹ്യസേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് മടിക്കുന്ന സമൂഹമായിരുന്നു ഋതുവിനു ചുറ്റും. അവരെ ബോധവത്കരിക്കുന്നതിനും യുവതലമുറയെ വിദ്യാഭ്യാസത്തിന്റെ പാതയില്‍ എത്തിക്കുന്നതിനും ഇവര്‍ വഹിച്ച പങ്ക് ചെറുതല്ല.
ഗ്രാമത്തിലെ വരും തലമുറയുടെ ജീവിതം പ്രകാശ പൂര്‍ണ്ണമാക്കുകയാണ് ഋതുവിന്റെ ലക്ഷ്യം. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഇവര്‍ സിവില്‍ സര്‍വ്വീസിനു വേണ്ടിയും ശ്രമിക്കുന്നു.
ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് പിന്നിലും ഇവരുടെ മിടുക്കുണ്ട്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സ്ത്രീ സുരക്ഷിതത്വത്തിനുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്കും സാരബഹര ഗ്രാമത്തില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. ഗ്രാമവികസനമാണ് ആത്യന്തിക ലക്ഷ്യം.
വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോവുന്നതിനുള്ള പണത്തിനായി സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഋതുവിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതായി വന്നു. ഇനിയുള്ള തലമുറയെങ്കിലും ബുദ്ധിമുട്ടില്ലാതെ ഗ്രാമത്തില്‍ തന്നെ വിദ്യാഭ്യാസം നേടുന്നതിനുള്ള സൗകര്യങ്ങള്‍ നേടാന്‍ വേണ്ടി പരിശ്രമിക്കുമെന്ന് ഋതു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: